|    Oct 21 Sat, 2017 7:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊല്ലം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന്

Published : 1st September 2016 | Posted By: SMR

കൊല്ലം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരം കൊല്ലമാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി).
കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് കൊല്ലം നഗരത്തിലാണെന്നാണ് എന്‍സിആര്‍ബിയുടെ കണക്ക്. പതിനൊന്ന് ലക്ഷം ജനസംഖ്യയുള്ള കൊല്ലത്ത് 13,257 കേസുകളാണ് 2015ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം ലക്ഷം പേര്‍ക്ക് 1194.3 കേസ് എന്നതാണ് കൊല്ലം നഗരത്തിന്റെ നില.
രണ്ടാംസ്ഥാനത്തുള്ള ന്യൂഡല്‍ഹിയില്‍ 1066.2 ആണ് കുറ്റകൃത്യനിരക്ക്. വന്‍നഗരങ്ങളായ മുംബൈയില്‍ 233.2ഉം കൊല്‍ക്കത്തയില്‍ 170ഉം ആണ് നിരക്ക്. കഴിഞ്ഞവര്‍ഷം 13,257 കുറ്റകൃത്യങ്ങളാണ് കൊല്ലം സിറ്റി പോലിസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതാവട്ടെ, ഇന്ത്യയിലെ ആകെ കേസുകളുടെ രണ്ട് ശതമാനം വരും. പത്തു ലക്ഷമോ അധിലധികമോ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. കണ്ണൂരില്‍ 137ഉം കൊച്ചിയില്‍ 650ഉം കോഴിക്കോട് 455ഉം മലപ്പുറത്ത് 245ഉം തിരുവനന്തപുരത്ത് 913ഉം തൃശൂരില്‍ 667ഉം ആണ് കുറ്റകൃത്യങ്ങളുടെ നിരക്ക്.
അതേസമയം, മറ്റു വന്‍ നഗരങ്ങളുമായി താരതമ്യം ചെയ്താല്‍ ദലിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള ഒരതിക്രമവും റിപോര്‍ട്ട് ചെയ്യപ്പെടാത്ത നഗരമാണ് കൊല്ലം. രാജ്യദ്രോഹം, മനുഷ്യക്കടത്ത്, കൊള്ള എന്നീ കേസുകളും കൊല്ലത്ത് റിപോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടില്ല. സെര്‍ച്ച് എന്‍ജിനായ യാഹു 2012ല്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷ കുറവുള്ള 20 നഗരങ്ങളില്‍ ഒന്നായി കൊല്ലത്തെ തിരഞ്ഞെടുത്തിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അടിപിടി കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗങ്ങളും കേരളത്തില്‍ പതിവാണ്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഇക്കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തി. കൂടുതല്‍ വാഹനാപകടങ്ങള്‍ റിപോര്‍ട്ട് ചെയ്ത നഗരങ്ങളുടെ പട്ടികയിലും കൊല്ലമുണ്ട്. മനുഷ്യക്കടത്ത്, കൂട്ടബലാല്‍സംഗം എന്നിവ കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍, സാക്ഷരതാ നിരക്ക് കൂടുതലുള്ള കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയ സഭവങ്ങള്‍ക്കു പോലും പരാതി നല്‍കുന്നതിനാലും അവയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാലുമാണ് കുറ്റകൃത്യങ്ങളില്‍ ആധിക്യമുണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക