|    Jan 20 Sat, 2018 10:47 pm
FLASH NEWS

കൊലപാതകം: വില്ലനായത് മകനെ പോലെ കണ്ട 16കാരന്‍

Published : 17th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയിത്തില്‍ ശ്രീലത കൊല്ലപ്പെട്ട സംഭവത്തി ല്‍ വില്ലനായത് മകനെ പോലെ കണ്ട 16കാരന്‍. തിരുവല്ലാ കരിക്കന്‍വില്ല ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടാന്‍ പോലിസിനു സഹായകമായത് മദ്രാസിലെ മോന്‍ വന്നിരുന്നെന്നു സമീപ വീട്ടിലെ സ്ത്രീ നല്‍കിയ മൊഴിയായിരുന്നു. അതിനു സമാനമായ നിലയിലായിരുന്നു ഈ കേസിലെ പ്രതികളെ പിടികൂടാനായ സംഭവവും. ശ്രീലതയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായ 16കാരന്‍ ഇവരുടെ വീട്ടില്‍ വന്നിരുന്നതായി മരണപ്പെടുന്നതിനു മുമ്പെ വാഴപ്പള്ളിയിലുള്ള മാതാവിനെ വിളിച്ചു പറഞ്ഞിരുന്നു. പിതാവു നഷ്ടപ്പെട്ട സമീപവാസിയെ ഒരു മകനെപ്പോലെയാണ് ശ്രീലത കണ്ടിരുന്നത്. അതിനാല്‍ 16കാരന് ആ വീട്ടില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യവുമായിരുന്നു. വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും ഇയാളായിരുന്നു. കഞ്ചാവിനു അടിമയായ ഇയാളോടൊപ്പം അറസ്റ്റിലായ സുഹൃത്തു നിവിന്‍ ജോസഫും വീട്ടില്‍ നേരത്തെ വന്നിരുന്നു. സംഭവ ദിവസം രാത്രി എട്ടോടെ ശ്രീലതയുടെ വീട്ടില്‍ ഇരുവരും എത്തുകയും 16കാരന്‍ ഇവരെ വിളിക്കുകയും ചെയ്തു. വിശ്വസ്ഥനായ 16കാരന്‍ വിളിച്ചതുകൊണ്ടാണ് കതകു തുറന്നത്. തുടര്‍ന്നായിരുന്നു കൊലപാതകവും മോഷണവും. കൊലചെയ്യണമെന്ന ഉദ്ദേശത്തോടെ വൈദ്യുത ലൈനിനു എര്‍ത്തു കൊടുക്കുന്ന ഇരുമ്പു പൈപ്പും അവര്‍ കരുതിയിരുന്നതായി പോലിസ് പറഞ്ഞു. വീട്ടുകാര്‍ പലപ്പോഴും വഴിതെറ്റിയ ജീവിതത്തിനു എതിരായിരുന്നെന്നും നല്ലതിലേക്കു മടങ്ങാന്‍ ഉപദേശിക്കുകയും പതിവായിരുന്നതായി അറസ്റ്റിലായ 16കാരന്‍ പോലിസിനോടു പറഞ്ഞു. ശ്രീലതയുടെ വീട്ടില്‍ ഒരിക്കല്‍ സുഹൃത്തും അറസ്റ്റിലായ മല്‍സ്യ കച്ചവടക്കാരന്‍ നിവിന്‍ ജോസഫിനെ കൊണ്ടുപോയിട്ടുമുണ്ട്. ഇരുവരും ചേര്‍ന്നു മറിക്കുള്ളില്‍ കാണാന്‍ പാകത്തില്‍ ശ്രീലത കിടക്കുന്ന മുറിയുടെ ജനല്‍ പൊട്ടിച്ച സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവു മരണപ്പെട്ട വീട്ടമ്മയ്ക്ക് മക്കളില്ല. കൊലപാതക ശേഷം നാട്ടില്‍ത്തന്നെ കറങ്ങിയ ഇവര്‍ പിടിക്കപ്പെടുമെന്ന സംശയം ഉണ്ടായപ്പോള്‍ ഒളിവില്‍ പോവാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പായി പിടിയിലായി. സമീപ വീടുകളിലെ ഏഴോളം സിസി കാമറകളും പോലിസ് പരിശോധിച്ചു. കൂടാതെ ജ്വല്ലറിയില്‍ ഇയാള്‍ സ്വര്‍ണം വില്‍ക്കുന്നതും അവിടുത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശ്രീലതയുടെ കഴുത്തില്‍ നിന്ന് ഊരിയെടുത്ത മാല 32000 രൂപയ്ക്കാണ് വിറ്റത്. തുടര്‍ന്നു പിണങ്ങി നില്‍ക്കുന്ന ഭാര്യക്ക് 2000 രൂപ നല്‍കി. ആറായിരും രൂപ കൊടുക്കാനുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പകരം 10,000 രൂപയും നല്‍കി. ബാക്കി പിറ്റേ ദിവസം വാങ്ങിക്കുകയും ചെയ്തു. ഇരുമ്പ് ദണ്ഡുപയോഗിച്ച തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നൊഴുകുന്നതു കണ്ട് ഭയപ്പെട്ട ഇരുവരും പെട്ടെന്നു മാല ഊരിയെടുത്ത് കടന്നുകളയുകായിരുന്നു. കാതിലും കൈയിലും കിടന്ന സ്വര്‍ണം അപഹരിക്കാന്‍ ഇതുകാരണം കഴിഞ്ഞില്ലെന്നും ഇവര്‍ പോലിസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day