|    Feb 21 Tue, 2017 10:56 pm
FLASH NEWS

കൊമ്മഞ്ചേരി കോളനിവാസികളെകാടിനു പുറത്തെത്തിച്ചു

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: പതിറ്റാണ്ടുകളായി വനത്തിനുള്ളില്‍ വന്യമൃഗങ്ങളോട്് പോരാടി താമസിച്ചിരുന്ന കൊമ്മഞ്ചേരി നിവാസികളെ കാടിനു പുറത്തെത്തിച്ചു. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കോളനിയിലെ അഞ്ചു കുടുംബങ്ങളെയാണ് ബുധനാഴ്ച രാവിലെ കാടിനു പുറത്തെത്തിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പെട്ട വനാന്തരഗ്രാമമാണ് കൊമ്മഞ്ചേരി. ചെതലയം കൊമ്പന്‍മൂലയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച ഷെഡുകളിലേക്കാണ് കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. കോളനിയില്‍ മൊത്തം 26 അംഗങ്ങളാണ് ഉള്ളത്. പതിറ്റാണ്ടുകളായി ഇവരെ കാടിനു പുറത്തെത്തിക്കാന്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. പിന്നീട് പ്രദേശം ഉള്‍പ്പെടുന്ന ഡിവിഷനിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കണ്ണിയന്‍ അഹമ്മദ്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സബ് ജഡ്ജി സ്ഥലം സന്ദര്‍ശിച്ചു. ഇവരുടെ ദുരിതപൂര്‍ണ ജീവിതാവസ്ഥ ജില്ലാ ജഡ്ജിയെ അറിയിക്കുകയും ആദിവാസികളെ എത്രയും പെട്ടെന്നു കാടിന് പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് അദ്ദേഹം ഉത്തരവിടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ, ട്രൈബല്‍, വനം, പോലിസ് വകുപ്പുകള്‍ ചേര്‍ന്നാണ് നടപടിയെടുത്തത്. ചെതലയം കൊമ്പന്‍മൂലയില്‍ വനംവകുപ്പിന്റെ സ്ഥലത്ത് താല്‍ക്കാലികമായി ഷെഡ് നിര്‍മിക്കുന്നതിന്നായി ട്രൈബല്‍ വകുപ്പ് 50,000 രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് താല്‍ക്കാലികമായി ഷെഡ് കെട്ടി നല്‍കി. കൂടാതെ ട്രൈബല്‍ വകുപ്പ്്് കുടുംബങ്ങള്‍ക്ക് രണ്ടു പോത്തുകുട്ടികളെ വീതം നല്‍കും. പ്രദേശത്തെ ചതുപ്പുനിലത്ത് കൃഷിചെയ്യാന്‍ താല്‍പര്യമുണ്ടങ്കില്‍ അതിനുള്ള സാമ്പത്തിക സഹായവും നല്‍കും. നിലവില്‍ താല്‍ക്കാലിക കൂരകളാണെങ്കിലും ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പുനരാരംഭിക്കുന്നതോടെ പ്രഥമ പരിഗണന നല്‍കി ഭൂമിയും വീടും നല്‍കാനാണ് തീരുമാനമെന്നു കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം, സ്വയസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം കോളനിക്കാര്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ കൊമ്മഞ്ചേരിക്കാരെ കൊമ്പന്‍മൂലയിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചെങ്കിലും പുനരധിവാസ പദ്ധതിയില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ സഹായം ലഭിക്കുമെന്നും കുര്‍ച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്‍ പറഞ്ഞു. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്നായി എഎസ്‌ഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ജനമൈത്രി പോലിസും എത്തിയിരുന്നു. പുതിയ വീട്ടില്‍ കൊമ്മഞ്ചേരിക്കാര്‍ എത്തിയപ്പോള്‍ മധുരവിതരണവും നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക