|    Jun 25 Sun, 2017 4:08 am
FLASH NEWS

കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി

Published : 22nd October 2016 | Posted By: SMR

ചെങ്ങന്നൂര്‍: അമേരിക്കല്‍ മലയാളിയും ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണിനെ (73) വെടിവച്ച് കൊന്നശേഷം തുണ്ടമാക്കി ഉപേക്ഷിച്ച കേസിന് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. പുനരന്വേഷണത്തിനു മതിയായ കാരണങ്ങള്‍ ഹരജിയിലില്ല എന്ന കാരണത്താലാണ് ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് സുനില്‍ ബര്‍ക്‌സ്മാന്‍ വര്‍ക്കി ഹരജി തള്ളിയത്. കൊല്ലപ്പെട്ട ജോയി ജോണിന്റെ ഭാര്യ മറിയാമ്മയാണ് മകന്‍ ഷെറിനെതിരേ പോലിസ് കോടതിയില്‍ നല്‍കിയ കുറ്റപത്രം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. സംഭവത്തില്‍ ശരിയായ രീതിയില്‍ അനേഷണം നടന്നിട്ടില്ല എന്നും തന്റെ മകന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് വിവിധ ഭാഗങ്ങളാക്കി പലയിടത്ത് ഉപേക്ഷിച്ചത് എന്നതും അവിശ്വസനീയമാണ് എന്നും ഹരജിയില്‍ പറയുന്നു. അന്വേഷണം ശരിയായ ദിശയിലല്ല എന്നും പ്രതിയായ മകനെതിരേ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലിസ് മുന്‍ധാരണയോടു കൂടി കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും പറയുന്നു. നഗരത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് നിരവധി സിവില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. ഈ കേസുകള്‍ തുടര്‍ന്നുപോയാല്‍ തന്റെ ജീവനു ഭീഷണിയാണന്നും ജോയി തന്നോട് പലവട്ടം പറഞ്ഞിരുന്നതായും മറിയാമ്മ പറയുന്നു. ഈ വിഷയം പോലിസ് ഉദ്യോഗസ്ഥര്‍ വേണ്ട വിധം അന്വേഷിച്ചിട്ടില്ല. കൂടാതെ, സംഭവം നടന്ന കെട്ടിടത്തിലെ ഗോഡൗണിലുള്ളില്‍ നിരവധി ആളുകളുടെ കാല്‍പ്പാടുകളും രക്തക്കറകളും ഉണ്ടായിരുന്നത് പോലിസ് ഗൗരവത്തിലെടുത്തില്ല. കഴിഞ്ഞ മെയ് 25 വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ആഡംബരക്കാര്‍ നന്നാക്കാനായി തിരുവനന്തപുരത്ത് പോയി മടങ്ങിയ ജോയിയും മകന്‍ ഷെറിനും സ്വത്ത് സംബന്ധിച്ച് തര്‍ക്കം നടക്കുകയും എംസി റോഡില്‍ മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം വെച്ച് കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് അച്ഛനെ മകന്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയില്‍ ഉള്ള ഉഴത്തില്‍ ബില്‍ഡിങ്ങ്‌സിന്റെ ഗോഡൗണില്‍ എത്തിച്ച് കത്തിച്ച ശേഷം മൃതദേഹം വെട്ടിമുറച്ച് ശരീരഭാഗങ്ങള്‍  ചാക്കിലാക്കി കാറില്‍ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തള്ളുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക