|    Sep 25 Tue, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊലക്കേസ് പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍

Published : 28th August 2018 | Posted By: kasim kzm

അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം ആറുമാസം മുമ്പ് കടതിണ്ണയില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പോലിസ് പിടിയില്‍. കാസര്‍കോട് ചെര്‍ക്കള ബെര്‍ക്കാഭഗത്ത് ബെര്‍ക്കാവീട്ടില്‍ ശിവന്‍കുട്ടി നായര്‍ രാജന്‍ എന്ന രാജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് സംഭവം. ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ ചാലപറമ്പന്‍ സത്യന്‍ (55) ആണ് മരിച്ചത്. സത്യന്‍ ചെരുപ്പുകുത്തിയും രാജന്‍ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ആക്രിസാധനങ്ങള്‍ പെറുക്കി വില്‍പന നടത്തുന്നയാളുമാണ്.
ഇരുവരും കൊലപാതകം നടന്ന കൂള്‍ബാറിനു മുന്‍വശത്താണ് കിടന്നുറങ്ങാറുള്ളത്. ഇടയ്ക്കിടെ സത്യനും രാജനും തമ്മില്‍ കിടക്കുന്ന സ്ഥലത്തെ സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നു. സ്ഥിരമായി കിടന്നുറങ്ങിയിരുന്ന കടയ്ക്കു മുമ്പില്‍ ഇനി കിടന്നുറങ്ങണമെങ്കില്‍ സത്യനെ കൊല്ലണമെന്ന ചിന്തയാണ് കൊലപാതകത്തില്‍ എത്തിച്ചത്. പിന്നീട് സത്യനെ കൊല്ലാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു രാജന്‍. തലയില്‍ കല്ല് ഇട്ട് കൊന്നാല്‍ മദ്യപിച്ച് വീണ് മരിച്ചതാണെന്നു കരുതി പോലിസ് അന്വേഷണം അവസാനിപ്പിക്കുമെന്നു വിചാരിച്ചാണ് സത്യനെ തലയ്ക്കടിച്ചു കൊല്ലാന്‍ രാജന്‍ തീരുമാനിച്ചത്.
കൃത്യം നടന്ന ദിവസം സത്യന് അമിതമായി മദ്യപിക്കുന്നതിനു പണം നല്‍കിയത് രാജനായിരുന്നു. മദ്യപിച്ചു വന്ന സത്യന്‍ കടയുടെ മുമ്പില്‍ കിടന്നുറങ്ങി. തുടര്‍ന്ന്, രാജന്‍ കരിങ്കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ച് സത്യനെ കൊല്ലുകയായിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. സംഭവം നടന്നതിനു ശേഷം പോലിസ് കടവരാന്തകളില്‍ കിടന്നുറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജനെ തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കടവരാന്തയില്‍ കിടന്നുറങ്ങിയ 600ഓളം പേരെ പോലിസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി വിവിധ ജോലികളില്‍ ഏര്‍പ്പെട്ട് ജീവിക്കുകയായിരുന്നു. ഒരിടത്തു തന്നെ കൂടുതല്‍ ദിവസം താമസിക്കാതിരുന്നതും മൊബൈല്‍ ഉപയോഗിക്കാതിരുന്നതുമാണ് പ്രതിയെ പിടികൂടാന്‍ വൈകിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss