|    Oct 19 Fri, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന്‍- കടപ്പുഴ പാലം റോഡ് നവീകരണത്തിലെ അഴിമതി അന്വേഷണത്തിന് നിര്‍ദേശം

Published : 25th August 2016 | Posted By: SMR

പി എം അഹ്മദ്

കോട്ടയം: കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന്‍-കടപ്പുഴ പാലം റോഡ് നവീകരണത്തില്‍ അഞ്ചുകോടിയുടെ അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. അഴിമതി സംബന്ധിച്ച് സത്വര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മരാമത്ത് എന്‍ജിനീയര്‍ പി സോളമന്‍ മന്ത്രി ജി സുധാകരന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.
ദേശീയപാത ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ട പദ്ധതി കരാര്‍പ്രകാരമുള്ള ഗുണനിലവാരത്തിലല്ല നിര്‍മാണം നടത്തിയിട്ടുള്ളതെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ  ഐആര്‍ക്യുപി (ഇംപ്രൂവ്‌മെന്റ് ഓഫ് റൈഡിങ് ക്വാളിറ്റി പ്രോഗ്രാം) പ്രകാരമുള്ള പദ്ധതിയാണ് നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഗുണനിലവാരമില്ലാതെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 23.5 കിലോമീറ്റര്‍ നിര്‍മാണത്തിന് 19.22 കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വമേഖലകളിലും അഴിമതി നടന്നെന്നാണ് ആരോപണം.
ഷെഡ്യൂള്‍ പ്രകാരം 21 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക വകയിരുത്തിയത്. എന്നാ ല്‍, ഏഴിനം മാത്രം പൂര്‍ത്തിയാക്കുകയും ബാക്കി 14 ഇനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. കരാര്‍വ്യവസ്ഥയ്ക്കു വിരുദ്ധമായി എന്‍ജിനീയര്‍മാര്‍ എസ്റ്റിമേറ്റ് പുതുക്കി വസ്തുക്കളുടെ അളവുകള്‍ ക്രമീകരിച്ചതു വഴി അഞ്ചുകോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആക്ഷേപം. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച മരാമത്ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോസമ്മ(റിട്ട.)യ്ക്ക് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും സോളമന്‍ മന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സാങ്കേതികവിദഗ്ധരുടെ മേല്‍നോട്ടത്തിലും യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലും എസ്ബിഡി മാര്‍ഗനിര്‍ദേശങ്ങളും നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറുകളും കരാറുകാരന്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഏറ്റവും ചെലവേറിയ ബിറ്റുമിന്‍ ജോലിയിലാണ് നിര്‍മാണത്തിലെ ഏറ്റവുമധികം അഴിമതി നടന്നത്. ബിറ്റുമിന്‍ ജോലികള്‍ എംഒആര്‍ടിഎച്ച് (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേസ്) സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല.
കരിങ്കല്‍ ചീളുകള്‍ പാകിയതിലുള്‍പ്പെടെ അടിസ്ഥാന ജോലിയില്‍ പോലും അഴിമതി നടന്നതായി പരാതിയില്‍ പറയുന്നു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും മരാമത്ത് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. ലെയിങ് ജോലികള്‍ നടത്തിയത് രാത്രിയിലായതിനാല്‍ ഗുണനിലവാരം ഉറപ്പാക്കാനോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍നോട്ടം വഹിക്കാനോ സാധിച്ചിട്ടില്ല. വ്യവസ്ഥപ്രകാരമുള്ള ഊഷ്മാവിലല്ല കോണ്‍ക്രീറ്റ് മിക്‌സ് റോഡി ല്‍ നിരത്തിയത്. റോഡിന്റെ ആഴം, ഗ്രഡേഷന്‍, ബിറ്റുമിന്‍ എന്നിവയുടെ സാംപിള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ ആഴം മനസ്സിലാക്കാമെന്നും ഈ ജോലികളില്‍ മാത്രം മൂന്നുകോടിയിലധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടുന്നു.
ഐആര്‍ക്യൂപി സ്‌കീം പ്രകാരം 23.5 കിലോമീറ്റര്‍ ദേശീയപാത ലോകനിലവാരത്തില്‍ നി ര്‍മിക്കാന്‍  ചെലവായ 14,35,73, 989.50 രൂപ എന്നത് അക്ഷരത്തി ല്‍ തെറ്റായി രേഖപ്പെടുത്തിയ തില്‍ കരാറുകാരനും സൂപ്രണ്ടിങ് എന്‍ജിനീയറും ഒപ്പുവച്ചിട്ടുണ്ട്. 2015 സപ്തംബര്‍ 25ന് സര്‍ക്കാര്‍ കരാറുകാരനായ വി കെ ജനാര്‍ദനനാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയനുസരിച്ച് 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം ആരംഭിച്ചതു തന്നെ ഏപ്രിലിലാണ്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss