|    Jan 23 Mon, 2017 6:26 pm
FLASH NEWS

കൊലപാതകം ടിക്കറ്റു വില്‍പ്പനയെ ചൊല്ലിയെന്ന് ഒരു വിഭാഗം; അല്ലെന്നു പോലിസ്

Published : 12th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മനു ജോസഫിന്റെ കൊലപാതകം പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ തിയേറ്ററിലെ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നു ഒരു വിഭാഗം പറയുമ്പോള്‍ അതല്ല കാരണമെന്നു പോലിസ്. പുലിമുരുകന്‍ എന്ന സിനിമയുടെ ടിക്കറ്റിനായി കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ നഗരത്തില്‍ യുവാക്കളുടെ വലിയതിരക്കായിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഒന്നര മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂടാതെ പുതിയ സിനിമാ റിലീസ് ദിവസങ്ങളില്‍ കരിഞ്ചന്തയില്‍ വന്‍തോതില്‍ സിനിമാ ടിക്കറ്റും വിറ്റിരുന്നു. 103 രൂപയുടെ ടിക്കറ്റ് 500 രൂപയ്ക്കുവരെ വിറ്റിരുന്നു. എന്നാല്‍ രണ്ടു വാഹനങ്ങളിലായി സിനിമ കാണാന്‍ എത്തിയ മനുവിനും സംഘത്തിനും ടിക്കറ്റു ലഭിക്കാതെ വരികയും എന്നാല്‍ ബ്ലാക്കില്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ വന്‍തുകയെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ആളുകള്‍ ചിതറി ഓടുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. അതിനു തൊട്ടുപിന്നാലെയാണ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ കൊലപാതകം ഉണ്ടാവുന്നത്. എന്നാല്‍ ടിക്കറ്റിനെച്ചൊല്ലി ഇവര്‍ തമ്മിലല്ലാ വഴക്കുണ്ടായതെന്നാണു പോലിസ് പറയുന്നത്. വാഹന പാര്‍ക്കിങിനെച്ചൊല്ലി പഞ്ചായത്തംഗവുമായി വാക്കേറ്റമുണ്ടായതാണ് കൊലപാതകകാരണമായി പോലിസിന്റെ അഭിപ്രായം. സ്റ്റാന്‍ഡിനു സമീപത്തെ കോണ്‍ഗ്രസ് ഓഫിസിനു മുമ്പില്‍ മരണപ്പെട്ട മനുവിന്റെ സുഹൃത്ത് റെനിയുടെ കാര്‍ പാര്‍ക്ക് ചെയ്യുകയും അതിനു പിന്നില്‍ പഞ്ചായത്തംഗം നിഥിന്റെ സ്‌കോര്‍പിയോയും പാര്‍ക്കു ചെയ്തിരുന്നു. എന്നാല്‍ സിനിമ കണ്ട് മടങ്ങിയെത്തിയ മനുവിനും കൂട്ടുകാര്‍ക്കും കാര്‍ എടുക്കാന്‍ കഴിയാതെ വരികയും ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തംഗത്തിന്റെ കാറിനു പിന്നില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതു കാരണം കാര്‍ മാറ്റിക്കൊടുക്കാന്‍ കഴിയാഞ്ഞതാണ് വഴക്ക് മൂര്‍ഛിക്കാന്‍ കാരണം. നേരത്തെ രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്ന ഇരുവര്‍ക്കും ഇതൊരു കാരണമാവുകയും തുടര്‍ന്നു വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. മരണപ്പെട്ട മനുവും അറസ്റ്റിലായ പ്രതികളും തമ്മില്‍ നല്ല പരിചയക്കാരുമാണ്. ഇവരാരും ടിക്കറ്റു വില്‍പ്പനയില്‍ ഉള്‍പ്പെട്ടവരുമല്ല. മരണപ്പെട്ട മനുവും പ്രതികളില്‍ ചിലരും നേരത്തെ പോലിസ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണ്. അറസ്റ്റിലായ പ്രതികളില്‍ സിജോയും ഷെമീറും നേരത്തെ അടിപിടി കേസില്‍ പ്രതികളാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാര ശാലയില്‍ കയറി അടിപിടിയുണ്ടാക്കിയതും ഇതേ പ്രതികളാണെന്നും പറയുന്നു. നഗരത്തില്‍ സിനിമാ തിയേറ്ററിനുള്ളില്‍ സിനിമാ കാണുന്നതിനിടെ മദ്യപാനവും മറ്റും നടക്കാറുണ്ടെങ്കിലും ഇവരെ ഭയപ്പെട്ട് ഇതിനെ ചോദ്യം ചെയ്യാനും ആരും കൂട്ടാക്കാറില്ല. ബസ് സ്റ്റാന്റും സമീപഭാഗങ്ങളും കേന്ദ്രീകരിച്ച് സന്ധ്യയാവുന്നതോടെ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക