|    Nov 22 Thu, 2018 12:14 am
FLASH NEWS

കൊരട്ടി ഫൊറോന പള്ളിയില്‍ മുന്‍സിഫ് കോടതി നിയോഗിച്ച കമ്മീഷന്‍ പരിശോധനയ്‌ക്കെത്തി

Published : 29th July 2018 | Posted By: kasim kzm

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മുനിസിഫ് കോടതി നിയോഗിച്ച കമ്മീഷന്‍ പരിശോധനക്കെത്തി. റിട്ട. ഡിസ്ട്രിറ്റ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചോടെ അവസാനിപ്പിച്ചു. അടച്ചിട്ട മുറിയില്‍ നിലവിലെ പള്ളി കമ്മിറ്റയംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്.
കണക്ക് പുസ്തകത്തിലെ ലഡ്ജറുകളും വികാരിയുടെ മുറിയും പരിശോധിച്ചു. എന്നാല്‍ സ്‌ട്രോങ്ങ് റൂമിന്റെ താക്കോല്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പണം, സ്വര്‍ണ്ണം എന്നിവയെ പറ്റിയുള്ള പരിശോധന നടന്നില്ല. അടുത്ത ശനിയാഴ്ച കമ്മീഷന്‍ വീണ്ടും പരിശോധനക്കെത്തും. പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി കമ്മീഷനെ നിയോഗിച്ചത്. അതേ സമയം പള്ളിയിലെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അതിരൂപത നിയോഗിച്ച പുതിയ വികാരിയും സഹവികാരിമാരും പള്ളിയില്‍ ചാര്‍ജ്ജെടുത്തു. വൈകീട്ട് പള്ളിയിലെത്തിയ വൈദീകരെ വിശ്വാസികള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ക്രമക്കേട് സംബന്ധിച്ചുള്ള പിതാവിന്റെ ഇടയലേഖനം ഞായറാഴ്ച ദിവ്യബലിക്കിടെ വായിക്കും.
രാവിലെ 10ന് തുടര്‍ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഇടവക ജനങ്ങളുടെ പൊതുയോഗവും വിളിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള ആരോപണത്തെ തുടര്‍ന്ന് അങ്കമാലി-എറണാകുളം അതിരൂപത നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ നേര്‍ത്തെ പള്ളിയിലെത്തി അന്വേഷണം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആരോപണത്തെ തുടര്‍ന്ന് മുന്‍ വികാരിയെ സ്ഥലം മാറ്റുകയും പള്ളി കമ്മിറ്റിയിലെ അഞ്ച് പേരെ പുറത്താക്കുകയും ചെയ്തിരുന്നു. പരമ്പരാകതമായി പള്ളിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പള്ളിക്ക് ഭൂമി വാങ്ങുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് വില്പന നടത്തിയതായും എന്നാല്‍ ഇക്കാര്യം പാരിഷ് കൗണ്‍സിലില്‍ അറിയിച്ചിരുന്നില്ലെന്നും അന്ന് കണ്ടെത്തി.  ആറ് കിലോയോളം സ്വര്‍ണ്ണം വിറ്റതായും അറുപത് ലക്ഷം രൂപയുടെ കൃത്രിമം നടന്നതായും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ പള്ളിയുടെ കീഴിലുള്ള ആശുപത്രിയില്‍ മരുന്ന വിതരണം ചെയ്ത കമ്പനിക്കാര്‍ക്ക് നല്കാനുള്ള 82 ലക്ഷം രൂപയിലും പള്ളി ഏറ്റെടുത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളിലും നാലു കോടിയുടേയും കൃത്രിമം നടന്നിട്ടുള്ളതായും കണ്ടെത്തിയിരുന്നു. എന്നാല്‍ അപഹരിക്കപ്പെട്ട സ്വര്‍ണ്ണവും പണവും പള്ളിയില്‍ തിരികെ വയ്പ്പിക്കണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂല നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം വിശ്വാസികള്‍ കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss