|    Oct 23 Tue, 2018 11:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്‌ : സിന്ധുവും പി കശ്യപും പ്രീ ക്വാര്‍ട്ടറില്‍

Published : 14th September 2017 | Posted By: fsq

 

പ്യോങ്‌യാങ്: ഇന്ത്യന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധുവും പി കശ്യപും കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റിന്റെ ആദ്യ ദിനം ഇരുവരും ഗംഭീര പ്രകടനത്തോടെ മുന്നേറിയപ്പോള്‍ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്ന സിന്ധു ഹോങ്കോങ്ങിന്റെ നാന്‍ യി ചിയൂങിനെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഉജ്വല ഫോമിലെത്തിയ സിന്ധു 29 മിനിറ്റിനുള്ളില്‍ വിജയം പിടിച്ചെടുത്തു. സ്‌കോര്‍ 21-13, 21-8. അടുത്തിടെ സമാപിച്ച ലോക ചാംപ്യന്‍ഷിപ്പിലും സിന്ധു നാന്‍ യി ചിയൂങിനെ പരാജയപ്പെടുത്തിയിരുന്നു.അതേസമയം പുരുഷ സിംഗിള്‍സില്‍ ചൈനയുടെ ഹസു ജെന്‍ ഹാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കശ്യപ് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. സ്‌കോര്‍ 21-13, 21-16. മറ്റൊരു താരം സായ് പ്രണീതും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഹോങ്കോങ്ങിന്റെ ഹൂ യുന്നിനെതിരേയാണ് പ്രണീത് ജയം നേടിയത്. സ്‌കോര്‍ 21-15, 21-10. അതേസമയം സമീര്‍ വര്‍മ തായ്‌ലന്‍ഡിന്റെ ടനോഗ്‌സാക്ക് സെയ്ന്‍സോബുസ്‌ക്കിനെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-13, 21-23, 21-9 എന്ന സ്‌കോറിനാണ് സമീര്‍ വിജയം കണ്ടത്. എന്നാല്‍ സൂപ്പര്‍ താരം എച്ച് എസ് പ്രണോയ് തോല്‍വിയോടെ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ലോക ഒമ്പതാം നമ്പര്‍ താരം കാലോങ് ആങ്കൂസിനോട് പരാജയപ്പെട്ടാണ് പ്രണോയ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 17-21, 23-21, 14-21 എന്ന സ്‌കോറിനാണ് പ്രണോയ് മുട്ടുമടക്കിയത്. മറ്റൊരു ഇന്ത്യന്‍ താരം സൗരവ് വര്‍മയും തോല്‍വിയോടെ ആദ്യ റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ കെന്റെ നിഷിമോട്ടോയോട് 13-21, 19-21 എന്ന സ്‌കോറിനാണ് സൗരവ് വര്‍മ തോല്‍വി സമ്മതിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- റാങ്കിറെഡി സഖ്യവും തോല്‍വിയോടെ പുറത്തായി. ചുന്‍ മാന്‍- ടി യിങ് സ്യൂട്ട് സഖ്യത്തോട് 18-21, 19-21 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് അശ്വിനി പൊന്നപ്പ- റാങ്കിറെഡി സഖ്യം കൊറിയന്‍ ഓപണ്‍ കിരീടം നഷ്ടപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss