|    Sep 24 Sun, 2017 9:17 pm
FLASH NEWS

കൊയ്ത്തു തുടങ്ങിയിട്ടും നെല്ല് സംഭരണവില പ്രഖ്യാപിക്കാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു

Published : 2nd October 2016 | Posted By: SMR

പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാനുളള നടപടിയൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. സംഭരണകാര്യത്തിലെ അവ്യക്തത നീക്കാനും സംസ്ഥാന സര്‍ക്കാറിനു ഇതുവരെ കഴിഞ്ഞിട്ടില്ല. അതില്‍ പ്രധാനം സംഭരണവിലയുടെ കാര്യത്തിലാണ്. നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ക്കൊന്നും വ്യക്തത കൈവന്നിട്ടില്ല.
കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംഭരണവില പ്രഖ്യപിക്കണമെന്ന് കേരളത്തിലെ നെല്‍കര്‍ഷകര്‍ ഒന്നടങ്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വിലകല്‍പ്പിച്ചില്ല. സംഭരണവില നിശ്ചയമില്ലാതായതോടെ ഇപ്പോള്‍ കൊയ്ത്തുകഴിഞ്ഞ കര്‍ഷകര്‍ അങ്കലാപ്പിലാണ്. കൊയ്‌തെടുത്ത നെല്ലുവിറ്റിട്ടുവേണം കൃഷിയിറക്കിയതിന്റെ കടം തീര്‍ക്കാന്‍ എന്ന അവസ്ഥയാണ് കേരളത്തിലെ നെല്‍കര്‍ഷകരുടേത്. അതുകൊണ്ടുതന്നെ കൊയ്‌തെടുത്ത നെല്ല് അധികക്കാലം സൂക്ഷിക്കാന്‍ ഇവര്‍ക്കു കഴിയുകയുമില്ല.
നെല്ലിന്റെ സംഭരണവില പ്രഖ്യാപിക്കത്ത സാഹചര്യത്തില്‍ അവസരം മുതലാക്കാന്‍ സ്വകാര്യമില്ലുകാരും അവരുടെ ഏജന്റുമാരും സജീവമായി കര്‍ഷകര്‍ക്കുപിന്നാലെയുണ്ട്. സ്വകാര്യമില്ലുകാര്‍ കര്‍ഷകരില്‍ നിന്ന് ചുരുങ്ങിയ വിലയ്ക്ക് നെല്ല് കൈക്കലാക്കാനും തുടങ്ങിയിരിക്കുന്നു. രണ്ടാംവിളയിറക്കാന്‍ പണം അത്യാവശ്യമായതിനാല്‍ ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകര്‍ നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
ഒരു കിലോ നെല്ലിന് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വില 21.50 രൂപയാണ്. ഈ വില തികച്ചും അപര്യാപ്തമാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരു കിലോ നെല്ലുല്‍പ്പാദിപ്പിക്കുന്നതിന് 30 രൂപ ചിലവുവരുന്നുണ്ടെന്നും ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി പറഞ്ഞു. ഇത്തവണ കിലോയ്ക്ക് 30 രൂപ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൂടാതെ കര്‍ഷകരില്‍ നിന്ന് കയറ്റുകൂലി ഈടാക്കുന്നതു സംബന്ധിച്ച പ്രശ്‌നത്തിനും പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് സംഭരണവിലയായ കിലോയ്ക്ക് 21.50 രൂപയില്‍ 14.70രൂപ കേന്ദ്ര സര്‍ക്കാരും 6.80രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. പാലക്കാട്ട് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചപ്പോള്‍ 39,706പേരാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒന്നാം വിളയ്ക്ക് രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 5,262 കര്‍ഷകര്‍ കൂടുതല്‍. സംസ്ഥാനത്താകെ 65,334 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍. ഒരാള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഇടുക്കിയിലാണ് ഏറ്റവും കുറവ്.
ജില്ലയില്‍ കഴിഞ്ഞ ഒന്നാംവിളയ്ക്ക് 32,859 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. 9,17,70,117 കിലോഗ്രാം നെല്ല് സംഭരിച്ചപ്പോള്‍ 197.31കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. രണ്ടാം വിളയ്ക്ക് 38,940 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 282.72 കോടി രൂപയുടെ 13,14,99,764 കിലോഗ്രാം നെല്ല് സംഭരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണ കര്‍ഷകര്‍ക്ക് സംഭരിച്ച തുക അടിയന്തിരമായി തന്നെ കൊടുക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക