|    Oct 17 Wed, 2018 6:53 am
FLASH NEWS

കൊരട്ടിച്ചാല്‍ പാടശേഖരത്തെ കൃഷിയിറക്കല്‍ പ്രതിസന്ധിയിലേക്ക്

Published : 11th September 2017 | Posted By: fsq

 

ചാലക്കുടി: വെള്ളക്കെട്ടും അട്ടശല്യവും രൂക്ഷമായതോടെ കൊരട്ടിച്ചാല്‍ പാടശേഖരത്തെ കൃഷിയിറക്കല്‍ പ്രതിസന്ധിയിലായി. എഴുപതേക്കറോളം വരുന്ന പാടശേഖരത്താണ് വെള്ളക്കെട്ടിനെ തുടര്‍ന്ന് കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. ഇതിന് പുറമെ അട്ടശല്യവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്ന് പൂകൃഷി വരെ ചെയ്തിരുന്ന പാടശേഖരത്തിനാണ് ഈ ദുര്‍ഗതി. പത്ത് വര്‍ഷത്തോളം കൃഷിയിറക്കാതെ തരിശായി കിടന്നിരുന്ന പാടശേഖരത്ത് രണ്ട് വര്‍ഷം മുമ്പാണ് കുലയിടം-കൊരട്ടിച്ചാല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ച് കര്‍ഷകര്‍ കൃഷിയിറക്കി തുടങ്ങിയത്. വെള്ളകെട്ടിനെ തുടര്‍ന്ന് ആദ്യ കൃഷിയിറക്കല്‍ ലാഭകരമായില്ല. ഇത്തവണ ഓണത്തിന് മുമ്പ് കൃഷിയിറക്കമണമായിരുന്നെങ്കിലും വെള്ളകെട്ടിനെ തുടര്‍ന്ന് തുടങ്ങാനായില്ല. പാടശേഖരം താഴ്ന്ന പ്രദേശമായതിനാല്‍ ചെറിയൊരു മഴ പെയ്താല്‍ പോലും കൃഷിയിടത്ത് വെള്ളകെട്ടാകും. പൊന്‍മണി വിത്താണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ നെല്‍ചെടികള്‍ക്ക് ഉയരവും ഉറപ്പും കൂടുതലായതിനാല്‍ എളുപ്പത്തില്‍ മറിയിഞ്ഞ് വീഴില്ല. ഇതാണ് പൊന്‍മണി നെല്ല് വിത്ത് ഇവിടെ ഉപയോഗിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മട്ടത്രിവേണി, ആലപ്പുഴ ത്രിവേണി തുടങ്ങിയ ഇനങ്ങളാണ് മുന്‍ കാലങ്ങളില്‍ ഇവിടെ ഉപയോഗിച്ചിരുന്നത്. ഈയടുത്തകാലത്താണ് അട്ടശല്യം രൂക്ഷമായത്. കൃഷിയിറക്കാതിരുന്ന കാലത്ത് മാലിന്യങ്ങള്‍ പാടശേഖരത്ത് നിക്ഷേപിച്ചതാണ് അട്ട ശല്യത്തിന് കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കൊരട്ടിച്ചാല്‍ വികസനം പൂര്‍ത്തിയാകുന്നതോടെ വെള്ളകെട്ടിന് ശമനമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ആര്‍.കെ.വി.വൈ.പദ്ധതി പ്രകാരം രണ്ട് കോടി രൂപയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. 2010ല്‍ അപേക്ഷിച്ച പദ്ധതി 2016ലാണ് ഇവിടെ തുടക്കമായത്. പദ്ധതിയുടെ മുക്കാല്‍ ഭാഗം പ്രവര്‍ത്തികളും ഇപ്പോള്‍ പൂര്‍ത്തിയായി. തോട് നിര്‍മ്മാണം, തടയണ നിര്‍മ്മാണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ട് കോടി 35ലക്ഷം രൂപയുടെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പ്രശ്‌ന പരിഹാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ട് കൈതോടുകള്‍, ചാലുകളുടെ പ്രവര്‍ത്തികള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ നടത്തുന്നത്. കൊരട്ടിച്ചാല്‍ പ്രവര്‍ത്തികള്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പാടശേഖരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. കൃഷിഓഫീസറുടെ സേവനമില്ലാത്തതും ഈ പാടശേഖര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. കാടുകുറ്റി കൃഷിഓഫീസിന്റെ പരിധിയില്‍പെടുന്നതാണ് ഈ പാടശേഖരം. ഇവിടെ കൃഷിഓഫീസറില്ലതായിട്ട് മാസങ്ങളായി. കൃഷിഓഫീസില്‍ നാഥനില്ലാതായതോടെ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കൊരട്ടി കൃഷി ഓഫീസര്‍ക്ക് കാടുകുറ്റിയിലെ ചുമതല കൂടി നല്കിയിട്ടുണ്ടെങ്കിലും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss