|    Mar 26 Sun, 2017 10:44 pm
FLASH NEWS

കൊല്ലപ്പെട്ട യുഎസ് മുസ്‌ലിം സൈനികന്റെ പിതാവിന്റെ പരാമര്‍ശം; മോശമായ പ്രതികരണവുമായി ട്രംപ്

Published : 1st August 2016 | Posted By: SMR

trumb

വാഷിങ്ടണ്‍: ഇറാഖ് അധിനിവേശകാലത്ത് കൊല്ലപ്പെട്ട മുസ്‌ലിമായ യുഎസ് സൈനികന്റെ പിതാവ് ഖിസിര്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിന് പ്രതികരണവുമായി ട്രംപ്. ഇറാഖില്‍ ബോംബുധാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുമയൂണ്‍ ഖാന്റെ(28) പിതാവാണ് ഖിസിര്‍ ഖാന്‍.
അദ്ദേഹം ട്രംപിനെതിരേ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ യുഎസിനു വേണ്ടി പോരടിച്ചു മരിച്ച സൈനികരുടെ കല്ലറ സന്ദര്‍ശിക്കുക. അവിടെ എല്ലാ വിശ്വാസത്തില്‍പ്പെട്ടവരെയും ലിംഗത്തില്‍പ്പെട്ടവരെയും വംശത്തില്‍പ്പെട്ടവരെയും നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ യുഎസിനു വേണ്ടി യാതൊന്നും ത്യജിച്ചിട്ടില്ല’. റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യുഎസ് മുസ്‌ലിംകളെ മലിനപ്പെടുത്തുന്നതായും വ്യാഴാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയസമിതിയില്‍ അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായി താന്‍ ത്യാഗം ചെയ്യുന്നുണ്ടെന്നും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നുമായിരുന്നു എബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. താന്‍ കഠിനമായി അധ്വാനിക്കുന്നു. പതിനായിരക്കണക്കിന് ജോലിസാധ്യതകള്‍ ഉണ്ടാക്കി. നിരവധി വിജയം നേടി. ഞാന്‍ ഒരു പാട് നേടി- 70കാരനായ ട്രംപ് പറഞ്ഞു. ഖിസിര്‍ ഖാന്‍ നടത്തിയ പ്രസംഗം ഡെമോക്രാറ്റിക് പാര്‍ട്ടി തയ്യാറാക്കി നല്‍കിയതാണെന്നും ട്രംപ് ആരോപിച്ചു.
ഖിസിര്‍ ഖാന്റെ ഭാര്യയെക്കുറിച്ചും ട്രംപ് വിവാദ പരാമര്‍ശം നടത്തി. ‘നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടോ? ഒന്നും മിണ്ടാതെ ഒരു ഭാഗത്തുനില്‍ക്കുകയായിരുന്നു. അവര്‍ക്ക് ഒന്നും മിണ്ടാന്‍ അനുമതിയില്ലായിരിക്കാം’ ഇങ്ങനെയായിരുന്നു പരാമര്‍ശം. ഭാര്യ ഗസാലയ്‌ക്കൊപ്പമായിരുന്നു ഖിസിര്‍ ഖാന്‍ പ്രസംഗത്തിനെത്തിയത്. പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 5800ലധികം മുസ്‌ലിംകളാണ് യുഎസ് സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, മകന്റെ വിയോഗത്തിലുള്ള വേദനയാണ് അപ്പോള്‍ താന്‍ മൗനത്തിലാവാന്‍ കാരണമെന്ന് ഗസാല ഖാന്‍ പ്രതികരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക