|    Jun 25 Mon, 2018 11:12 pm
FLASH NEWS

കൊയിലോട്ടുപാറയിലെ കരിങ്കല്‍ ക്വാറിക്കെതിരേ പരിസര സംരക്ഷണ സമിതി

Published : 17th November 2016 | Posted By: SMR

നരിക്കുനി: വീര്യമ്പ്രം കൊയിലോട്ടുപാറയിലെ കരിങ്കല്‍ ക്വാറിക്കെതിരേ പരിസര സംരക്ഷണ സമിതി രംഗത്ത്. അനിയന്ത്രിത ഖനനംമൂലം സമീപവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിസര സംരക്ഷണ സമിതി രൂപീകരിച്ച് സമരരംഗത്തിറങ്ങിയത്.  ക്വാറി കാരണം അപകടങ്ങളും സംഭവിക്കുന്നു. മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ണയിച്ചു കൊടുത്ത സ്ഥലത്ത് നിന്നു ഏക്കറുകള്‍ മാറി സ്‌ഫോടനം നടത്തിയതിനാല്‍ സമീപവാസിയായ മലയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ കരിങ്കല്ല് തെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം നിര്‍ത്തിവച്ച ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇരകളുടെ പരാതി പരിഹരിക്കാതെ നിയമങ്ങള്‍ ലംഘിച്ച് ദിവസേന മുന്നൂറോളം ലോഡുകള്‍ കടത്തുന്നുണ്ടെന്ന്് സമിതി ഭാരവാഹികള്‍ പറയുന്നു. ഈ ലൈസന്‍സ് മറയാക്കി നടത്തുന്ന അത്യുഗ്ര സ്‌ഫോടനം മൂലം സമീപത്തെ വീടുകള്‍ക്കും കിണറുകള്‍ക്കും വിള്ളലുകള്‍ ബാധിച്ചു. മൂന്നുപതിറ്റാണ്ടോളമായുള്ള അനിയന്ത്രിത ഖനനം കാരണം 150 അടിയിലധികം താഴ്ചയില്‍ ഏക്കര്‍ കണക്കിന് പ്രദേശത്ത് ആഗാധ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു ഭൂപ്രദേശത്തിന്റെ മുഴുവന്‍ സന്തുലിതാവസ്ഥ താറുമാറാക്കുന്ന ക്വാറിക്കെതിരേ വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ജനകീയ കണ്‍വന്‍ഷന്‍ എം അബ്ദുര്‍റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സത്യന്‍(സിപിഎം), മുഹമ്മദ് റഷീദ് (മുസ്‌ലിം ലീഗ്) പി സി സദാനന്ദന്‍(ബിജെപി) അഷ്‌റഫ് (എസ്ഡിപിഐ) സംസാരിച്ചു.

ക്വാറിയിലേക്ക് ജനകീയ മാര്‍ച്ച്
താമരശ്ശേരി: കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ പൊയിലങ്ങാടി കിഴക്കണ്ടം ക്വാറിക്കെതിരേ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വാറിയിലേക്ക് മാര്‍ച്ച് നടത്തി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി പ്രദേശത്തെ കിഴക്കണ്ടം പാറ ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശത്തെ നൂറോളം വീടുകള്‍ക്കും ഇരുനൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന മൂന്ന് കുടിവെള്ള പദ്ധതികള്‍ക്കും ഭീഷണിയാവുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരിങ്കല്ല് ഖനനമാണ് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുെന്നങ്കിലും നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ കരിങ്കല്ല് ഖനനം വീണ്ടും ആരംഭിച്ചു. പ്രദേശമാകെ പ്രകമ്പനം കൊള്ളുന്ന രീതിയിലാണ് ഇപ്പോള്‍ ഖനനം നടത്തുന്നത്.  ഇതോടെ പത്തോളം വീടുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ഏതാനും വീടുകള്‍ അപകടാവസ്ഥയിലാവുകയും ചെയ്തു. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി സെക്രട്ടറിക്കും ജില്ലാകലക്ടര്‍, റൂറല്‍ എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാര്‍ച്ച് മുനിസിപ്പല്‍ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ജമീല അധ്യക്ഷത വഹിച്ചു. ക്വാറി അടച്ചുപൂട്ടാത്ത പക്ഷം ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കനാണ് നാട്ടുകാരുടെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss