|    Feb 23 Thu, 2017 6:12 am
FLASH NEWS

കൊമ്പന്‍മാര്‍ ഇന്ന് ഗോവയ്‌ക്കെതിരേ

Published : 24th October 2016 | Posted By: SMR

ഗോവ: ഐഎസ്എല്‍ മൂന്നാം സീസണിലെ എവേ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. തുടര്‍ തോല്‍വികളുടെ നാണക്കേടില്‍ നിന്നും ജയിച്ചു കയറിയ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം സീസണിലെ മുന്നേറ്റങ്ങള്‍ക്ക് ജയം അനിവാര്യമാണ്. അവസാന എവേ മല്‍സരത്തില്‍ പൂനെ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 1- 1 ന് സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ് കരുത്തു കാട്ടിയിരുന്നു. തുടക്കത്തിലെ മൂന്ന് തോല്‍വികള്‍ക്കു ശേഷം മുംബൈയെ 1-0 ന് മുട്ടുകുത്തിച്ച എഫ്‌സി ഗോവയും താരസമ്പന്നമായ നിരതന്നെയാണ്.
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്രിക്കറ്റ് ഇതിഹാസതാരം സചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യ ഉടമകളിലൊരാളായിട്ടുളള കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മല്‍സരങ്ങളില്‍ നിരാശ മാത്രമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-0 ന്റെ തോല്‍വി വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സീസണ്‍ തുടങ്ങുന്നത്. അടുത്ത മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് 1-0 ന് തോല്‍വി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാതെ നിറം മങ്ങി.
മൂന്നാം മല്‍സരത്തില്‍ അടുമുടി മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ലക്ഷ്യം കിട്ടാതെ വലഞ്ഞ മൈക്കിള്‍ ചോപ്രയ്‌ക്കൊപ്പം അന്റോണിയോ ജര്‍മനേയും മുഹമ്മദ് റാഫിയേയും പരീക്ഷിച്ചെങ്കിലും ഡല്‍ഹിയോട് ഗോള്‍ രഹിത സമനില വഴങ്ങിയതല്ലാതെ വിജയത്തിലേക്കെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കായില്ല. തുടര്‍ തോല്‍വികളില്‍ സമ്മര്‍ദത്തിലായ ബ്ലാസ്‌റ്റേഴിസിനെ പുതിയ തന്ത്രങ്ങളോതി സ്റ്റീവ് കോപ്പല്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന നാലാം മല്‍സരത്തില്‍ കരുത്തന്‍മാരായ മുംബൈ നിരയെ 1-0 ന് തളച്ച് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സീസണിലെ ആദ്യ വിജയം ആഘോഷിച്ചു. പതിവ് ശൈലിയില്‍നിന്ന് വിപരീതമായി 4-3-2-1 എന്ന ശൈലിയില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തന്ത്രം ഫലം കണ്ടു. തുടര്‍ച്ചയായി ലക്ഷ്യം തെറ്റിയിരുന്ന ചോപ്രയുടെ മികച്ച ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലുപരിയായി മൂന്നാം സീസണിലേക്ക് പുതു ജീവന്‍ കൂടിയാണ് നല്‍കിയത്.
ആദ്യ മൂന്ന് മല്‍സരങ്ങളില്‍ കളത്തിലിറങ്ങാതിരുന്ന  ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരവും ക്യാപ്റ്റനുമായ ആരോണ്‍ ഹ്യൂജസിന്റെ മടങ്ങിവരവും ടീമിന് ഉണര്‍വേകി. മുന്നേറ്റനിരയില്‍ മുഹമ്മദ് റാഫിയും മൈക്കിള്‍ ചോപ്രയും കെര്‍വന്‍ ബെല്‍ഫോര്‍ട്ടും കളമറിഞ്ഞ് കളിച്ചപ്പോള്‍ എതിര്‍ ടീമുകള്‍ ശരിക്കും വിയര്‍ത്തുതുടങ്ങി. ഹോം ഗ്രൗണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം ആദ്യ എവേ മല്‍സരത്തില്‍ പൂനെ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 1-1 ന് സമനിലയില്‍ തളച്ച ബ്ലാസ്റ്റേഴ്‌സിന്റെ കളി മികവ് ഗോവയ്‌ക്കെതിരേയും ആവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക