|    Apr 21 Sat, 2018 11:36 am
FLASH NEWS

കൊല്ലപ്പെട്ട നാടോടി ദമ്പതികളുടെ മക്കളെ പട്ടുവത്തേക്കു മാറ്റി

Published : 21st March 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടിയിലും കര്‍ണാടകത്തിലെ തുംങ്കൂറിലുമായി കൊലചെയ്യപ്പെട്ട നാടോടി ദമ്പതികളുടെ മക്കളായ ആര്യന്‍ (6), അമൃത(4) എന്നിവരെ ഇരിട്ടി പോലിസ് മുംബൈയില്‍ നിന്ന് ഏറ്റുവാങ്ങി ഇരിട്ടിയിലെത്തിച്ച ശേഷം കണ്ണൂര്‍ ശിശുക്ഷേമ സമിതിക്കുമുന്നില്‍ ഹാജരാക്കി പട്ടുവം ചില്‍ഡ്രന്‍സ് ഹോമിനു കൈമാറി. ഇരിട്ടിയില്‍ കൊല്ലപ്പെട്ട ശോഭയുടെയും തുംങ്കൂറില്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് രാജുവിന്റെയും മക്കളായ ഇരുവരെയും മുംബൈയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് ഇരിട്ടി എസ്‌ഐ ട്രെയിനി എസ് അന്‍ഷാദും രാജുവിന്റെ സഹോദരി കാവ്യയും ഭര്‍ത്താവ് എം എച്ച് മഞ്ജുനാഥും ചേ ര്‍ന്ന് ഏറ്റുവാങ്ങിയത്.
പിതാവായ രാജുവിന്റെ മരണാന്തര ചടങ്ങുകള്‍ക്കായി കുട്ടികളെ തുങ്കൂറിലേക്ക് കൊണ്ടുപോവും. അതിന് ശേഷം കുട്ടികളുടെ ഭാവി സംബന്ധിച്ച് കുടുംബക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പോലിസ് പറഞ്ഞു. രാജുവിന്റെ സഹോദരി കാവ്യയും ഭര്‍ത്താവ് എം എച്ച് മഞ്ജുനാഥും മലപ്പുറം പാണ്ടിക്കാടാണ് താമസം. ഇന്നലെ കുട്ടികളെ ഇവര്‍ക്കു വിട്ടുനല്‍കുമെന്നാണ് കരുതിയിരുന്നെങ്കിലും ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് പട്ടുവത്തേക്കു മാറ്റിയത്.
ഇക്കഴിഞ്ഞ ജനുവരി 18ന് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടക്കിണറ്റിലാണ് കുട്ടികളുടെ മാതാവ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവ് തുംങ്കൂര്‍ സ്വദേശി മജ്ഞുനാഥാ(45)ണ് ശോഭയെ കൊലപ്പെടുത്തിയത്. മഞ്ജുനാഥിനെ കോടതിയുടെ അനുമതിയോടെ ജയിലില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെയും മഞ്ജുനാഥും ശോഭയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നു കണ്ടെത്തിയിരുന്നു. ശോഭയെ കൊലപ്പെടുത്തിയ ശേഷം മഞ്ജുനാഥ് ശോഭയുടെ മകന്‍ ആര്യനെയും മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്റിലേക്കു പോവുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് മുംബൈയില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുമൊത്ത് ബംഗളൂരുവിലെത്തിയ മഞ്ജുനാഥ് കുര്‍ളയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ കയറി. കുട്ടികളെ ഓര്‍ഡിനറി കംപാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമിന് സമീപമിരുത്തി ബിസ്‌ക്കറ്റ് വാങ്ങാനെന്നു പറഞ്ഞ് മഞ്ജുനാഥ് പുറത്തേങ്ങിറങ്ങി.
24 മണിക്കൂര്‍ ട്രെയിനില്‍ കഴിഞ്ഞപ്പോഴും കുഞ്ഞനുജത്തിയെ കൈവിടാതെ ആര്യന്‍ കാത്തുസൂക്ഷിച്ചു. ട്രെയിന്‍ കുര്‍ളയില്‍ എത്തിയപ്പോള്‍ കംപാര്‍ട്ട് മെന്റില്‍ സഹോദരങ്ങള്‍ ഒറ്റക്കായി. ഇതേ സ്റ്റേഷനില്‍ ഇറങ്ങിയ സ്ത്രീ രണ്ട് കുട്ടികള്‍ ട്രെയിനിലുണ്ടെന്ന കാര്യം റെയില്‍വേ പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് മുംബൈയിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. മറ്റൊരു കേസന്വേഷണത്തിന് മുംബൈയിലെത്തിയ കാലടി പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ പി പി ബിനുവാണ് കുട്ടികള്‍ മുംബൈയിലുണ്ടെന്ന വിവരം ഇരിട്ടി പോലിസിനെ അറിയിച്ചത്. കുട്ടികളുടെ സംസാരത്തില്‍ മലയാളച്ചുവ കണ്ട ശിശുക്ഷേമ സമിതിയില്‍ ഡ്യൂട്ടിയിലായിരുന്ന സുനിതാ താക്കറെ എന്ന വനിതാ പോലിസാണ് കുട്ടികളെ കുറിച്ചുള്ള വിവരം ബിനുവിനെ അറിയിച്ചത്.
കുട്ടികളെ കണ്ടെത്താനായത് കേരളാ പോലിസിന്റെ ചരിത്രത്തിലെ നിര്‍ണായ സംഭവമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. അന്വേഷണ ചുമതല ഏറ്റെടുത്ത ഇരിട്ടി സിഐയുടെ ചുമതല വഹിക്കുന്ന പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാറിന്റെയും പോലിസ് എസ്‌ഐ ട്രെയിനി എസ് അന്‍ഷാദിന്റെയും ഇരിട്ടി എസ്‌ഐ സുധീര്‍കല്ലന്റെയും ആത്മാര്‍ത്ഥ പ്രവര്‍ത്തനമാണ് കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss