|    May 27 Sat, 2017 9:44 am
FLASH NEWS

കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് 10ാംക്ലാസുകാരി ഫേസ്ബുക്കില്‍

Published : 18th October 2016 | Posted By: SMR

കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും കണക്കറ്റ് വിമര്‍ശിച്ച് പത്താം ക്ലാസുകാരിയുടെ ഫേസ്ബുക്ക് വീഡിയോ വൈറലാവുന്നു. തൃശൂര്‍ കുന്നംകുളം കോട്ടപ്പടി സ്വദേശിനി സ്‌നേഹ ബഷീറാണ് കണ്ണൂരില്‍ അടുത്തിടെ നടന്ന സിപിഎം, ബിജെപി കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഫേസ്ബുക്കിലെ ബഷീറിന്റെ ലോകമെന്ന അക്കൗണ്ടില്‍ നിന്നാണ് ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന പേരില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീഡിയോ കണ്ടത് ആറര ലക്ഷത്തോളം പേര്‍. 45000ത്തിനടുത്ത് ഷെയറുകളും ലഭിച്ചു. നീ പിടഞ്ഞുമരിച്ചത് ആര്‍ക്കുവേണ്ടിയാണ്. നീ ആറടി മണ്ണില്‍ അലിഞ്ഞു ചേരുമ്പോള്‍ നിന്റെ നേതാക്കന്മാര്‍ ഒരേ വേദി പങ്കിട്ട് കെട്ടിപ്പിടിച്ച് ജനനായകന്മാരായി തുടരും.
നീ ഏത് പതാകയ്ക്കു വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രം, പാര്‍ട്ടിക്കുള്ള ഒരു രക്തസാക്ഷി എന്നതിനും ഒരു പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും അനുസ്മരണത്തിനും അപ്പുറം നിന്റെ മരണം കൊണ്ട് എന്തു കാര്യമെന്നുള്ള ചോദ്യമുയര്‍ത്തുന്ന സ്‌നേഹ ബഷീര്‍, കഠാര രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയണമെന്ന് ആഹ്വാനം ചെയ്യുന്നു. കുന്നംകുളം ഹോളിക്രോസ് വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. സമീപകാലത്തെ അക്രമരാഷ്ട്രീയ സംഭവങ്ങളില്‍ നിന്നുണ്ടായ ധാര്‍മിക രോഷമാണ് ഇത്തരമൊരു വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്‌നേഹയുടെ പിതാവ് ബഷീര്‍ പറയുന്നു. പാര്‍ട്ടി ഏതുമാവട്ടെ, കൊലപാതക രാഷ്ട്രീയം വെടിയണമെന്ന ഉദ്ദേശ്യത്തിലാണ് വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്.
നല്ല പ്രതികരണമാണു ലഭിക്കുന്നത്. 95 ശതമാനം പേരും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day