|    Oct 18 Thu, 2018 5:21 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കൊലപാതക രാഷ്ട്രീയം അവസാനിക്കണം

Published : 15th January 2017 | Posted By: fsq

 

അഞ്ചു പതിറ്റാണ്ടു കാലം കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായവരുടെ എണ്ണം 300 കവിഞ്ഞിരിക്കുന്നു. അക്രമരാഷ്ട്രീയത്തില്‍ മിക്കവാറും എല്ലാ കക്ഷികളും പങ്കാളികളാണെങ്കിലും പരസ്പരം മല്‍സരിച്ച് ഒന്നിനു പകരം മറ്റൊന്നായി തലയറുക്കുന്നത് ചെമ്പടയും കാവിപ്പടയുമാണ്. വീടും വഴിയും സ്‌കൂളും സിനിമാശാലയും മദ്യഷാപ്പും ഹോട്ടലും ആരാധനാലയങ്ങളും എന്നുവേണ്ട, എവിടെയും കൊലയാളികള്‍ കൃത്യസമയത്തുതന്നെ പദ്ധതി നടപ്പാക്കുന്നു. പ്രധാനമായും ആര്‍എസ്എസ്/ ബിജെപി, സിപിഎം സംഘടനകളാണ് കണ്ണൂര്‍ രാഷ്ട്രീയത്തിലെ അക്രമപരമ്പരയുടെ അവകാശികള്‍. പ്രവര്‍ത്തകരില്‍ കത്തിയും വാളും അരിവാളും തൃശൂലവും കുന്തവും മഴുവും ഉളിയും ബോംബും ഉണ്ട്. അവ എതിരാളികളില്‍ പ്രയോഗിക്കാനുള്ള പരിശീലനം നല്‍കുന്ന പാര്‍ട്ടികള്‍; അനുസരണയോടെ അക്രമം നടത്താന്‍ തയ്യാറുള്ള അനുയായികള്‍. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ പയ്യന്നൂരില്‍ ഒറ്റ രാത്രിയില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജും ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രനും കൊല്ലപ്പെട്ട് മൂന്നു മാസം പിന്നിടുമ്പോഴാണ് മോഹനനും രമിത്തും കൊല്ലപ്പെടുന്നത്. കണ്ണൂര്‍ പാതിരിയാട് വാളാങ്കിച്ചാലില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനന്‍ കൊല്ലപ്പെട്ട് 48 മണിക്കൂര്‍ തികയും മുമ്പാണ് പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്ത് കൊലക്കത്തിക്ക് ഇരയാവുന്നത്. മോഹനനെ കൊന്നത് ആര്‍എസ്എസ് ആണെങ്കിലും രമിത്തിനു കൊലയില്‍ പങ്കില്ലായിരുന്നു. പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിഖിലിനെ തേടിയാണ് തങ്ങള്‍ പോയതെന്നാണ് പ്രതികളുടെ മൊഴി.നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ നിരപരാധിയാണെന്നു ബോധ്യമായി കോടതി വെറുതെ വിട്ട മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടു. ഷിബിനെ കുത്തിയത് അസ്‌ലമാണെന്നു സിപിഎം പോലും ആരോപിച്ചിരുന്നില്ല. 2015ല്‍ യുഡിഎഫ് ഭരണകാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ നാദാപുരം തൂണേരിയില്‍ വ്യാപകമായ കലാപമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. 700ഓളം പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മുസ്‌ലിംകള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലാണ് അക്രമം നടന്നത്. നഷ്ടം 80 കോടി. കൊല്ലപ്പെട്ട ഷിബിന്റെ അച്ഛനു യുഡിഎഫ് ഗവണ്‍മെന്റ് നല്‍കിയ നഷ്ടപരിഹാരം 25 ലക്ഷം രൂപ. എന്നിട്ടും മുഹമ്മദ് അസ്‌ലമിനെ സിപിഎം കൊലപ്പെടുത്തി. മുഹമ്മദ് അസ്‌ലമിന്റെ മാതാവിന് എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കിയില്ല? എന്തുകൊണ്ട് എല്‍ഡിഎഫ് മന്ത്രിമാര്‍ അസ്‌ലമിന്റെ വീട്ടിലെത്തി ആശ്വാസവാക്കുകള്‍ പറഞ്ഞില്ല? കൊലക്കത്തിക്ക് ഇരയാവുന്നവരില്‍ ബഹുഭൂരിപക്ഷവും സാദാ പ്രവര്‍ത്തകരാണ്. 2005 മുതല്‍ 2015 ആഗസ്ത് വരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കിയ റിപോര്‍ട്ട് പ്രകാരം സിപിഎം നടത്തിയ കൊലപാതകം 45ഉം ആര്‍എസ്എസ്-ബിജെപി നടത്തിയ കൊലകള്‍ 38ഉം ആണ്. മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്‌ലാംമതം സ്വീകരിച്ചതിനാണ് പുല്ലാണി ഫൈസലിനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഏതാനും വര്‍ഷം മുമ്പ് തിരൂരിലെ യാസിറിനെയും ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നിരുന്നു. ഓരോ കൊലപാതകങ്ങളും പരസ്പരം വൈരം വര്‍ധിപ്പിക്കുകയും തുടര്‍കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുകയുമാണ് ചെയ്യുന്നത്. ഓരോ കക്ഷിക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. കൂടുതല്‍ നന്മകള്‍ ചെയ്യാനാണ് മതങ്ങളും പാര്‍ട്ടികളും പരസ്പരം മല്‍സരിക്കേണ്ടത്. പകയും വിദ്വേഷവും നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അണികളെ അകറ്റിനിര്‍ത്താനുള്ള മാനസികാവസ്ഥ നേതാക്കള്‍ വളര്‍ത്തിയെടുക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss