|    May 27 Sat, 2017 9:57 am
FLASH NEWS

കൊലപാതക രാഷ്ട്രീയം: പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ആശങ്ക രേഖപ്പെടുത്തി. ഭീകരന്‍മാരുടെ അതേ ശൈലിയാണ് സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
ഒരുഭാഗത്ത് ഭീകരപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും മറുഭാഗത്ത് ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇരുകൂട്ടരും സമാധാന ജീവിതത്തിന് വെല്ലുവിളിയാണ്. ജനനന്‍മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നേരിട്ട് മനുഷ്യരെ കൊല്ലാന്‍ മുന്നോട്ടുവരുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതിലും സമാധാനം ഉറപ്പാക്കുന്നതിലും ആഭ്യന്തരവകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടു. പോലിസ് സംവിധാനം നോക്കുകുത്തിയായി മാറിയതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകര്‍ന്നു. അക്രമങ്ങള്‍ തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കൈവശമുള്ള ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാതെ ആളെ കൊല്ലുന്ന രാഷ്ട്രീയമാണ് സിപിഎമ്മും ബിജെപിയും നടത്തിവരുന്നത്. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കി. ബോംബ് നിര്‍മാണവും ആയുധശേഖരവും നടത്തി കേരളത്തെ ചോരക്കളമാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മും ബിജെപിയും ചോരക്കളി അവസാനിപ്പിക്കണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെ നാലു മാസത്തിനിടെ കണ്ണൂരില്‍ മാത്രം ഏഴു രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടാ, ക്വട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങള്‍ തലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്. സ്വന്തം കക്ഷിനേതാവ് അക്രമത്തിന് ആഹ്വാനം നല്‍കുകയും സര്‍ക്കാര്‍ അതിനു ഒത്താശ ചെയ്യുന്ന തരത്തിലേക്കുമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കണ്ണൂരില്‍ നടക്കുന്നത് സമാധാനശ്രമമല്ല, കൊലവിളിയാണ്. ആയുധം താഴെവച്ച് സമാധാനത്തിന്റെ പാത പിന്തുടരാന്‍ ഇരുകൂട്ടരും തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day