|    Feb 21 Tue, 2017 8:33 pm
FLASH NEWS

കൊലപാതകികളെ ഉടന്‍ പിടികൂടണം

Published : 21st November 2016 | Posted By: SMR

അത്യന്തം ക്രൂരമായ ഒരു കൊലപാതക വാര്‍ത്തയാണ് ഇന്നലെ മലപ്പുറം ജില്ലയില്‍നിന്നു വന്നത്. ജില്ലയിലെ കൊടിഞ്ഞി ഫാറൂക്ക് നഗര്‍ സ്വദേശിയായ ഫൈസല്‍ എന്ന 32കാരനായ യുവാവ് ശനിയാഴ്ച പുലര്‍ച്ചെ ദാരുണമായി കൊലചെയ്യപ്പെട്ടു.
ഈ കൊലപാതകത്തിനു നിമിത്തമായെന്ന് കരുതപ്പെടുന്ന കാരണങ്ങള്‍ കൂടുതല്‍ ആശങ്കയുണര്‍ത്തുന്നു. മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്നുവെന്നതും ഉല്‍ക്കണ്ഠാജനകമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച് ആമിനക്കുട്ടി എന്ന പേരു സ്വീകരിച്ച സ്ത്രീ മഞ്ചേരിയിലെ കോടതിവരാന്തയില്‍ കൊലചെയ്യപ്പെട്ട സംഭവമുണ്ടായി. അതിനുശേഷമാണ് തിരൂരിലെ പ്രമാദമായ യാസര്‍ വധം അരങ്ങേറിയത്. നേരത്തേ സംഘപരിവാരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യാസര്‍ ഇസ്‌ലാം മതം സ്വീകരിച്ച് മുഴുസമയ പ്രബോധകനായി മാറിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മേല്‍പറഞ്ഞ രണ്ടു സംഭവങ്ങളിലും പ്രതികള്‍ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. സമാനമായ പശ്ചാത്തലത്തിലാണ് ഫൈസലും കൊലചെയ്യപ്പെട്ടത് എന്നതിനാല്‍ സംഭവം നിസ്സാരമായി കാണാനാവില്ല. ഹിന്ദു കുടുംബാംഗമായിരുന്ന യുവാവ് കുടുംബസമേതം ഇസ്‌ലാം ആശ്ലേഷിച്ചതിനുശേഷം ആര്‍എസ്എസിന്റെ ഭീഷണിയുണ്ടായിരുന്നതായി പറയുന്നു. ഈ സാഹചര്യത്തിലാണ് സംശയത്തിന്റെ മുന സംഘപരിവാരത്തിലേക്കു നീളുന്നത്. കൊലപാതകങ്ങള്‍ക്കു പുറമെ മതംമാറുന്നവരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും ജില്ലയില്‍ അപൂര്‍വമായിരുന്നില്ല.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം പൊതുവായി അനുഭവിക്കുന്ന മുസ്‌ലിംവിരുദ്ധ വിരേചനത്തെ സദാ ഉദ്ദീപിപ്പിക്കുന്ന കേരളീയഘടകങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ല. ജില്ലയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാണ് എന്നതല്ലാതെ ഈ വിരേചനത്തിന് മറ്റ് അടിസ്ഥാനങ്ങള്‍ ഒന്നുമില്ല. ആയുധങ്ങളുമായി വിദേശ കപ്പലുകള്‍ വന്നണയുന്ന തീരങ്ങളുള്ള, താടിയുള്ള വിചിത്ര മനുഷ്യര്‍ വാളും തോക്കുമായി തെരുവുകളില്‍ ഉലാത്തുന്ന,  റമദാനില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ പച്ചവെള്ളം കിട്ടാതെ നരകിക്കുന്ന പ്രദേശത്തെ കുറിച്ച വാര്‍ത്തകള്‍, വായിച്ചും കേട്ടും നെഞ്ചിടിപ്പ് കൂടിയ മുസ്‌ലിമേതരരായ പലരും ജില്ലയിലെത്തി കൂടുകൂട്ടിയ എത്രയെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
അന്യമതവിഭാഗങ്ങളോടുള്ള ശത്രുത ഏതു ഭീകരമായ സാഹസത്തിനും ഹിന്ദുത്വരെ പ്രേരിപ്പിക്കുമെന്നതിന്റെ തെളിവായിരുന്നു 1993ല്‍ താനൂരില്‍ നടന്ന സംഭവം. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ശോഭായാത്രയ്ക്കു നേരെ ബോംബെറിഞ്ഞ് അതു മുസ്‌ലിംകളാണെന്ന് പ്രചരിപ്പിച്ചു സംഘര്‍ഷം ഉണ്ടാക്കാന്‍ പദ്ധതിയിട്ടായിരുന്നു ബോംബുകള്‍ നിര്‍മിച്ചിരുന്നത്. ഈ ചരിത്രവസ്തുതകള്‍ കൂടി ഓര്‍മയില്‍ വയ്ക്കുന്നത് ഇപ്പോഴുണ്ടായ കൊലപാതകത്തെ അതിന്റെ അളവിലും ആഴത്തിലും അറിയാന്‍ ഉപകരിക്കും. പഴുതടച്ച അന്വേഷണത്തിലൂടെ ഫൈസല്‍വധത്തിനു പിന്നിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാനും യഥാര്‍ഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം മുന്നോട്ടുവരേണ്ടതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 379 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക