|    Oct 19 Fri, 2018 2:17 pm
FLASH NEWS

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 9th September 2017 | Posted By: fsq

 

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസ് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ കൊല്ലം എസിപി ജോര്‍ജ് കോശിയാണ് ഇന്നലെ ഉച്ചയ്ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ജൂണ്‍ 15 ന് രാവിലെ 10.50 നാണ് കൊല്ലം കലക്ടറേറ്റ് കോംപൗണ്ടില്‍ മുന്‍സിഫ് കോടതിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ടൈമറോടു കൂടിയ ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ അഞ്ചു പേരെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. മധുര നെല്ലൂര്‍ ഇസ്മയില്‍പുരം നാലാം തെരുവില്‍ അബാസ് അലി (ലൈബ്രറി അബാസ്-27), വിശ്വനാഥ് നഗര്‍ റാമുകോത്തനാട് കോംപൗണ്ട് വീട്ടു നമ്പര്‍ 17ല്‍ ഷംസൂണ്‍ കരിം രാജ (22), മധുര നെല്‍പ്പട്ട കരിംഷാ മസ്ജിദിന് സമീപം ഒന്നാം തെരുവില്‍ വീട്ടു നമ്പര്‍ 23ല്‍ ദാവൂദ് സുലൈമാന്‍ കോയ (22), കില്‍മാര തെരുവ് വീട്ടു നമ്പര്‍ 13സിയില്‍ ഷംസുദ്ദീന്‍ (23) എന്നിവരാണ് ഒന്നുമുതല്‍ നാലു വരെ പ്രതികള്‍. ഇവരില്‍ രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയാണു സംഭവം നടക്കുന്നതിന് 10 ദിവസം മുമ്പ് കൊല്ലം കലക്ടറേറ്റ് വളപ്പിലെത്തി സ്ഥലത്തിന്റെ വീഡിയോ ചിത്രീകരണം നടത്തിയത്. തുടര്‍ന്ന് സ്‌ഫോടനം നടക്കുന്നതിനു തലേദിവസമെത്തി ജീപ്പിനടിയില്‍ ബോംബ് സ്ഥാപിച്ചു. ഒന്നാം പ്രതി അബാസ് അലിയാണ് ബോംബ് നിര്‍മിച്ചത്. ബോംബ് വച്ചതായി മറ്റുള്ളവര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചത് ദാവൂദ് സുലൈമാനും സാമ്പത്തിക സഹായം നല്‍കിയത് ഷംസുദ്ദീനുമാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരേ യുദ്ധം ചെയ്യല്‍, രാജ്യദ്രോഹം, സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണവും പ്രയോഗവും, ഗൂഢാലോചന, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.  86 സാക്ഷികളും, 136 തെളിവുകളും ഉള്‍പ്പെടുന്ന പോലിസ് തയാറാക്കിയ 114 പേജുള്ള കുറ്റപത്രം പ്രതികളെ അറസ്റ്റുചെയ്ത് 180 ദിവസം കൊണ്ടാണ് തയാറാക്കിയത്. കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഇന്റേണല്‍ വിഭാഗം എഡിജിപിയും ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അനുമതിക്കായി ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കയച്ചിരുന്നു. ഇവിടെ നിന്നും അനുമതി ലഭിച്ചശേഷമാണ് ഇന്നല ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൊല്ലം എസിപി ജോര്‍ജ് കോശി കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss