|    Jul 28 Fri, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊലപാതക മല്‍സരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം; അമിത്ഷാക്കും യെച്ചൂരിക്കും ചെന്നിത്തലയുടെ കത്ത്

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിയും സിപിഎമ്മും മല്‍സരിച്ചു നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അമിത്ഷാക്കും സീതാറാം യെച്ചൂരിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. തങ്ങളുടെ പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ എത്രയും വേഗം നിര്‍ദേശം നല്‍കണമെന്നാണു ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസത്തിനിടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചതും ക്രമസമാധാനനില താറുമാറായതും. കൊലപാതകങ്ങളുടെ എണ്ണം കൂട്ടാന്‍ ബിജെപിയും സിപിഎമ്മും ഓരോ ദിവസവും മല്‍സരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇരുപാര്‍ട്ടികളും വീടുകയറിപ്പോലും അക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടു പാര്‍ട്ടികളുടെയും നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നിന്നു കാര്യങ്ങള്‍ കൈവിട്ടുപോവുന്ന അവസ്ഥയാണിപ്പോള്‍. അക്രമങ്ങള്‍ അരങ്ങേറുന്ന പ്രദേശത്തെ പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നുപറയുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 500ലധികം അക്രമ സംഭവങ്ങളും എട്ടോളം രാഷ്ട്രീയ കൊലപാതകങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.  എന്നാല്‍ ഭരണമാറ്റം ഉണ്ടായതോടെ സ്ഥിതിഗതികള്‍ വഷളായി. കാവി ഭീകരവാദവും ചുവപ്പു ഭീകരവാദവും അതിന്റെ പാരമ്യത്തിലാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ലോകത്തു കേരളം അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പോവുകയാണെങ്കില്‍ പിശാചിന്റെ സ്വന്തം നാട് എന്നായി അതു മാറാന്‍ അധികം സമയം വേണ്ടിവരില്ല. കേരളത്തിലെ ജനങ്ങള്‍ അത്തരമൊരു അവസ്ഥ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും സമാധാനപരമായ അന്തരീക്ഷമാണു കേരളജനത ആഗ്രഹിക്കുന്നത്. ഇതു കണക്കിലെടുത്ത് അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ രണ്ടു നേതാക്കളും തങ്ങളുടെ സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കണം- അമിത് ഷായ്ക്കും സീതാറാം യെച്ചൂരിക്കും അയച്ച കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക