|    Jul 17 Tue, 2018 10:28 pm
FLASH NEWS

കൊലപാതക രാഷ്ട്രീയം തുടര്‍ക്കഥ; കണ്ണൂരില്‍ സമാധാനം അകലെ

Published : 13th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാനന്തരീക്ഷത്തിന് വിള്ളല്‍ വീഴ്ത്തി സിപിഎമ്മും ബിജെപിയും കൊലപാതകരാഷ്ട്രീയം തുടരുന്നു. അക്രമരാഷ്ട്രീയത്തിന്റെ വേരറുക്കുന്നതില്‍ പോലിസും സര്‍ക്കാരും അമ്പേ പരാജയപ്പെട്ടതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങള്‍. അതും മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍. കഴിഞ്ഞ ദിവസം സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം മോഹനനെ കള്ളുഷാപ്പില്‍ ജോലിചെയ്യവെ ഒരുസംഘം പട്ടാപ്പകലില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഓരോ അരുംകൊലകള്‍ നടക്കുമ്പോഴും സമാധാന ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേതാക്കളെല്ലാം മുന്നോട്ടുവരാറുണ്ടെങ്കിലും ഇതെല്ലാം വെറും വഴിപാടായി മാറുകയാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മാസംതോറും സര്‍വകക്ഷി സമാധാനയോഗം നടക്കുന്നുണ്ടെങ്കിലും ഇതൊന്നും മതിയായ ഗുണം ചെയ്യാറില്ലെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ പോലിസ് സ്റ്റേഷനുകളിലും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന യോഗങ്ങള്‍ നടത്തുമെന്ന് ധാരണായായെങ്കിലും അതും നടപ്പായില്ല. ഓരോ കൊലപാതകങ്ങള്‍ക്കു ശേഷം ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. കെ മോഹനന്റെ കൊലപാതകത്തെ തുടര്‍ന്ന് പടുവിലിയായിലും പരിസരപ്രദേശങ്ങളിലും മാത്രം നിരവധി വീടുകളാണ് ആക്രമിക്കപ്പെട്ടത്. കടകള്‍, വായനശാലകള്‍ എന്നിവ വേറെയും. സ്ത്രീകളും ആക്രമണത്തിനിരയായി. സംഘര്‍ഷമുണ്ടായ കൂത്തുപറമ്പ് മേഖലയില്‍ ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണു രമിത്തിനുനേരെ ആക്രമണമുണ്ടായത്. കൂത്തുപറമ്പിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒ രാജഗോപാല്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ ഇന്നലെ രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രമിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതായി ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൂന്നു ദിവസത്തേക്ക് കൂത്തുപറമ്പില്‍ പോലിസ്  നിരോധനാജഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലിസ് സംഘത്തെ വിന്യസിക്കുകയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ജില്ലയിലെ സമാധാനകാംക്ഷികളെ ഞെട്ടിച്ചുകൊണ്ട് പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് വെട്ടേറ്റു മരിച്ച വാര്‍ത്തയും പുറത്തുവന്നത്. ബിഎംഎസ് നേതാവായിരുന്ന രമിത്തിന്റെ പിതാവും സമാനമായ രീതിയില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. നാലുമാസത്തിനിടെ നാലു രാഷ്ട്രീയ കൊലപാതകങ്ങളാണ് ജില്ലയിലുണ്ടായത്. പയ്യന്നൂര്‍ കുന്നരുവില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. പിന്നാലെ തില്ലങ്കേരിയിലും കൂത്തുപറമ്പിലും ഇപ്പോള്‍ പിണറായിയിലും കൊലപാതകങ്ങള്‍ അരങ്ങേറിയതോടെ ജനം കടുത്ത ഭീതിയിലായി. 2005 മുതല്‍ 2016വരെ സംസ്ഥാനത്തുടനീളം നടന്ന രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ 104 പേര്‍ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 51 പേര്‍ സിപിഎമ്മുകാരോ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍ പെട്ടവരോ ആണ്. 34 പേര്‍ ആര്‍എസ്എസ്, ബിജെപി അനുബന്ധ സംഘടനകളില്‍പ്പെട്ടവരും. ഇതില്‍ കണ്ണൂര്‍ ജില്ലയിലാണ് 42 കൊലപാതകങ്ങളും അരങ്ങേറിയത്. പ്രതിസ്ഥാനത്തുള്ള ഇരു രാഷ്ട്രീയപ്പാര്‍ട്ടികളും പരസ്പരം പഴിചാരുന്നതല്ലാതെ സമാധാനശ്രമങ്ങള്‍ ആത്മാര്‍ഥമായി നടത്തുന്നതിനോ അതു താഴേത്തട്ടില്‍ പ്രാവര്‍ത്തികമാക്കുന്നതിനോ നടപടികള്‍ സ്വീകരിക്കാറില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss