|    Feb 20 Tue, 2018 5:15 pm
FLASH NEWS

കൊയിലാണ്ടി ബൈപാസ് ഭൂമി ഏറ്റെടുക്കലുമായി സഹകരിക്കണമെന്ന് സര്‍ക്കാര്‍

Published : 26th January 2017 | Posted By: fsq

 

കൊയിലാണ്ടി: കൊയിലാണ്ടി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ്. 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കൊയിലാണ്ടി ടൗണ്‍ പൂര്‍ണമായും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവുമെന്നതിനാലാണ് താരതമ്യേന ബുദ്ധിമുട്ട് കുറവായ ബദല്‍ അലൈന്‍മെന്റ് തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ചര്‍ച്ചക്ക് വരികയും കൊയിലാണ്ടി ബൈപാസെന്ന നിര്‍ദേശം അംഗീകരിക്കുകയുമാണുണ്ടായത്. ഇക്കാര്യത്തില്‍ നാലു വട്ടം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി ബൈപാസ് സ്ഥലമെടുപ്പുമായി ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സ്ഥലമെടുപ്പിന്റെ സര്‍വേയ്‌ക്കെതിരേ ഏതാനും ആളുകള്‍ പ്രതിഷേധവുമായി വരുന്നതായി അറിഞ്ഞു. എന്നാല്‍, ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥരില്‍ നിന്നും കാര്യമായ എതിര്‍പ്പുകളൊന്നുമുണ്ടായിട്ടില്ലെന്നും ഉടമസ്ഥരല്ലാത്തവര്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയാണെന്നും എന്‍എച്ച് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും അറിയിച്ചു. കൂടാതെ 70 ശതമാനം പേരില്‍ നിന്നു സമ്മതപത്രം ലഭ്യമാക്കിത്തരാമെന്നും ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി.സ്ഥലം ഉടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങുന്ന കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭയ്ക്ക് പുറമെ മറ്റു രണ്ടു പഞ്ചായത്തുകളും ഇതിനു അനുകൂലമാണ്. പരമാവധി നഷ്ടങ്ങളൊഴിവാക്കിയും 2013ലെ നഷ്ടപരിഹാരപാക്കേജ് അനുസരിച്ച് ഉചിതമായ നഷ്ടപരിഹാരം നല്‍കിയുമായിരിക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇക്കാര്യങ്ങള്‍ ജനങ്ങളുമായി സംസാരിക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഫെബ്രുവരി ആറിനു ഇത് സംബന്ധിച്ച് ഒരു യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി മന്ത്രി സുധാകരന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss