|    Nov 19 Sun, 2017 12:35 pm
FLASH NEWS
Home   >  Kerala   >  

കൊല്ലത്ത് ദലിത് യുവാക്കള്‍ക്കുനേരേ പോലിസിന്റെ മൂന്നാംമുറ

Published : 23rd October 2016 | Posted By: mi.ptk

kollam-police-atrocity

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത രണ്ടു ദലിത് യുവാക്കളെ പോലിസ് മൂന്നാംമുറയ്ക്കു വിധേയമാക്കിയെന്നു പരാതി.കൊല്ലം തൃക്കരുവ അംബി താഴതില്‍ രാജീവ്, മങ്ങാട് വയലില്‍ പുത്തന്‍വീട്ടില്‍ ഷിബു എന്നിവരെയാണു  സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു കടുത്ത മര്‍ദനമുറ അഴിച്ചുവിട്ടത്. കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് സ്റ്റേഷനുകളിലാണു സംഭവം. ഇരു സ്റ്റേഷനുകളിലും വച്ച് വിരലുകള്‍ക്കിടയില്‍ മുളംകമ്പ് കുത്തിക്കയറ്റുകയും ജനനേന്ദ്രിയത്തില്‍ ക്ലിപ്പ് ഇട്ട് ക്രൂരമര്‍ദനം അഴിച്ചുവിടുകയുമായിരുന്നുവെന്നു രാജീവ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടുദിവസം പട്ടിണിക്കിട്ടു. കുടിവെള്ളംപോലും നല്‍കാന്‍ തയ്യാറായില്ല. ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ട്. കൈകള്‍ നീരുവന്നു വീര്‍ത്തിട്ടുണ്ട്. ഇരു സ്റ്റേഷനുകളിലും പോലിസുകാര്‍ കസ്റ്റഡിയില്‍ വച്ച് അഞ്ചു ദിവസം നിരന്തരം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ചെറുത്തതിനാല്‍ കടുത്ത മാനസികപീഡനത്തിനും വിധേയമാക്കി. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളും അഭിഭാഷകനും ഇടപെട്ടതിനെത്തുടര്‍ന്നാണു സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്നു പെറ്റി കേസുപോലും എടുക്കാതെ പോലിസ് ഇവരെ വിട്ടയക്കുകയായിരുന്നു.  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ കമ്മീഷണര്‍, ഡിജിപി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു പരാതിനല്‍കി. എന്നാല്‍ വൈകീട്ടോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് ഇവരെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്തു. പോലിസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു. പ്രത്യേകിച്ചു കാരണങ്ങളൊന്നും പറയാതെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ക്രൂര മര്‍ദനത്തിനിരയായ ദലിത് യുവാക്കളെ പൊടുന്നനെ ഡിസ്ചാര്‍ജ് ചെയ്തതില്‍ തൃപ്തികരമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നു ജനങ്ങള്‍ സംഘടിച്ചപ്പോള്‍ തുടര്‍ന്ന് ആര്‍എംഒ ഇവരെ ആശുപത്രിയില്‍ വീണ്ടും അഡ്മിറ്റ്‌ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഡോ. സതീഷ് ബിനോ  എസിപി ജോര്‍ജ് കോശിയെ ചുമതലപ്പെടുത്തി. എന്നാല്‍ ലക്ഷത്തില്‍പ്പരം രൂപ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെക്കൂടി കിട്ടാനുണ്ടെന്നും പോലിസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക