|    Apr 26 Wed, 2017 3:48 am
FLASH NEWS

കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യം; നാലാംപ്രതി വിദേശത്ത്

Published : 21st October 2016 | Posted By: SMR

മാനന്തവാടി: വിവിധ കാരണങ്ങളാല്‍ പ്രതികള്‍ക്ക് പലപ്പോഴായുണ്ടായ വൈരാഗ്യമാണ് തോമസിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളിലൊരാളായ ലിനു മരിച്ച തോമസിന്റെ അടുത്ത ബന്ധുവാണ്. ഒരു വര്‍ഷം മുമ്പുണ്ടായ അടിപിടി കേസില്‍ തോമസിനെതിരേ ലിനു പോലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാം പ്രതിയായ പ്രജീഷിന്റെ പിതാവ് ദേവശന്‍ ചെട്ടിയെ തോമസ് മര്‍ദ്ദിച്ചതിനാല്‍ കാഴ്ചശക്തി നഷ്ടപ്പെടുകയും പിന്നീട് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഈ സംഭവവും ഇവരില്‍ പ്രതികാരം വളര്‍ത്തി. ഇപ്പോള്‍ വിദേശത്തുള്ള നാലാം പ്രതി ഷാഹുല്‍ ഹമീദിന്റെ ജീപ്പിലെ ഡ്രൈവറായിരുന്നു തോമസ്. വന്‍ സാമ്പത്തിക ബാധ്യത വന്നതിനാല്‍ തോമസിനെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതിനെതിരേ തോമസ് അപവാദ പ്രചാരണം നടത്തിയതു ഷാഹുല്‍ ഹമീദിനെ ചൊടിപ്പിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് ഫോണ്‍വഴി നിര്‍ദേശം നല്‍കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. മൂന്നാം പ്രതിയായ നാസര്‍ സാമ്പത്തിക നേട്ടത്തിനായി കൊലപാതകത്തില്‍ പങ്കാളിയാവുകയായിരുന്നു. തോമസിനെ കൊല്ലാന്‍ സഹായിക്കുമെങ്കില്‍ ഷാഹില്‍ ഹമീദ് തുടങ്ങുന്ന ഫാമില്‍ ജോലി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഈ മാസം 14ന് രാത്രി ഒമ്പതരയോടെ തോമസ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി ഇയാളെയും കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് പോയി. ഒന്നിച്ചിരുന്നു മദ്യപിച്ചശേഷം പ്രജീഷ് കൈയില്‍ കരുതിയ കമ്പിവടി കൊണ്ട് തോമസിന്റെ തലയ്ക്കടിക്കുകയും കൂടെയുണ്ടായിരുന്ന രണ്ടു മൂന്നും പ്രതികള്‍ തോര്‍ത്തുകൊണ്ട് തോമസിനെ കുഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. 15നാണ് മൃതദേഹം കണ്ടെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day