|    Apr 28 Fri, 2017 5:44 pm
FLASH NEWS

കൊമ്പന്‍മാര്‍ ഇന്ന് മുംബൈയോട് കൊമ്പുകോര്‍ക്കും

Published : 19th November 2016 | Posted By: SMR

മുംബൈ: ഐഎസ്എലില്‍ ഇന്ന്  നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും. തുടക്കത്തിലേ നിരാശകള്‍ക്ക് ശേഷം ഫുള്‍ ഫോമിലേക്കെത്തി തകര്‍ത്തു കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് വിജയം തുടരാന്‍ ഇന്നിറങ്ങുമ്പോള്‍ പോയിന്റ് പട്ടികയിലെ മുന്നേറ്റത്തിന് മുംബൈയ്ക്കും ജയിച്ചേ മതിയാകൂ.
എവേ മല്‍സരങ്ങള്‍ മുതല്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ഫോമിലാണ്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം മലയാളിത്താരം വിനീത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ശില്‍പ്പിയായി തിളങ്ങി നിന്നപ്പോള്‍ പല വമ്പന്‍മാര്‍ക്കും മുട്ടുമടക്കേണ്ടി വന്നു. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണ് നിന്നത്. തുടര്‍തോല്‍വികളില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ച് കയറിയത് കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ മുംബൈയെ എതിരില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ചതോടെയാണ്.
ശക്തമായ നിരതന്നെയാണ് മുംബൈയ്ക്കുളളത്. പരിചയസമ്പന്നനായ ഉറുഗ്വേ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ മുന്‍നിരയില്‍ തകര്‍ത്താടുന്ന മുംബൈ ടീമിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല. ദേശീയ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയും മുംബൈ നിരയില്‍ അണിനിരക്കുമ്പോള്‍ മുംബൈയുടെ വമ്പുയരും. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം തന്നെയാണ് കരുത്തരായ മുംബൈ കാഴ്ചവെക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരമെന്നത് മുംബൈക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഒരുപടി മുന്നിലാണ് മുംബൈയുള്ളത്. 11 മല്‍സരങ്ങളില്‍നിന്നായി നാലും ജയവും നാലു സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്റുകളുള്ള മുംബൈയ്ക്ക് മുകളില്‍ 17 പോയിന്റുകളുള്ള ഡല്‍ഹിമാത്രമാണുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 10 മല്‍സരങ്ങളില്‍നിന്ന് നാലു ജയവും മൂന്ന് സമനിലയും മൂന്നു തോല്‍വിയുമടക്കം 15 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയെ മറികന്ന് രണ്ടാം സ്ഥാനത്തെത്താന്‍ സാധിക്കും.
അവസാന മല്‍സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ 3-1 ന് തകര്‍ത്ത ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഒന്നാം പകുതിയില്‍ ലീഡ് വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ തീപാറും പോരാട്ടത്തിലൂടെ വിജയം പിടിച്ചടക്കുകയായിരുന്നു.വിനീത് ഇരട്ടഗോളുകളോടെ ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങി നിന്നു.
അവസാന മല്‍സരത്തില്‍ മുംബൈ പൂനെയ്ക്കുമുന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. മുംബൈയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ തോല്‍വി ഏറ്റുവാങ്ങിയത്. എന്തായാലും ഇരു ടീമുകളും ജയിക്കാനുറച്ച് കളത്തിലിറങ്ങുമ്പോള്‍ കൊമ്പന്‍മാരുടെ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day