|    Feb 22 Wed, 2017 1:12 am
FLASH NEWS

കൊല്ലം കലക്ടറേറ്റ് ഇപ്പോഴും സുരക്ഷയ്ക്ക് പുറത്ത്

Published : 12th November 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കലക്ടറേറ്റ് സ്‌ഫോടനത്തിന്റേയും പരവൂര്‍ ദുരന്തത്തിന്റേയും പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കൊല്ലം കലക്ടറേറ്റ് കാമറ നിരീക്ഷണത്തിലാക്കാനുള്ള പദ്ധതി ഫലം കണ്ടില്ല. കലക്ടറേറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് സുരക്ഷ സംവിധാനങ്ങളില്ലാതെ. അഞ്ച് കാമറകളാണ് നിലവില്‍ കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡിങ്(ഡിവിആര്‍) സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ ഈ കാമറകള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ദൃശ്യങ്ങള്‍ തല്‍സമയം കാണാമെന്നല്ലാതെ ഇവ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയില്ല. മുമ്പ് ജൂണ്‍ 15ന് കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ അന്വേഷണത്തിന് ഏറ്റവും വലിയ തിരിച്ചടിയായതും ഈ കാമകള്‍ പ്രവര്‍ത്തിക്കാത്തതായിരുന്നു. നിരവധി കാമറകളുടെ പരിധിയില്‍പ്പെടുന്ന ഭാഗത്തായിരുന്നു സ്‌ഫോടനം. സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കാമറകളെല്ലാം പ്രവര്‍ത്തന സജ്ജമല്ലെന്ന് കണ്ടെത്തിയത്. കാമകള്‍ യഥാവിധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രതികളെ നിശ്പ്രയാസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനാകുമായിരുന്നു. സമാനമായ സംഭവം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്നു. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കലക്ടറെ സമീപിച്ചതായും വാക്കാല്‍ അനുമതി ലഭിച്ചതായും ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ജില്ലാ കലക്ടറുടെ ചേംബറിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കൂകള്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോഴും യാതൊരു തെളിവും ലഭിച്ചില്ല. ഈ രണ്ട് സംഭവങ്ങളും വിവാദമായ പശ്ചാത്തലത്തില്‍ അടിയന്തരമായ സിവില്‍ സ്റ്റേഷനില്‍ സിസിടിവി കാമറകള്‍ ഘടിപ്പിക്കുമെന്ന് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം നടന്ന് അഞ്ച് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതുവരേയും കാമറ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്ന കെല്‍ട്രോണിലെ ഉന്നത ഉദ്യോഗസ്ഥര്‍ കലക്ടറേറ്റ് സന്ദര്‍ശിക്കുകയും നിലവിലുള്ള പ്രവര്‍ത്തന ക്ഷമമല്ലാത്ത കാമറകള്‍ നന്നാക്കുന്നതിനേക്കാള്‍ ചെലവ് കുറവ് പുതിയവ സ്ഥാപിക്കുന്നതാണെന്ന് ഉപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 24 പുതിയ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസല്‍ പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ജില്ലയിലെ ഏറ്റവും തന്ത്രപ്രധാന കേന്ദ്രമാണ് കൊല്ലം സിവില്‍ സ്‌റ്റേഷന്‍. കലക്ടറേറ്റ്, ഭൂരിഭാഗം സര്‍ക്കാര്‍ വകുപ്പുകളുടേയും ഓഫിസ്, നിരവധി കോടതികള്‍ എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം സ്‌ഫോടനം നടന്നപ്പോഴും സിവില്‍ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് കൊല്ലം കലക്ടറേറ്റിലെ സിസിടിവി സ്ഥാപിക്കുന്നതിനുള്ള കാലതാമസം തെളിയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക