|    Sep 26 Tue, 2017 12:56 pm

കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല: യാത്രക്കാര്‍ ദുരിതത്തില്‍

Published : 12th October 2016 | Posted By: Abbasali tf

കൊയിലാണ്ടി: നഗരത്തിലെ യാത്രാക്കുരുക്ക് അനുദിനം മുറുകുന്നു. ദേശീയപാതയില്‍ അരങ്ങാടത്ത് നിന്നും പോലിസ് സ്‌റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ദുസ്സഹമായ യാത്രാ പ്രശ്‌നം. ഈ ദുരിതത്തിന് മുന്നില്‍ നഗരസഭയും ട്രാഫിക് പോലിസും മോട്ടോര്‍വെഹിക്കിള്‍ വകുപ്പും നിസ്സഹായരായി മാറുന്നു. ഏകദേശം രണ്ടരകിലോമീറ്റര്‍ ദൈര്‍ഘ്യം യാത്ര ചെയ്യാന്‍ മണിക്കൂറുകളോളം സമയം ആവശ്യമാണ്. പ്രത്യേകിച്ചും രാവിലെയും വൈകീട്ടും. വര്‍ഷങ്ങളുടെ പഴക്കമുണ്ട് കൊയിലാണ്ടിയിലെ ഗതാഗതപ്രശ്‌നത്തിന്. ഓരോവര്‍ഷം കഴിയുമ്പോഴഉം ഏറിവരികയാണ് വാഹനങ്ങള്‍. അലസമായ ഡ്രൈവിങ്, അനധികൃതപാര്‍ക്കിങ്, എല്ലാം കൂടിയാകുന്നതോടെ യാത്ര ദുസ്സഹമാവുകയാണ്. ഇതിനു പുറമെയാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങള്‍.നഗരസഭയുടെ പ്രായം 20 വയസ്സ് പിന്നിട്ടിരിക്കയാണ്. എന്നിട്ടും അധികൃതര്‍ക്ക് ഒരു ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം രൂപീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഖേദകരം. പലപ്പോഴും വാഹനങ്ങള്‍ നാല് വരിയിലാണ് റോഡിലൂടെ നീങ്ങുക. ഇതൊന്നും കാണാനും നിയന്ത്രിക്കാനും ട്രാഫിക് പോലിസിന് കഴിയുന്നില്ല. ട്രാഫിക് പോലിസിന്റെ മുഖ്യജോലി ഹെല്‍മറ്റ് ഇല്ലാത്തവരെ വേട്ടയാടലാണ്. റോഡിലെ സീബ്രാലൈനുകള്‍ മാഞ്ഞിട്ട് മാസങ്ങളായി. ട്രാഫിക് വാരാചരണവും ബോധവല്‍ക്കരണവും മുറയ്ക്ക് നടക്കാറുണ്ട്. കൊയിലാണ്ടിയില്‍ ദേശീയപാത വികസനത്തിന് പകരം അനുവദിച്ചിരിക്കുന്നത് നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസാണ്. അതുകൊണ്ടു തന്നെ കൊയിലാണ്ടിയില്‍ ഗതാഗതപ്രശ്‌നത്തിന് പരിഹാരമുണ്ടാകാനിടയില്ല. വെറും രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയപാതയില്‍ ഉണ്ടാവുന്ന ഈ ഗതാഗതതടസ്സം പരിഹരിക്കാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്ഥവിഭാഗത്തിനോ ഒട്ടും താല്‍പര്യവുമില്ല. ഭാവനാപൂര്‍ണ്ണമായ ഒരു നേതൃത്വത്തിനേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ. അതിന് വേണ്ടി കാത്തിരിക്കുകയാണ് കൊയിലാണ്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക