|    Mar 21 Wed, 2018 4:42 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കൊല്ലരുതനിയാ… കൊല്ലരുത്

Published : 28th November 2016 | Posted By: SMR

slug-vettum-thiruthumമാവോവാദി ആശയസംഹിതകളോട് ഇക്കാലം യോജിപ്പുള്ള ഒരാളല്ല ഇതെഴുതുന്നത്. പക്ഷേ, നിലമ്പൂരിലെ കരുളായി വനാന്തര്‍ഭാഗങ്ങളില്‍ ഒരു സ്ത്രീയെയും പുരുഷനെയും വെടിവച്ചു കൊന്ന് ആഹ്ലാദിക്കുന്ന പ്രത്യേക സേനയുടെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ പോലിസ് മേധാവികളുടെയും മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടും ‘വട്ട്’ എന്നതിനപ്പുറം രേഖപ്പെടുത്താന്‍ മനസ്സ് അനുവദിക്കുന്നില്ല.
മുസ്‌ലിംലീഗ് നേതാവ് സി എച്ച് മുഹമ്മദ്‌കോയ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് വയനാടന്‍ വനാന്തര്‍ഭാഗങ്ങളില്‍ വര്‍ഗീസ് എന്നൊരു നക്‌സല്‍ ആശയപ്രവര്‍ത്തകനെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചും തിളച്ച വെള്ളം കോരിയൊഴിച്ചും ബന്ധനസ്ഥനാക്കി കേരള പോലിസ് അതിദാരുണമാംവിധം കൊലപ്പെടുത്തിയത്.
പ്രസ്തുത വര്‍ഗീസ് ആദിവാസികള്‍ക്കു പെരുമനായിരുന്നു. അദ്ദേഹവും ആദിവാസികളെ ചൂഷണം ചെയ്തും പീഡിപ്പിച്ചും മദിച്ചുവാണിരുന്ന സവര്‍ണ മേധാവിത്തങ്ങള്‍ക്കും പോലിസ് ക്രൂരതകള്‍ക്കുമെതിരേ ആയുധമെടുത്തു വേണമെങ്കില്‍ അങ്ങനെ പോരാടണമെന്ന് ആഹ്വാനം ചെയ്ത യഥാര്‍ഥ മനുഷ്യനായിരുന്നു. വര്‍ഗീസിന്റെ ദാരുണ കൊലപാതകം സത്യത്തില്‍ ഒരായിരം പൂക്കള്‍ ആ ചോരയില്‍ നിന്നും വിരിയിച്ചുവെന്നത് സത്യമായ കാര്യമാണ്. ഇന്നത്തെ സി കെ ജാനുവും ഗീതാനന്ദനുമൊക്കെ ആ ചോരയില്‍ മുളച്ചവരാണ്.
വര്‍ഗീസ് ആഹ്വാനം ചെയ്ത ആദര്‍ശങ്ങള്‍ ഇന്നു വേരറ്റുപോയിട്ടില്ല. ആയതിലെ നീതിയും ശരികേടും വിശദീകരിക്കാനിതു കാലവുമല്ല. പക്ഷേ, മാവോവാദികളുടെ ഇന്നത്തെ ലൈന്‍ ഇഴകീറി വിശദീകരിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല. സാങ്കേതികവിദ്യ ഇത്രത്തോളം വികസിക്കുകയും മനുഷ്യന്‍ അധികം വൈകാതെ ചൊവ്വാ ഗ്രഹത്തില്‍ താമസമുറപ്പിക്കുകയും ചെയ്യുമെന്ന ഘട്ടത്തിലാണ് ലോകാവസ്ഥ. ഈ പരിഷ്‌കൃതാവസ്ഥകളില്‍ കൊടുംകാട്ടിനുള്ളില്‍ പത്തു മൊബൈല്‍ ഫോണും അടുക്കളസാമഗ്രികളും ഒരു കൈത്തോക്കുമായി മാസങ്ങളോളം ക്യാംപ് ചെയ്ത് പീഡിതരെ പാഠങ്ങള്‍ പഠിപ്പിക്കാമെന്നും ചൂഷണങ്ങള്‍ക്കെതിരേ പുതിയൊരു സാമൂഹികക്രമം സൃഷ്ടിക്കാമെന്നുമുള്ളത് തനി വ്യാമോഹമെന്നേ കരുതാനാവൂ. ഇന്നിനി അവശേഷിക്കുന്നത് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്. ആ മേഖലയിലും മാഫിയകള്‍ ചെറുത്തുനില്‍പ്പുകാരെ പരാജയപ്പെടുത്തുമാറ് സക്രിയരുമാണ്.
പക്ഷേ, നിരായുധരായ ഒരു സംഘത്തെ കടന്നാക്രമിച്ച് വെടിവച്ചുകൊല്ലുന്നത് ശുദ്ധഭാഷയില്‍ പറഞ്ഞാല്‍ മൂഢത്തരമാണ്. ഹൈദരാബാദില്‍ സിമി പ്രവര്‍ത്തകരോടും പോലിസ് അനുഷ്ഠിച്ചത് ഇത്തരമൊരു അന്യായരീതിയാണ്. പിണറായി വിജയന്റെ പോലിസ് ഈ മട്ടിലൊരു അന്യായം പ്രവര്‍ത്തിച്ചതിന്റെ പൊരുളാണ് മനസ്സിലാവാത്തത്. കെ വേണു അടക്കം എത്രയോ ചിന്താശേഷിയുള്ളവര്‍ നിലമ്പൂരിലെ ഈ അതിക്രമത്തെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നറിയാന്‍ ന്യായം നിരീക്ഷിക്കുന്ന ജനത്തിനു താല്‍പര്യമുള്ളൊരു വിഷയമാണ്. ഭരണകൂടത്തെ ആക്രമിക്കാനോ സായുധസേനയെ നിര്‍വീര്യമാക്കാനോ ഒന്നും നിലമ്പൂര്‍ വനാന്തര്‍ഭാഗത്തു തമ്പടിച്ചവര്‍ക്ക് സാധിക്കില്ല. അതിനുള്ള ശേഷിയോ ഊര്‍ജമോ അവര്‍ക്കില്ല.
മാവോവാദികളും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവിടവിടെ സക്രിയരായ നക്‌സലൈറ്റ് സമൂഹങ്ങളും ലക്ഷ്യമിടുന്നത് ചൂഷണമുക്തമായൊരു നവീന സമൂഹമാണ്. ക്വാറി മാഫിയകളും വനമോഷ്ടാക്കളും കരിങ്കള്ളന്‍മാരായ ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നും കാട്ടാളയുഗത്തിനു സമാനമായാണ് നിരക്ഷരരായ ആദിവാസി സമൂഹത്തെയും ഗ്രാമീണരെയും തല്ലിയും കൊന്നും വാഴുന്നത്. വീരപ്പനു സമാനമായ കാട്ടുകള്ളന്‍മാര്‍ നമ്മുടെ വനമേഖലകളിലുണ്ട്. പാറ പൊട്ടിച്ച് പ്രകൃതി ചൂഷണം ചെയ്യുന്ന നീചര്‍ നിയമസഭയുടെ ഉള്ളില്‍ വരെയുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ചിന്താശേഷിയുള്ളവര്‍ ഒളിഞ്ഞും കാട്ടില്‍ കഴിഞ്ഞും ചിന്താവിപ്ലവങ്ങള്‍ക്കു മരുന്നും മന്ത്രവും നല്‍കും. അവരെയൊക്കെ വെടിവച്ചുകൊല്ലലാണ് പരിഹാരമെന്നു കമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നെങ്കില്‍ സ്വന്തം തറയിലെ ‘ചൂട്’ അവരറിയുന്നില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്.
ഒരു ചത്വരത്തിലൊരു അനീതിയുണ്ടായാല്‍ അവിടൊരു കലാപമുണ്ടാവണമെന്നും കലാപമുണ്ടായില്ലെങ്കില്‍ ആ ചത്വരം കത്തിനശിക്കണമെന്നും ജര്‍മനിയില്‍ ബര്‍തോള്‍ട് ബ്രഹ്ത് ആഹ്വാനം ചെയ്തത് കരുളായിയില്‍ യാഥാര്‍ഥ്യമാവണമെന്നു തന്നെയാണ് നീതിബോധമുള്ളവരുടെ നിലപാട്; കമ്മ്യൂണിസ്റ്റുകളായ ഇന്നത്തെ ഭരണക്കാര്‍ക്ക് അത് ഇഷ്ടമാവില്ല എങ്കില്‍ക്കൂടിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss