|    Dec 11 Tue, 2018 4:20 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കൊലകള്‍ അനുവദനീയമാവുമ്പോള്‍

Published : 19th November 2018 | Posted By: kasim kzm

ഡോ. മുഹമ്മദ് മക്‌റം ബലാവി

യൂറോപ്പില്‍ യഹൂദര്‍ നേരിട്ട ആക്രമണങ്ങള്‍ മറ്റു ജനതകളുടെ നേരെ നടത്തുന്നതില്‍ ഒരു കുറ്റബോധവുമില്ല എന്നതാണ് രാഷ്ട്രീയ സയണിസത്തില്‍ കാണുന്ന വൈരുധ്യങ്ങളിലൊന്ന്. യൂറോപ്പിലും റഷ്യയിലും അവര്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ക്ക് ഫലസ്തീനില്‍ ഒരു സുരക്ഷിത ഗേഹം വേണമെന്ന ആവശ്യമായിരുന്നു സയണിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിയിരുന്നത്. യൂറോപ്പില്‍ കണ്ടപോലെയുള്ള ഒരു വംശഹത്യ ഇനിയൊരിക്കലും യഹൂദര്‍ക്കു നേരെയുണ്ടാവരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫലസ്തീനികള്‍ക്കെതിരേ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ യൂറോപ്യന്‍മാര്‍ അവരോട് ചെയ്തതിന്റെ ആവര്‍ത്തനമാണ്.
സയണിസം വംശീയവാദമാണ്. ഒരു പ്രത്യേക മതവംശത്തില്‍ പെട്ടവര്‍ക്കായിട്ടാണ് ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ 3379ാം നമ്പര്‍ പ്രമേയത്തിലൂടെ യുഎന്‍ പൊതുസഭ സയണിസമെന്നത് വംശീയതയുടെയും വംശവിവേചനത്തിന്റെയും ഒരു രൂപമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 1991ല്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സമ്മര്‍ദഫലമായി ആ പ്രമേയം റദ്ദാക്കിയിട്ടുണ്ടെങ്കിലും ‘ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത’ ഫലസ്തീന്‍കാരെ അര്‍ധമനുഷ്യരായിട്ടാണ് കണക്കാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നയമാണത്.
ഫലസ്തീന്‍ ചരിത്രഭൂമി മുഴുവന്‍ കൈക്കലാക്കുന്നതിനു തടസ്സം നില്‍ക്കുന്ന തദ്ദേശവാസികളെ ഇസ്രായേല്‍ ഉന്നംവയ്ക്കുന്നു. വിശാല ഇസ്രായേല്‍ സ്ഥാപിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഫലസ്തീന്‍കാരെയോ യഹൂദരല്ലാത്തവരെയോ കൊല്ലുന്നതിന് അവരുടെ മാനദണ്ഡം അതു മാത്രമാണ്. ശാസ്ത്രജ്ഞന്‍മാര്‍, സമുദായ നേതാക്കന്‍മാര്‍, മതപണ്ഡിതന്‍മാര്‍ എന്നുവേണ്ട, തങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഏവരും അവരുടെ ശത്രുക്കളാണ്. മതം, ലിംഗം, പൗരത്വം, പ്രായം ഒന്നുമതിനു തടസ്സമല്ല.
ഇത് ഏതെങ്കിലുമൊരു കൊലയാളിസംഘത്തിന്റെ കടുംകൈയല്ല. ഇപ്പോള്‍ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു നേരിട്ടുള്ള പങ്കുണ്ട്. ഇസ്രായേലിന്റെ കാര്യത്തില്‍ ഭീകരപ്രവര്‍ത്തനമെന്നത് ഏതെങ്കിലും വ്യക്തിയുടെയോ സര്‍ക്കാരേതര സംഘടനയുടെയോ പ്രവര്‍ത്തനരീതിയല്ല. അത് ഇസ്രായേല്‍ രാഷ്ട്രത്തെത്തന്നെ നിര്‍വചിക്കുന്നു.
കൂട്ടക്കൊലകള്‍ നടത്തുന്ന ദൗത്യങ്ങള്‍ക്ക് എല്ലാ ഇസ്രായേലി പ്രധാനമന്ത്രിമാരും കല്‍പന കൊടുത്തിട്ടുണ്ട്. അവര്‍ ഫലസ്തീന്‍കാരെ മാത്രമല്ല കൊലപ്പെടുത്താറ്. എന്നാല്‍, ഭരണകൂടം ഇത്തരം ക്രൂരതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല, ദൗത്യങ്ങള്‍ പരാജയപ്പെടുമ്പോള്‍ പോലും. ഇസ്രായേല്‍ അതിന്റെ ചരിത്രത്തിനിടയില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ അക്രമങ്ങളും വംശശുദ്ധീകരണവും കൂട്ടക്കൊലയും നടത്തിയിട്ടുണ്ട്. എന്നാല്‍, അതിനൊന്നും അവര്‍ വിചാരണ നേരിട്ടിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും അവര്‍ യാതൊരു കൂസലുമില്ലാതെ അവഗണിക്കുന്നു. കാരണം, പടിഞ്ഞാറുള്ള സുഹൃത്തുക്കള്‍- വിശേഷിച്ചും വീറ്റോ അധികാരമുള്ള യുഎസ്- അവരെ പിന്തുണയ്ക്കുന്നതാണ്.
യുദ്ധക്കുറ്റവാളികള്‍ എന്നു സംശയിക്കപ്പെടുന്ന ഇസ്രായേലികളെ സംരക്ഷിക്കുന്നതിനായി നിയമം തന്നെ ഭേദഗതി വരുത്തിയ രാജ്യമാണ് ബ്രിട്ടന്‍. ഒരിക്കല്‍ മുന്‍ ഇസ്രായേലി വിദേശകാര്യമന്ത്രി സിപി ലിവ്‌നിക്ക് അറസ്റ്റ് ഭയന്ന് ബ്രിട്ടിഷ് സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നപ്പോഴാണ് ബ്രിട്ടിഷ് ഭരണകൂടം നിയമം മാറ്റിയെഴുതിയത്. യുദ്ധക്കുറ്റവാളികളെ സഹായിക്കുന്നവര്‍ ആ കുറ്റങ്ങളില്‍ പങ്കാളികളാവുകയാണ്. ഇത്തരം നടപടികള്‍ മൂലം ഇസ്രായേലി നേതാക്കന്‍മാര്‍ക്ക് ഏതു നിയമലംഘനവും നടത്താന്‍ ധൈര്യം ലഭിക്കുന്നു. ഇസ്രായേല്‍ വധശിക്ഷ റദ്ദാക്കിയ രാജ്യമാണെങ്കിലും നിയമബാഹ്യമായ കൊലകളുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ മറികടക്കുന്നു. എന്നാല്‍, ‘മധ്യപൗരസ്ത്യത്തിലെ ഒരേയൊരു ജനാധിപത്യം’ എന്ന കപടവാദം അവര്‍ അപ്പോഴും ഉയര്‍ത്തുന്നു.
1948ല്‍ ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സായുധ സംഘടനകളുടെ നേതാക്കളാണ് പിന്നീട് പ്രധാനമന്ത്രിമാരോ രാഷ്ട്രീയ പ്രമുഖരോ ആയി മാറിയത്. 1999-2001 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന യഹൂദ് ബറാകാണ് മൂന്നു മിനിറ്റിനുള്ളില്‍ 300 ഫലസ്തീന്‍കാരെ താന്‍ വകവരുത്തിയിരുന്നെന്ന് ഒരു ലജ്ജയുമില്ലാതെ ഈയിടെ വിളിച്ചുകൂവിയത്. ഇടതുപക്ഷത്താണെന്നു വിശേഷിപ്പിക്കപ്പെടുന്ന ലേബര്‍ പാര്‍ട്ടി നേതാവായിരുന്നു ബറാക് എന്നത് വിചിത്രമായിരിക്കുന്നു. ഇസ്രായേലി രാഷ്ട്രീയം എത്രമാത്രം വലതുപക്ഷത്താണെന്ന് ഇതു തെളിയിക്കുന്നു. എന്നാല്‍, മറ്റു ലേബര്‍ നേതാക്കളേക്കാള്‍ ക്രൂരനല്ല ബറാക്. മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് അറബ് ലോകത്ത് അറിയപ്പെടുന്നത് നൊബേല്‍ സമ്മാനം നേടിയതിനല്ല. മറിച്ച്, 1996 ഏപ്രില്‍ 18നു ഖനാ ഗ്രാമത്തില്‍ ലബ്‌നാനികള്‍ അഭയം പ്രാപിച്ച ക്യാംപിലേക്ക് പീരങ്കിയുതിര്‍ത്തു 106 പേരെ കൊലപ്പെടുത്തിയതിനാണ്.
സപ്തംബര്‍ 29ന് യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ മലേസ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ് മനുഷ്യരുടെ പെരുമാറ്റത്തിലും ചിന്തയിലുമുള്ള ഈ വൈരുധ്യം എടുത്തുകാട്ടുന്നുണ്ട്. ”യുദ്ധങ്ങള്‍ കൊലകള്‍ പ്രോല്‍സാഹിപ്പിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നുവെന്ന് നമുക്ക് അറിയാം. കൊലകള്‍ വീരകൃത്യമാവുന്നു; കൊലയാളികള്‍ വീരന്‍മാരാവുന്നു. നെഞ്ചില്‍ തൂക്കിയിടാന്‍ അവര്‍ക്ക് മെഡലുകള്‍ ലഭിക്കും. അവരുടെ പ്രതിമകള്‍ ഉയരും. ചരിത്രഗ്രന്ഥങ്ങളില്‍ അവരുടെ നാമം രേഖപ്പെടുത്തപ്പെടും. നമ്മുടെ ചിന്താരീതിയിലും മൂല്യവ്യവസ്ഥയിലും എന്തോ കുഴപ്പമുണ്ട്. ഒരാളെ കൊല്ലുന്നവന്‍ കൊലപാതകിയാണ്. ഒരു ദശലക്ഷത്തെ കൊല്ലുന്നവന്‍ വീരനാവുന്നു”- മഹാതീര്‍ പറഞ്ഞു. ഈ വാചകങ്ങള്‍ ഇസ്രായേലി നയം ചുരുക്കി പറയുന്നു. പാശ്ചാത്യരാഷ്ട്രങ്ങളുടെ അലംഭാവവും ഇസ്രായേലിന്റെ അക്രമാസക്തിയുമാണ് ഇതു സാധ്യമാക്കുന്നത്.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ അതിതീവ്ര മതാധിഷ്ഠിത കക്ഷി അധികാരത്തില്‍ വരുന്നതുവരെ ഇസ്രായേല്‍ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രമല്ലെന്ന് ലോകത്തെ അറിയിക്കുന്നതിന് ഫലസ്തീന്‍കാര്‍ക്ക് ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അതു മതത്തെയും വംശത്തെയും ആലംബമാക്കുന്ന ഒരു നവകൊളോണിയല്‍ രാഷ്ട്രമായിരുന്നുവെങ്കിലും. ആ തെറ്റായ പ്രതിച്ഛായ മാറ്റിയെടുത്തതിന് നാം നെതന്യാഹുവിനും സാംസ്‌കാരിക മന്ത്രി മിറി റജീവിനും രാജ്യരക്ഷാ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനും വിദ്യാഭ്യാസ മന്ത്രി നഫ്ത്തലി ബെനറ്റിനും അതുപോലുള്ള രക്തദാഹികളായ ദിനോസറുകള്‍ക്കും നാം നന്ദി പറയേണ്ടതുണ്ട്. ഇപ്പോള്‍ യഥാര്‍ഥത്തില്‍ ഇസ്രായേല്‍ എന്താണെന്ന് ഫലസ്തീന്‍കാരല്ലാത്തവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.
അതേയവസരം, അറബ് തലസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. നെതന്യാഹുവും അദ്ദേഹത്തിന്റെ പിണിയാളുകളും പല അറബ് ഭരണാധികാരികളെയും കെണിയിലാക്കിയിരിക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിലധികമായി അറബികള്‍ വെറും കാടന്‍മാരായ മരുഭൂവാസികളാണെന്നാണ് സയണിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതേ അറബികളുടെ അംഗീകാരം നേടാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ യുഎഇയില്‍ വച്ച് ഇസ്രായേലി ദേശീയഗാനം ആലപിക്കുമ്പോള്‍ അത് കേട്ടുകൊണ്ടിരുന്ന ഇസ്രായേലി മന്ത്രി റജീവ് കണ്ണീര്‍ പൊഴിച്ചതിന് ഒരുപാട് അര്‍ഥങ്ങളുണ്ട്.
അറബ് ഏകാധിപതികള്‍ ധരിച്ചിരിക്കുന്ന നിയമസാധുതയുടെ അവസാനത്തെ അത്തിയില വരെ താഴെ വീഴുന്നതിനാണ് ഇസ്രായേലുമായുള്ള ബാന്ധവം വഴിവയ്ക്കുക. വിദേശ ശക്തികളെ ആശ്രയിച്ചുകൊണ്ട് അവര്‍ നടത്തുന്ന അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരേ ഹതാശരായ അറബ് യുവത പ്രക്ഷോഭത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുക.
കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്ന നെതന്യാഹു വലിയ നേട്ടങ്ങള്‍ കൈവരിച്ച ഒരാളെന്ന പ്രതിച്ഛായ ആഗ്രഹിക്കുന്നു. ദീര്‍ഘദൃഷ്ടിയില്ലാത്ത അദ്ദേഹം യുഎസില്‍ ഡോണള്‍ഡ് ട്രംപ് ഭരിക്കുന്ന വേളയില്‍ അമേരിക്കയില്‍ നിന്ന് കഴിയുന്നത്ര ആനുകൂല്യങ്ങള്‍ അടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
അറബ് ഭരണകൂടങ്ങള്‍ക്ക് എന്താണ് ഇസ്രായേലുമായുള്ള ബാന്ധവം കൊണ്ടുള്ള ഗുണം? നൂറ്റാണ്ടുകളായി പാശ്ചാത്യര്‍ നമ്മുടെ പ്രദേശങ്ങള്‍ കോളനികളാക്കി കൈവശം വച്ചു. രണ്ടു ലോകയുദ്ധങ്ങള്‍ കാരണം പാപ്പരാവുകയും സാമ്രാജ്യത്വത്തിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ക്ക് കോളനികളില്‍ വലിയ സൈനിക വിഭാഗങ്ങളെ നിലനിര്‍ത്താനുള്ള ത്രാണിയില്ലാതായി. ചെലവു കുറഞ്ഞ മറ്റു ചില പദ്ധതികളിലൂടെ കോളനികളെ നിലനിര്‍ത്താമോ എന്നാണ് അവര്‍ പരിശോധിച്ചത്.
അതിന്റെ ഭാഗമായി അറബ് ഭൂമിയെ അവര്‍ ചെറുഖണ്ഡങ്ങളാക്കി വിഭജിച്ച് അവയെ രാഷ്ട്രങ്ങള്‍ എന്നു വിളിച്ചു. തങ്ങള്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് ഭരിക്കുന്ന സാമന്തന്‍മാരെ നിയോഗിച്ചു. അതായത്, മറ്റു പല ആധുനിക രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി അറബ് ഭരണകൂടങ്ങളുടെ നിയമസാധുത പൗരന്‍മാരില്‍ നിന്നു വരുന്നതല്ല. ബ്രിട്ടന്റെയോ അമേരിക്കയുടെയോ ഫ്രാന്‍സിന്റെയോ പിന്തുണയില്ലെങ്കില്‍ അവയ്ക്ക് നിലനില്‍പില്ല. പല അറബ് ഭരണാധികാരികളും ഇസ്രായേലിനെ അമേരിക്ക നിയോഗിച്ച വൈസ്രോയി ആയിട്ടാണ് കണക്കാക്കുന്നത്. തങ്ങളുടെ പ്രജകള്‍ ഇത് അറിയരുതെന്ന് അവര്‍ കരുതുന്നതിനാലാണ് അവര്‍ സയണിസ്റ്റ് രാഷ്ട്രത്തിനെതിരേയുള്ള വാചകമടി തുടരുന്നതും. അറബ് ലോകത്ത് പലരും ഈ ദൗത്യത്തിനപ്പുറം കടന്ന് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു സംശയം പ്രകടിപ്പിക്കാറുണ്ട്.
അറബികളെ വിഘടിപ്പിച്ച് ദുര്‍ബലരാക്കി നിര്‍ത്തുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു. ഒമ്പത് അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രായേലുമായി പൂര്‍ണ നയതന്ത്രബന്ധമുണ്ട്. ആറു രാഷ്ട്രങ്ങള്‍ അനൗപചാരികമായി സയണിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നു. ഇസ്രായേലിന്റെ സുഹൃത്തുക്കളില്‍ ഇപ്പോള്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍, ഖത്തര്‍, ഒമാന്‍ തുടങ്ങിയവയുണ്ട്. ബാക്കിയുള്ളവ തങ്ങളുടെ ഊഴം കാത്തിരിക്കുകയാവും. ഇവയൊക്കെ ഏകാധിപത്യ രാജ്യങ്ങളാണ്. ഇതില്‍ ഒരു രാജ്യത്തും പാര്‍ലമെന്ററി ജനാധിപത്യമോ നിയമവാഴ്ചയോ ഇല്ല. മനുഷ്യാവകാശ പ്രവര്‍ത്തകരും വിമതരും ദീര്‍ഘകാലത്തേക്ക് ജയിലിലടയ്ക്കപ്പെടുന്നു. ആ അര്‍ഥത്തില്‍ ‘അറബ് ലോകത്തെ ഒരേയൊരു ജനാധിപത്യ’ത്തിന് അവരില്‍ സുഹൃത്തുക്കളെ കാണാനൊക്കില്ല.
പക്ഷേ, നമുക്ക് അറിയാവുന്ന ഒരു കാര്യം, അറബ് ലോകത്ത് ജനാധിപത്യം വരുന്നത് ഇസ്രായേലിന് ഇഷ്ടമില്ല എന്നതാണ്. ജനാധിപത്യം വരുമ്പോള്‍ തങ്ങള്‍ ആ മേഖലയ്ക്ക് അന്യമായൊരു അസ്തിത്വമാണെന്ന വസ്തുത കൂടുതല്‍ വ്യക്തമാവും. കാരണം, ഒരു ജനതയും അധിനിവേശം ഇഷ്ടപ്പെടുകയില്ല. ചരിത്രവും നാഗരികതയും മായ്ച്ചുകളയുന്ന വംശീയതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ വിശേഷിച്ചും. അതുകൊണ്ടാണ് ഇസ്രായേല്‍ അറബ് ഏകാധിപത്യങ്ങളെ ഇഷ്ടപ്പെടുന്നത്.
ഇസ്രായേല്‍ എന്തു ചെയ്താലും പറഞ്ഞാലും അറബ് ഏകാധിപത്യ വ്യവസ്ഥയുടെ അവിഘടിതമായ ഒരു ഭാഗമായാണ് അതു നിലനില്‍ക്കുക. അറബ് ഏകാധിപത്യങ്ങളുടെ തകര്‍ച്ചയോടൊപ്പമാണത് തകര്‍ന്നുവീഴുക. ഒരിക്കലും മറക്കുകയോ ക്രൂരതകള്‍ പൊറുക്കുകയോ ചെയ്യാത്ത ഒരു മേഖലയിലെ യാഥാര്‍ഥ്യങ്ങള്‍ അധികാരലഹരി തലയ്ക്കു കയറിയ സയണിസ്റ്റ് രാഷ്ട്രത്തെ വൈകാതെ നിലയ്ക്കു നിര്‍ത്തുമെന്ന് കരുതാവുന്നതാണ്. ി

(ഏഷ്യ മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ പ്രസിഡന്റായ ഫലസ്തീന്‍
എഴുത്തുകാരനാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss