|    Apr 22 Sun, 2018 10:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കൊറിയയുടെ ഭാവി; ലോകത്തിന്റെയും

Published : 31st May 2016 | Posted By: SMR

അഡ്വ. ജി സുഗുണന്‍

കൊറിയ ഏഷ്യയിലെ കിഴക്കന്‍ തീരത്തെ ചരിത്രപ്രാധാന്യമുള്ള ഒരു രാജ്യമായിരുന്നു. വടക്കന്‍ ചൈനയിലെ ഒരുകൂട്ടം ആളുകള്‍ ക്രിമു മൂന്നാംനൂറ്റാണ്ടില്‍ കുടിയേറി സ്ഥാപിച്ചതാണ് കൊറിയ എന്നാണു ചരിത്രം. 1910ല്‍ ജപ്പാന്‍ ഈ രാജ്യം പിടിച്ചടക്കി. 1945ല്‍ രണ്ടാം ലോകയുദ്ധത്തില്‍ പരാജയമടഞ്ഞ ജപ്പാനില്‍ നിന്നു കൊറിയക്ക് മോചനം ലഭിച്ചു. 1948ല്‍ കൊറിയ തെക്കന്‍ കൊറിയയും വടക്കന്‍ കൊറിയയുമായി വിഭജിക്കപ്പെടുകയും ചെയ്തു. വടക്കന്‍ കൊറിയ സോവിയറ്റ് റഷ്യയുടെയും തെക്കന്‍ കൊറിയ അമേരിക്കയുടെയും നേതൃത്വത്തിലാണ് നിലവില്‍ വന്നത്. 1948ല്‍ തന്നെ വടക്കന്‍ കൊറിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. അന്നുമുതല്‍ 1994ല്‍ മരിക്കുന്നതുവരെ കിം ഇല്‍ സങ് ആയിരുന്നു പരമാധികാരി.
2011ല്‍ വടക്കന്‍ കൊറിയന്‍ മേധാവിയായിരുന്ന പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് കിങ് ജോങ് ഉന്‍ രാഷ്ട്രത്തിന്റെ പരമാധികാരിയായി ചുമതലയേറ്റത്. അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹം കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാംസെക്രട്ടറിയായിരുന്നു. കിങ് ജോങ് രൂപം നല്‍കിയ ‘സോങുന്‍’ (ആദ്യം സൈന്യം) എന്ന ആശയത്തിനു പകരം ‘യോങ്ജില്‍’ എന്ന പുത്തനാശയം നടപ്പാക്കുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് കിം ജോങ് ഉന്‍ നടത്തിയിരുന്നത്. സമ്പദ്ഘടനയോടൊപ്പം അണ്വായുധങ്ങളും വികസിപ്പിക്കുകയാണ് ‘യോങ്ജില്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
2003ല്‍ അണ്വായുധം കൈവശം വയ്ക്കുന്നത് തടയുന്നതിനുള്ള കരാറില്‍നിന്നു പിന്മാറിയ ഉത്തര കൊറിയ 2006 മുതലാണ് ആണവപരീക്ഷണം തുടങ്ങിയത്. 2011ലും പരീക്ഷണം ആവര്‍ത്തിച്ചു. ലോക പൊതുജനാഭിപ്രായം എതിരായിരുന്നെങ്കിലും ലോകശക്തികളെയാകെ പ്രകോപിപ്പിച്ചുകൊണ്ട് ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും വടക്കന്‍ കൊറിയ ആണവപരീക്ഷണം നടത്തി. കൊറിയന്‍ തീരത്ത് അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ പരിശീലനമാണ് ഈ ആണവപരീക്ഷണം നടത്താന്‍ വടക്കന്‍ കൊറിയയെ നിര്‍ബന്ധിതമാക്കിയതെന്നാണ് പറയപ്പെടുന്നത്. വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങില്‍ ഈയിടെ നടന്ന കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഏഴാമത് പാര്‍ട്ടി കോണ്‍ഗ്രസ് എന്തുകൊണ്ടും പ്രാധാന്യമുള്ള ഒന്നായിരുന്നു. 36 വര്‍ഷത്തിനുശേഷം ഇതാദ്യമായിട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന സംബന്ധിച്ചും അണ്വായുധം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടി മേധാവി കിം ജോങ് ഉന്നിന്റെ ആശയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുക എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 3,000 പ്രതിനിധികളാണ് പങ്കെടുത്തത്. എന്നാല്‍, ഉത്തര കൊറിയയുമായി സൗഹാര്‍ദം പുലര്‍ത്തുന്ന ചൈനീസ് പ്രതിനിധികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അസാന്നിധ്യം ഏവരുടെയും ശ്രദ്ധയ്ക്ക് പാത്രമായ ഒന്നാണ്. കിം ജോങ് ഉന്നിന്റെ ആണവതാല്‍പര്യങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അഭിപ്രായഭിന്നതകളുടെ ഭാഗമായാണ് ഈ അസാന്നിധ്യമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പ് 1980ലെ പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളെ ആ രാജ്യം അയച്ചിരുന്നതുമാണ്.
ഉത്തര കൊറിയ സാമ്പത്തികമായി പിന്നണിയിലാണ്. തൊഴിലില്ലായ്മയും മറ്റു പ്രശ്‌നങ്ങളും ഇനിയും പരിഹരിക്കപ്പെടേണ്ടതായുണ്ട്. വ്യാവസായിക വികസനവും കാര്‍ഷിക വികസനവുമെല്ലാം അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങള്‍ക്ക് മുഖ്യ പരിഗണന പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ചെയര്‍മാനായി കിം ജോങ് ഉന്നിനെ പാര്‍ട്ടി കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുത്തു. അണ്വായുധം ആദ്യം ഉപയോഗിക്കുകയില്ലെന്നും കൊറിയകളെ ഏകീകരിക്കുമെന്നും തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത കിം ജോങ് ഉന്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക-ആണവ ശക്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
33കാരനായ കിം ജോങിന്റെ പ്രസംഗം വന്‍ കൈയടിയോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. പഴയ ശത്രുരാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിം ജോങ് ഉന്നിന്റെ കാലത്താണ് രാജ്യം മൂന്നാമതും നാലാമതും ആണവപരീക്ഷണങ്ങള്‍ നടത്തിയത്. അഞ്ചാമത് ആണവപരീക്ഷണത്തിന് ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തോടെ രാജ്യം തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകളും പ്രചരിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ഉദ്ഘാടനവേളയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് കിം ജോങ് ഉന്‍ പ്രസംഗം നടത്തിയതെന്നാണ് റിപോര്‍ട്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം അത്യുജ്ജ്വലവും ത്രസിപ്പിക്കുന്നതുമായിരുന്നുവെന്ന് കിം ജോങ് പറഞ്ഞതായി റിപോര്‍ട്ടുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സിനെപ്പറ്റി റിപോര്‍ട്ട് ചെയ്യാന്‍ വിദേശമാധ്യമങ്ങള്‍ക്ക് കോണ്‍ഫറന്‍സ് ഹാളിനകത്ത് അനുമതി നല്‍കിയിരുന്നില്ല.
ഇന്ന് ലോകരാഷ്ട്രീയം സംഘര്‍ഷഭരിതമായി മാറിയിരിക്കുകയാണ്. സാമ്രാജ്യത്വവും സാമ്രാജ്യത്വവിരുദ്ധശക്തികളും തമ്മിലും മുതലാളിത്തശക്തികളും മുതലാളിത്തേതര ശക്തികളും തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും ലോകത്തൊട്ടാകെ നടന്നുകൊണ്ടിരിക്കുകയാണ്. ഇരു കൊറിയകളുടെയും ജനനം തന്നെ അമേരിക്കയുടെയും സോവിയറ്റ് റഷ്യയുടെയും തര്‍ക്കങ്ങളില്‍നിന്നും കടുത്ത സംഘര്‍ഷങ്ങളില്‍നിന്നുമാണ്. അമേരിക്ക ഇപ്പോഴും ദക്ഷിണ കൊറിയയെ പിന്തുണച്ചുകൊണ്ടും വടക്കന്‍ കൊറിയയെ എതിര്‍ത്തുകൊണ്ടും രംഗത്തുണ്ട്. പഴയ സോവിയറ്റ് റഷ്യയുടെ ശക്തി റഷ്യക്ക് ഇന്നില്ല. ചൈനയാവട്ടെ ഉത്തര കൊറിയയെ ശക്തമായി പിന്തുണയ്ക്കാന്‍ ഇപ്പോള്‍ തയ്യാറുമല്ല. ചില പ്രശ്‌നങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവര്‍ തമ്മില്‍ നിലനില്‍ക്കുന്നുമുണ്ട്. അമേരിക്കയുടെയും സാമ്രാജ്യത്വശക്തികളുടെയും കടന്നാക്രമണം ഉത്തര കൊറിയക്കെതിരേ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. ചെറുത്തുനില്‍പിനുവേണ്ടി മാത്രമാണ് ആണവശക്തിയാവാന്‍ ശ്രമിക്കുന്നതെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍, 2003ല്‍ അന്തര്‍ദേശീയ അണ്വായുധ ഉടമ്പടിയില്‍നിന്ന് പിന്തിരിഞ്ഞതിലൂടെ വളരെ സംശയത്തോടെയാണ് മറ്റു രാജ്യങ്ങള്‍ ഉത്തര കൊറിയയെ നോക്കിക്കാണുന്നത്. ഇതിന് ആക്കംകൂട്ടിക്കൊണ്ടാണ് ഈ വര്‍ഷം ജനുവരി 6ന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ ലോകത്തുനിന്ന് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഒറ്റപ്പെടല്‍ ഒരിക്കലും രാജ്യത്തിന് ഗുണം ചെയ്യുമെന്നു തോന്നുന്നില്ല. ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ രാജ്യത്തിനു പുറത്ത് ഇതുവരെ പോയിട്ടില്ല. ഒരു ലോകനേതാവിനെയും അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. ഇതെല്ലാം തന്നെ രാജ്യത്തിന്റെ ഒറ്റപ്പെടലിനെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
കിം ഇല്‍ സങിന്റെ ഈ നാട് ഇത്തരം കാര്യങ്ങള്‍ വീണ്ടും ഗൗരവമായ ഒരു പുനപ്പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അത് ആ രാജ്യത്തിനും ഈ ലോകത്തിനുതന്നെയും വലിയ ഗുണംചെയ്‌തേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss