|    Nov 21 Wed, 2018 9:18 pm
FLASH NEWS
Home   >  National   >  

കൊല്ലപ്പെട്ടത് നാട്ടിലാദ്യമായി ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കിയ കൗമാരക്കാരന്‍: ഈദ് ആഘോഷിക്കാതെ ബല്ലഭ്ഗഡുകാര്‍

Published : 28th June 2017 | Posted By: shins

ന്യൂഡല്‍ഹി: ജുനൈദ് കൊല്ലപ്പെട്ട ദുഃഖം നാടിന്റെ ദുഃഖമായി ഏറ്റുവാങ്ങിയ ബല്ലഭ്ഗഡ് നിവാസികള്‍ ഇത്തവണ പെരുന്നാള്‍ ആഘോഷിച്ചില്ല. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടത്തെ നിരത്തുകളില്‍ പതിവുപോലെ പെരുന്നാളിന് കാണാറുള്ള പലനിറത്തിലുള്ള ബലൂണുകളും കൗമാരക്കാരുടെ ആരവങ്ങളും സംഗീതപരിപാടികളും ഇത്തവണയുണ്ടായില്ല.
നാട്ടില്‍ ആദ്യമായി ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കിയ ജുനൈദിനെ ആദരിക്കാനുള്ള ഒരുക്കത്തിനിടെയാണ് ബല്ലഭ്ഗഡ് നിവാസികള്‍ അവന്റെ മരണവാര്‍ത്ത കേട്ടത്. ഇതോടെ ഈ പെരുന്നാള്‍ ആഘോഷിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് പെരുന്നാള്‍വസ്ത്രങ്ങളുമെടുത്ത് നാട്ടിലേക്ക് മടങ്ങവെയാണ് ജുനൈദ് ഹിന്ദുത്വരുടെ വംശീയ കൊലയ്ക്ക് ഇരയായത്. മക്കള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ തങ്ങള്‍ വാങ്ങിയിരുന്നെങ്കിലും മക്കള്‍ അതു ധരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്ന് ബല്ലഭ്ഗഡിലെ ഹനീഫ് ഖാന്‍ (36) പറഞ്ഞു. ദുഃഖാചരണത്തിന്റെ ഭാഗമായി നാട്ടുകാര്‍ കറുത്ത റിബണ്‍ ധരിച്ചാണ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്. ബല്ലഭ്ഗഡിനു പുറമേ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യയിലെ മിക്ക നഗരങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയവരും കൈകളില്‍ കറുത്ത റിബണ്‍ ധരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഗോരക്ഷാ അക്രമികള്‍ മര്‍ദിച്ചുകൊന്ന ഹരിയാനയിലെ തന്നെ മെവാത്തിലെ പെഹ്‌ലുഖാന്റെ നാടും ജുനൈദിന്റെ മരണത്തില്‍ ദുഃഖിച്ച് ആഘോഷങ്ങളില്‍ നിന്നു വിട്ടുനിന്നു. പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദലി ഉള്‍പ്പെടെ മെവാത്ത് സ്വദേശികള്‍ കൈയില്‍ കറുത്ത റിബണ്‍ കെട്ടിയാണ് പ്രാര്‍ഥനയ്‌ക്കെത്തിയത്. പ്രദേശത്തെ ഈ മൂകത പെരുന്നാള്‍ വിപണിയെയും ബാധിച്ചു. എല്ലാ വര്‍ഷവും ഒരു കിന്റല്‍ പലഹാരം വില്‍ക്കാറുള്ള താന്‍ ഇത്തവണ 20 കിലോ മാത്രമേ വില്‍പന നടത്തിയുള്ളൂവെന്ന് ബല്ലഭ്ഗഡിലെ വ്യാപാരി ഹനീഫ പറഞ്ഞു. ജുനൈദിന്റെ മരണത്തിലുള്ള ദുഃഖത്തോടൊപ്പം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ഭീതിയും അവരെ കീഴടക്കിയിട്ടുണ്ട്. ജുനൈദിന്റെ മരണവാര്‍ത്ത കേട്ടതു മുതല്‍ വീട്ടില്‍ തന്റെ മക്കളോട് സൂര്യാസ്തമയത്തിനുശേഷം പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചതായി 39കാരനായ മുബാറക് ഹുസയ്ന്‍ പറഞ്ഞു. ഡ്രൈവറായ മുബാറക്, ജുനൈദിന്റെ അയല്‍വാസിയാണ്. പഠനത്തിനായി അടുത്തയാഴ്ച സൂറത്തിലേക്കു പോവാനിരിക്കുന്ന ജുനൈദിന്റെ മറ്റു സഹോദരങ്ങളായ ഇസ്മാഈല്‍, ഫൈസല്‍, ഹാഷിം എന്നിവര്‍ക്കു വേണ്ടി നേരത്തേ എടുത്തുവച്ചിരുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ പിതാവ് ജമീലുദ്ദീന്‍ റദ്ദാക്കി.
ആക്രമണം നടക്കുമ്പോ ള്‍ തീവണ്ടിയില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന നാട്ടുകാരനായ സുഹൃത്ത് മുഹ്‌സിന്‍ ഇതുവരെ ജുനൈദിന്റെ ഉമ്മയെ കണ്ടിരുന്നില്ല. ഉമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുഹ്‌സിന് ശേഷിയുണ്ടായിരുന്നില്ല. എന്നാല്‍, പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് ജുനൈദിന്റെ വീട്ടിലെത്തിയ മുഹ്‌സിനെ കണ്ടയുടന്‍ ‘ജുനൈദ്’ എന്നു നിലവിളിച്ച് ഉമ്മ സൈറ അണച്ചുപിടിച്ചു. മുഹ്‌സിന്‍ പിന്നീട് ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന ഷാക്കിറിന്റെ അടുത്തേക്കു പോയി.
അതേസമയം, ജുനൈദിന്റെ കൊലപാതകത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും അപലപിച്ചു. സംഭവത്തെ അപലപിക്കുന്നതായും ഒരിക്കലും നടക്കാന്‍പാടില്ലാത്തതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും ചില പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുനൈദിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. റെഡ്‌ക്രോസും വഖ്ഫ് ബോര്‍ഡും അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss