|    Jan 16 Mon, 2017 10:53 pm
FLASH NEWS

കൊയ്ത്ത് തുടങ്ങിയിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയില്ല

Published : 24th September 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ കൊയ്ത്താരംഭിച്ചെങ്കിലും സംഭരണവിലയും തീയതിയും പ്രഖ്യാപിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കൊയ്ത്തുകഴിഞ്ഞ കര്‍ഷകര്‍ കിട്ടിയ വിലക്ക് നെല്ലു വിറ്റഴിക്കേണ്ട അവസ്ഥയിലാണ്. നെല്ല് ഉണക്കി സൂക്ഷിക്കാന്‍ സ്ഥലസൗകര്യമില്ലാത്ത കര്‍ഷകര്‍ക്ക് കിട്ടിയ വിലക്ക് നെല്ലുവിറ്റഴിക്കുകയേ മാര്‍ഗമുള്ളൂ. പൊതുവിപണിയില്‍ നെല്ലിന്റെ വില കിലോക്ക് 17 രൂപയാണ്. സാഹചര്യം മുതലെടുത്ത് ഇതിലും കുറഞ്ഞ തുക—ക്കാണു മില്ലുകാര്‍ നെല്ല് ചോദിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചാല്‍ ആനുപാതികമായി വിപണി വിലയിലും വ്യത്യാസം ഉണ്ടാകും. കഴിഞ്ഞ രണ്ടാംവിളക്ക് 21.50 രൂപ നിരക്കിലാണു നെല്ലെടുത്തിരുന്നത്. ഇത്തവണ ഒന്നാം വിളയില്‍ സംഭരണവില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ മേഖലകളില്‍ ഉടനടി സംഭരണം ആരംഭിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. സപ്ലൈകോ നെല്ലെടുപ്പ് ആരംഭിച്ചാല്‍ പൊതുവിപണിയിലെ ചൂഷണത്തിനും ഒരു പരിധിവരെ ശമനമാകും.
നെല്ലെടുപ്പിനായി ഭൂരിഭാഗം കര്‍ഷകരും സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്രനിര്‍ദേശ പ്രകാരം ഒക്ടോബര്‍ ഒന്നിനുശേഷമേ സംഭരണം ആരംഭിക്കുകയുള്ളൂ. അതുവരെ നെല്ല് സൂക്ഷിച്ചുവെക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ജില്ലയില്ല. ഈ സാഹചര്യത്തില്‍ സപ്ലൈകോ സംഭരണം ആരംഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. ഇതിനിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചാറ്റല്‍ മഴ ലഭിച്ചുതുടങ്ങിയതോടെ കൊയ്ത്തു കഴിഞ്ഞ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലാകുകയാണ്. നെല്ല് മഴ നനഞ്ഞാല്‍ മുളച്ചുപൊന്തി ഉപയോഗശൂന്യമാകും. അതേസമയം ജില്ലയിലെ നെല്ലു സംഭരണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഭക്ഷ്യ-പൊതുവിരണ മന്ത്രിക്കും കൃഷി മന്ത്രിക്കും പി കെ ബിജു എംപി കത്ത് നല്‍കി. ഒക്‌ടോബര്‍ ഒന്നുമുതല്‍ മാത്രമേ നെല്ലുസംഭരണം ആരംഭിക്കേണ്ടതുളളൂവെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രസ്തുത നിര്‍ദ്ദേശം കുറഞ്ഞ വിലക്ക് നെല്ല് സംഭരിക്കാമെന്ന് വ്യാമോഹിക്കുന്ന സ്വകാര്യ മില്ലുടമകള്‍ക്ക് ഗുണകരമായിരിക്കുകയാണ്. ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് ഇതുവരെ കൊയ്ത്ത് ആരംഭിക്കാത്തത്. ആലത്തൂര്‍ മേഖലയിലും, പാലക്കാട് ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഇതിനകം കൊയ്ത്ത് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കൊയ്‌തെടുത്ത നെല്ല് സംഭരിക്കാന്‍ കഴിയാതെ ഇവിടത്തെ കര്‍ഷകര്‍ പ്രയാസപ്പെടുന്നുണ്ട്. ഏതു നിമിഷവും പെയ്യാവുന്ന മഴയും കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നുണ്ട്. പ്രസ്തുത പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലക്ക് നെല്ല് സംഭരിക്കാന്‍ സ്വകാര്യ മില്ലടുമകളുടെഏജന്റുമാര്‍ സജ്ജീവമായി രംഗത്തുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരണം ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക