|    Apr 21 Sat, 2018 9:40 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കൊലപാതകങ്ങള്‍ മതപരം/ മതേതരം

Published : 4th July 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും മതേതരമായ ഇടപാട് സദാചാരപാലനത്തിനു വേണ്ടിയുള്ള ആക്രമണങ്ങളായിരിക്കാം. എല്ലാ ജാതി-മത സമുദായങ്ങളില്‍പ്പെട്ടവരും അല്ലാത്തവരും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ടവരുമെല്ലാം പല രീതിയില്‍ പങ്കാളികളാവുന്ന ഒരു ഏര്‍പ്പാടാണിത്. അതുകൊണ്ടുതന്നെ എപ്പോഴും കുറ്റം ചാര്‍ത്തപ്പെടുന്നത് മറ്റുള്ളവരുടെ പുറത്താണ്. ‘ഞങ്ങളല്ല, അവരാണ് സദാചാര പോലിസുകാര്‍’ എന്നതാണ് എല്ലാവരും പറയാന്‍ ശ്രമിക്കുന്നത്. സദാചാരത്തെ സംബന്ധിച്ച് ഒരു പൊതുമാനദണ്ഡം ബാധകമല്ല. വ്യത്യസ്ത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും വ്യക്തികളും സമുദായങ്ങളും പാലിക്കാന്‍ ശ്രമിക്കുന്നതിലെ വ്യത്യസ്തതകളുമുണ്ടാവാം. എന്നാല്‍, മറ്റുള്ളവര്‍ ചെയ്യുന്നത് എന്ത് എന്നതിനെ കുറിച്ച് അമിതമായി ജാഗരൂകരായി സദാചാര കൊലപാതകങ്ങള്‍ തന്നെ നടത്താന്‍ ഒരുങ്ങുന്നതിനെ എങ്ങനെയാണു തടയുക? മങ്കടയില്‍ നസീര്‍ ഹുസയ്ന്‍ കൊലചെയ്യപ്പെട്ടത് മലയാളികളെ അത്രയൊന്നും അലട്ടുന്നില്ല. അയാളെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ സമ്മതിച്ചില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ലൈംഗികത, കുടുംബം തുടങ്ങിയ സങ്കല്‍പങ്ങളെ കുറിച്ചു വ്യത്യസ്ത മൂല്യങ്ങളായിരിക്കാം പലര്‍ക്കുമുള്ളത്. പക്ഷേ, അതിന്റെ പേരില്‍ നീതി നടപ്പാക്കാനുള്ള അധികാരം ആരാണ് ഇവര്‍ക്ക് കൊടുക്കുന്നത്?
സംഭവം അരങ്ങേറിയ സ്ഥലവും അതില്‍ പങ്കാളികളായവരുടെ പേരും സമുദായവും നോക്കി പെട്ടെന്ന് അത് ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ സ്വഭാവമായി ചിത്രീകരിച്ചു രക്ഷപ്പെടാനായിരിക്കാം കൂടുതല്‍പേരും ശ്രമിക്കുക.സാധാരണ യാഥാസ്ഥികത, സദാചാര പോലിസിങ് തുടങ്ങിയ കാര്യങ്ങളെ മതത്തിന്റെ ചുമലില്‍ വയ്ക്കുക എന്നതാണ് ലിബറല്‍ മതേതരവാദികള്‍ ചെയ്യാറുള്ളത്. എന്നാല്‍, സദാചാര ആശങ്കകള്‍ ഒരേപോലെ ‘മതപരം/മതേതരം’ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍വ്യാപിച്ചുകിടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പോലിസ്, കോടതി, മാധ്യമങ്ങള്‍, കല, സെന്‍സര്‍ ബോര്‍ഡ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയിലൊക്കെ പരന്നുകിടക്കുന്ന ഒന്നാണെങ്കിലും മതത്തിന്റെ മേല്‍ കുറ്റം ചാരി രക്ഷപ്പെടുകയാണ് സാധാരണ നടക്കാറുള്ളത്.
യാഥാസ്ഥിതികത-ആധുനികത എന്ന ഒരു ദ്വന്ദ്വത്തിനുള്ളില്‍ ഈ സദാചാര ഹിംസകളെ കാണാന്‍ കഴിയില്ല. ഇനിയും ആധുനികമായി മാറിയിട്ടില്ലാത്ത സ്ഥലങ്ങളുടെ ഒരു പ്രശ്‌നമായി ഇതിനെ കാണുന്ന വ്യവഹാരങ്ങളാണ് അധികവും. എന്നാല്‍, കൂടുതലും ആധുനികമെന്നു മനസ്സിലാക്കപ്പെടുന്ന സ്ഥലങ്ങളിലാണ് കൂടുതല്‍ ഇതു നടക്കുന്നത്. അതു മാത്രമല്ല, ഈ ആധുനിക കാലഘട്ടത്തിലാണ് ഇത് കൂടിവരുന്നത്. സര്‍വൈലന്‍സ് കാമറകള്‍ നടത്തുന്ന സദാചാരപാലനം ഒരു ആധുനിക ഇടപാടാണ്. നിങ്ങള്‍ കാമറയുടെ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പു തന്നെ ഒരേസമയം ഭരണകൂട മേല്‍നോട്ടത്തില്‍ കഴിയുന്ന അച്ചടക്കമുള്ള പൗരന്‍മാര്‍ എന്ന ബോധം നിര്‍മിക്കുകയും സദാചാരപരമായി നിയന്ത്രിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ മ്യൂസിയം പോലെയുള്ള പൊതു പാര്‍ക്കുകളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ വഴി വഴിതെറ്റുന്ന കൗമാരക്കാരെ പിടിച്ച് രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുന്ന പോലിസ് എങ്ങനെ ഒരു ഭരണകൂടം സദാചാരം നിലനിര്‍ത്തുന്നു എന്നു കാണിച്ചുതരുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ പാലിക്കേണ്ട അച്ചടക്ക നടപടികളും പലപ്പോഴും അധികാരികളുടെ സദാചാരആശങ്കകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനു മതപരം/മതേതരം എന്ന വിഭജനമില്ല. കേന്ദ്രീയവിദ്യാലയം പോലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളും ഈ സദാചാരപാലനത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകോട്ടല്ല.
ഇടത് സദാചാരബോധം പലപ്പോഴും പഴികേള്‍ക്കുന്നതില്‍നിന്നു രക്ഷപ്പെടുന്നതായാണു കാണുന്നത്. 2010ല്‍ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചത് മുന്‍കാല കമ്മ്യൂണിസ്റ്റുകളുടെ ഒളിവുജീവിതത്തെ കുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന പേരിലാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ സിപിഎം നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു സക്കറിയ ഈ പരാമര്‍ശം നടത്തിയത്. അന്ന് ഉണ്ണിത്താനെ സദാചാര കുറ്റത്തിന് വീട് വളഞ്ഞ് പോലിസില്‍ അറിയിച്ചത് ഡിവൈഎഫ്‌ഐ ആയിരുന്നു. പിന്നീട് പാര്‍ട്ടി ആക്രമണത്തെ സ്വാഭാവിക പ്രതികരണം എന്ന നിലയ്ക്ക് പിണറായി വിജയന്‍ ന്യായീകരിച്ചു. ഉഷാ ഉതുപ്പിന്റെ സംഗീതപരിപാടി നിരോധിച്ച പാരമ്പര്യവും ബംഗാളിലെ ഇടതുപക്ഷത്തിനുണ്ട്.ഈ നിലയ്ക്ക് ആര് ആരെ പഴിക്കും എന്നതാണു പ്രശ്‌നം. ഇടതുപക്ഷ, ഭരണകൂട, വിദ്യാഭ്യാസ ഇടങ്ങളിലെ സദാചാര ഹിംസകളെ കൂടി അഭിസംബോധന ചെയ്യുന്ന ഒരു സമീപനമാണു വേണ്ടത്. കിസ്സ് ഓഫ് ലൗ ചെയ്തതുപോലെ ഏകപക്ഷീയമായി മതപരമായതിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു ലിബറല്‍ വ്യവഹാരംകൊണ്ട് സദാചാര ഹിംസകളെ പ്രതിരോധിക്കാന്‍ കഴിയില്ല. സദാചാര ഹിംസകളുടെ വ്യവഹാരം കുറേക്കൂടി ആഴത്തില്‍ വേരോടിയിട്ടുള്ള ഒന്നാണ്.
മങ്കടയിലെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സമീപനങ്ങള്‍ കണ്ടു. ചിലര്‍ മലപ്പുറം/മുസ്‌ലിം/ഗള്‍ഫ് എന്നീ അടയാളങ്ങളില്‍ രമിക്കുന്നതാണു കണ്ടത്. ആന്തരികവല്‍ക്കരിച്ച ഒരു മുസ്‌ലിംവിരുദ്ധതയില്‍ നിന്നുകൊണ്ട് മലപ്പുറം ഇപ്പോഴും ആധുനികവല്‍ക്കരിക്കപ്പെട്ടില്ല എന്ന നിലയില്‍ കാണാന്‍ ശ്രമിച്ചു. ‘കാട്ടറബി’ എന്ന വംശീയമായ പരാമര്‍ശം വരെ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടു. നേരത്തേ ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്തപോലെ ആധുനിക ഇടങ്ങളിലെ സദാചാര ഹിംസകളെ മറച്ചുവച്ചുകൊണ്ട് മുസ്‌ലിംകളെ ആധുനികതയില്‍ എത്താത്തവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് കാണുന്നു. ഇതേ സമീപനത്തിനു വിരുദ്ധമായി ഇസ്‌ലാമിന്റെ പേരില്‍ ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. മതപരം/മതേതരം’എന്ന മതേതര ലിബറല്‍ വ്യവഹാരം തന്നെ സൃഷ്ടിച്ച ഒരു ദ്വന്ദ്വത്തില്‍ പെട്ടുപോവുന്ന ഒരു സമീപനം തന്നെയാണിത്. മുസ്‌ലിംകള്‍’യാഥാസ്ഥിതികരും സദാചാര ഹിംസ നടത്തുന്നവരുമാണെന്നുള്ള ഒരു പൊതുബോധത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ കുടുങ്ങിപ്പോവുന്ന ഒരു സമീപനമാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്. മുസ്‌ലിം പേരുള്ള ആരെങ്കിലും ഒരു ഹിംസ നടത്തിയാല്‍ കുറ്റബോധത്തോടെ മാപ്പുപറയാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കുന്ന ഒരു മുസ്‌ലിംവിരുദ്ധ സമീപനമുണ്ട്. മങ്കട സംഭവത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഒരു ന്യായീകരണം ഇതേപോലെ ഒരു സമുദായത്തിനുമേല്‍ പഴിയുടെ സമ്മര്‍ദ്ദം മാത്രമായിരിക്കും കൊണ്ടുവരുന്നത്. മങ്കടയില്‍ നടന്ന കൊലപാതകത്തെയും അത്തരം വ്യവഹാരങ്ങളെയും എതിര്‍ക്കേണ്ടത് മതപരം/മതേതരം എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള വ്യത്യസ്തതയെ കുറിച്ചും സാമൂഹികനീതിയെ കുറിച്ചുള്ള പുതിയ ബോധങ്ങളില്‍നിന്നുമായിരിക്കണം. അല്ലാതെ പരിചയംപോലുമില്ലാത്ത കൊല്ലപ്പെട്ട ആളെയോ ആ സംഭവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയെയോ കുറിച്ച് തീര്‍പ്പുകല്‍പിച്ചുകൊണ്ടല്ല. അവരുടെ ജീവിതത്തെയും സങ്കല്‍പങ്ങളെയും ബന്ധങ്ങളെയും കുറിച്ച് അനുമാനിക്കാനും തീര്‍പ്പുകല്‍പിക്കാനും എന്തവകാശമാണ് നമുക്കൊക്കെയുള്ളത് എന്ന് ആലോചിക്കേണ്ടതുണ്ട്.
ഈ അവസരത്തില്‍ ഓര്‍ക്കേണ്ട ഒന്ന് ഒര്‍ലാന്‍ഡോയിലെ ഗേബാറില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യവഹാരങ്ങളെയാണ്. ഒമാര്‍ മത്തീന്‍ എന്ന മുസ്‌ലിം പേരുള്ള ഒരു വ്യക്തി കൂട്ടക്കൊല നടത്തിയതുകൊണ്ടു തന്നെ അത് മുസ്‌ലിംകളുടെ ഹോമോഫോബിയ ആയി മാത്രം ചുരുക്കപ്പെട്ടു. എന്നാല്‍, അമേരിക്കന്‍ സമൂഹത്തിലെ ഹോമോഫോബിയ മതപരമായി അടയാളപ്പെടുത്താന്‍ കഴിയുന്നതിനും അപ്പുറമാണ്. ഹോമോഫോബിയയുടെ പ്രശ്‌നത്തെ ഉപയോഗിച്ച് ഇസ്‌ലാംവിരുദ്ധത സൃഷ്ടിക്കാനുള്ള ശ്രമത്തെ, പ്രത്യേകിച്ച് അമേരിക്കയിലെ ചില മുസ്‌ലിം വിഭാഗങ്ങള്‍ പ്രതിരോധിച്ചു. മതത്തിന്റെ പേരിലുള്ള വിവേചനംപോലെ തന്നെ ലൈംഗികാഭിമുഖ്യത്തിന്റെ പേരിലുള്ള വിവേചനവും ശ്രദ്ധയര്‍ഹിക്കുന്നു. ഒരേസമയം പല സമുദായങ്ങള്‍ക്കും പലതരം വിദ്വേഷങ്ങള്‍ക്കും എതിരേ സമരം ചെയ്യേണ്ട ആവശ്യമാണ് ഇതു തെളിയിക്കുന്നത്. ഒരു സമുദായത്തെ/ഐഡന്റിന്റിയെ മറ്റൊരു ഐഡന്റിന്റിക്കെതിരേ നിര്‍ത്തി സൃഷ്ടിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം കൊലപാതകങ്ങളെ പ്രതിരോധിക്കേണ്ടത് സമുദായങ്ങള്‍ക്കുള്ളിലും പുറത്തും നടക്കേണ്ട ക്രിയാത്മകമായ സംവാദങ്ങളിലൂടെയാണ്?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss