|    Mar 24 Fri, 2017 1:30 am
FLASH NEWS

കൊല്ലപ്പെട്ട ശോഭയുടെ മക്കളെ ഇരിട്ടിയിലെത്തിച്ചു

Published : 20th March 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആര്യന്‍ (6), അമൃത (4) എന്നിവരെ കേരള പോലിസ് മുംബൈയില്‍നിന്ന് ഏറ്റുവാങ്ങി ഇരിട്ടിയിലെത്തിച്ചു. കുട്ടികളെ ഇന്ന് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.  മുംബൈയിലെ ബാലസദനത്തില്‍ കണ്ടെത്തിയ കുട്ടികളെയാണ് ഇരിട്ടി എസ്‌ഐ ട്രെയിനി എസ് അന്‍ഷാദും, കുട്ടികളുടെ കൊല്ലപ്പെട്ട പിതാവ് രാജുവിന്റെ സഹോദരി കാവ്യ അടക്കമുള്ള ബന്ധുക്കളും ചേര്‍ന്ന് മുംബൈ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏറ്റുവാങ്ങി ഇരിട്ടിയില്‍ എത്തിച്ചത്.
കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി പഴയ പാലത്തിന് സമീപത്തെ പൊട്ടക്കിണറ്റിലാണ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ സാധ്യതയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെങ്കിലും കഴുത്തുഞെരിച്ച് കിണറ്റിലിട്ട കൊലയാണിതെന്ന് എസ്‌ഐ അന്‍ഷാദ് കണ്ടെത്തിയിരുന്നു. ശോഭയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് തുംകൂര്‍ സ്വദേശി മഞ്ജുനാഥ് (45)ആണ് ഘാതകന്‍.
കോടതിയുടെ അനുമതിയോടെ ജയിലില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ ശോഭയുടെ ആദ്യഭര്‍ത്താവ് രാജുവിനെയും പ്രതിയും കൊല്ലപ്പെട്ട ശോഭയും ചേര്‍ന്ന്  കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുണ്ടായി. കൊലപാതകം നടന്ന ജനുവരി 15ന് രാവിലെ മഞ്ജുനാഥ് ശോഭയുടെ ആറ് വയസ്സുള്ള മകന്‍ ആര്യനെയും, നാല് വയസ്സുള്ള മകള്‍ അമൃതയെയും കൂട്ടി  ഇരിട്ടി ബസ്സ്റ്റാന്റിലേക്ക് പോവുന്ന സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് മുബൈയില്‍നിന്ന് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികള്‍ ശോഭയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരിക്കുമെന്ന നിഗമനത്തിലാണ് പോലിസ്. അതിനാല്‍ കുട്ടികളില്‍നിന്നു പോലിസ് മൊഴി ശേഖരിക്കും. മുംബൈയില്‍ നിന്നെത്തിയ ക്ഷീണിതരായ  കുട്ടികള്‍ വിശ്രമത്തിലാണ്. ശോഭ കൊലക്കേസില്‍ കുട്ടികളും സാക്ഷികളാവാനാണ് സാധ്യത. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളില്‍നിന്നു മൊഴിയെടുക്കുക.
കുട്ടികളെ ദത്തെടുക്കാന്‍ മക്കളില്ലാത്ത 35ഓളം ദമ്പതികള്‍ പോലിസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ കുട്ടികളെ സംരക്ഷിക്കാമെന്നു ഏറ്റിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവരില്‍നിന്നും കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തികളില്‍നിന്നും സഹായങ്ങ ള്‍ വാങ്ങിക്കൊടുത്ത ശേഷമായിരിക്കും കുട്ടികളെ പോലിസ് ബന്ധുക്കളെ ഏല്‍പ്പിക്കുക.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക