|    May 28 Sun, 2017 8:39 pm
FLASH NEWS

കൊലപാതക രാഷ്ട്രീയം: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. കണ്ണൂരില്‍നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന മുഖപ്രസംഗത്തില്‍ ഭരണനേതൃത്വത്തേയും വിമര്‍ശിക്കുന്നുണ്ട്. കണ്ണൂരിലെ അശാന്തിയുടെയും അറുകൊലയുടെയും വാര്‍ത്തകള്‍ ജനാധിപത്യവിശ്വാസികളെ അമ്പരപ്പിക്കുന്നതാണെന്ന അഭിപ്രായത്തോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. കണ്ണൂരില്‍ കൊലചെയ്യപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളും കൊടുക്കുന്നവില സ്വന്തം ജീവനാണ്. ആശയസംരക്ഷണവും പ്രചാരണവും സംബന്ധിച്ച അടിയന്തര അഴിച്ചുപണി ആവശ്യമാണ്. ഏറ്റുമുട്ടലിന്റെ പാതയില്‍ ചോരവീഴ്ത്തുന്നത് സംഘപരിവാര സംഘടനകള്‍ക്ക് പുത്തരിയല്ല. കേരളത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് രാഷ്ട്രീയ കുതന്ത്രനാടകങ്ങള്‍ക്ക് പറ്റിയ ഇരകളെയാണ്. അതില്‍ കുടുങ്ങാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവണം. വര്‍ഗീയഫാഷിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി എന്നത് ചരിത്ര ദൗത്യമല്ല. ഓരോ പ്രഹരവും അവരിലുണ്ടാവുന്ന ഭയത്തില്‍നിന്നാണുയരുന്നത്. അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നേണ്ട സമയവും ഊര്‍ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന്‍ ഭരണനേതൃത്വം ശ്രദ്ധിക്കണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യരാജ്യത്ത് ദാര്‍ഷ്ട്യം കൊണ്ടും, ഭയപ്പെടുത്തിക്കൊണ്ടും വിജയിക്കാമെന്ന് കരുതുന്നത് മൂഢതയാണ്. സ്ഥാപിതതാല്‍പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരേ ജാഗ്രതപുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം. കൊലപാതക രാഷ്ട്രീയവും രാഷ്ട്രീയ അഴിമതിയും എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയപക്വത നേതൃത്വങ്ങള്‍ക്കുണ്ടാവണം.  ജന്‍മിത്വത്തിനെതിരേ സംഘടിതചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയഫാഷിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല. ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ഒരു താദാത്മ്യത്തിന് പോലും അര്‍ഹതയില്ലാത്ത ആര്‍എസ്എസിനെ കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കുന്ന ഒരു വൈകാരികനീക്കവും നടത്തരുതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day