|    Oct 24 Wed, 2018 4:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊറിയന്‍ തീരത്ത് യുഎസ് ബോംബര്‍ വിമാനങ്ങള്‍

Published : 25th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുകയും ഇരുരാഷ്ട്രനേതാക്കളും തമ്മില്‍ വാക്‌പോര് തുടരുകയും ചെയ്യുന്നതിനിടെ കൊറിയന്‍തീരത്ത് യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. സാധാരണഗതിയില്‍  യുദ്ധവിമാനങ്ങള്‍ എത്താറില്ലാത്ത കിഴക്കന്‍ തീരദേശ മേഖലയിലാണ് പോര്‍വിമാനങ്ങള്‍ പറന്നത്.സൈനികശക്തി പ്രദര്‍ശിപ്പിക്കലായിരുന്നു ഉദ്ദേശ്യമെന്നു യുഎസ് അധികൃതര്‍ അറിയിച്ചു. ഉത്തര കൊറിയയുടെ പ്രകോപനങ്ങളെ യുഎസ് എത്രത്തോളം ഗൗരവമായി കാണുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നതെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ പ്രസിഡന്റിനു നിരവധി സൈനിക മാര്‍ഗങ്ങളുണ്ടെന്ന സന്ദേശം കൂടിയാണ് ഇതു നല്‍കുന്നത്. യുഎസിനെയും അതിന്റെ സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ സൈനികശക്തി പൂര്‍ണമായും ഉപയോഗപ്പെടുത്തുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര കൊറിയന്‍ നേതാവിനു നേരെയുള്ള ട്രംപിന്റെ പരിഹാസങ്ങള്‍ യുഎസില്‍ റോക്കറ്റ് ആക്രമണം അനിവാര്യമാക്കുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. ഉത്തര കൊറിയക്കു മുകളിലൂടെ യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറത്തി മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു റിയോങ് ഹോയുടെ പ്രതികരണം. ഉത്തര കൊറിയയുടെ ഭീഷണിക്കു അധികം ആയുസ്സുണ്ടാവില്ലെന്നായിരുന്നു ഇതിനോട് ട്രംപ് പ്രതികരിച്ചത്.മിസൈല്‍, ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തി ഉത്തര കൊറിയക്കെതിരേ യുഎസ് ശക്തമായി രംഗത്തെത്തിയിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്നായിരുന്നു യുഎന്നില്‍ ട്രംപ് വിശേഷിപ്പിച്ചത്. ആണവപരീക്ഷണം ഉള്‍പ്പെടെ പ്രകോപനപരമായ സമീപനത്തില്‍ മാറ്റം വരുത്താന്‍ ഉത്തര കൊറിയ തയ്യാറായില്ലെങ്കില്‍ അവരെ പൂര്‍ണമായും തകര്‍ക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, മനോവിഭ്രാന്തിയുള്ള ട്രംപിന്റെ ഭീഷണിക്കു കനത്ത വിലനല്‍കേണ്ടിവരുമെന്നായിരുന്നു കിം ജോങ് ഉന്‍ പറഞ്ഞത്. ഉത്തര കൊറിയയിലെ കില്‍ജു കൗണ്ടിയില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കു  കാരണമായി. ഇതു സ്വാഭാവിക ഭൂചലനമാണെന്നും മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്നും ഉത്തര കൊറിയ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss