|    May 23 Wed, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

Published : 24th November 2016 | Posted By: SMR

കാസര്‍കോട്: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും നഗരസഭാ മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കൊപ്പല്‍ അബ്ദുല്ല (65) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിലാണ് മരണം. കഴിഞ്ഞ ദിവസം ആലുവയില്‍ ഓഫിസ് ആവശ്യത്തിനായി മരുമകനൊപ്പം പോയഅദ്ദേഹത്തിന് താമസിച്ചിരുന്ന ഹോട്ടലില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.
എംഎസ്എഫിലൂടെയാണ് അബ്ദുല്ല രാഷ്ട്രീയരംഗത്തെത്തിയത്. പിന്നീട് യൂത്ത്‌ലീഗ്, മുസ്‌ലിം ലീഗ് എന്നിവയില്‍ സജീവമായി. അഖിലേന്ത്യാ ലീഗ് രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് കാസര്‍കോട് നഗരസഭയിലേക്ക് നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. രണ്ടര പതിറ്റാണ്ടോളം കാസര്‍കോട് നഗരസഭാംഗമായും ഒരു തവണ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സുലൈമാന്‍ സേട്ടിനെ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ കാസര്‍കോട്ട് ഖായിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ച് സേട്ടിന് സ്വീകരണം നല്‍കിയിരുന്നു. പിന്നീട് ഐഎന്‍എല്‍ ടിക്കറ്റില്‍ കാസര്‍കോട് നഗരസഭാംഗമായി. ഈ കാലയളവിലാണ് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായത്.
തനിമ എന്ന പേരില്‍ മാപ്പിളപ്പാട്ട് പരിപാടികള്‍ സംഘടിപ്പിച്ച് നിരവധി ഗായകരെ വാര്‍ത്തെടുക്കുന്നതിലും അദ്ദേഹം പ്രയത്‌നിച്ചു. സഅദിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കൊപ്പല്‍ എക്‌സ്പ്രസ്സ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ ഭാരവാഹി, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ പ്രസിഡന്റ്, ടൂ വീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, നെല്ലിക്കുന്ന് സബീലുല്‍ ഹുദാ ദഫ് സംഘം രക്ഷാധികാരി, നെല്ലിക്കുന്ന് കടപ്പുറം കാസ് ക്ലബ്ബ് രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മയ്യിത്ത് ഇന്ന് ഉച്ചയ്ക്ക് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. പിതാവ്: പരേതനായ കൊപ്പല്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: സുഹ്‌റ ചെങ്കള. മക്കള്‍: സറീന, സിയാന, സാഹിന, റിഷാദ് കൊപ്പല്‍ (ദുബയ്), സബീബ. മരുമക്കള്‍: ഇംതിയാസ് ഫോര്‍ട്ട് റോഡ്, നാസര്‍ തെക്കില്‍, ആസിഫ് ചെങ്കള (മൂവരും ദുബയ്), ദില്‍ഷാന നെക്കര, പരേതനായ നസീര്‍ കോട്ടിക്കുളം. സഹോദരങ്ങള്‍: ജമീല ബങ്കരക്കുന്ന്, ഖദീജ അട്ക്കത്ത്ബയല്‍, ഹാജറ പൈക്ക, സുബൈദ ബങ്കരക്കുന്ന്, ആയിശ പൈക്ക. നിര്യാണത്തില്‍ വിവിധ തുറകളിലുള്ള പ്രമുഖകര്‍ അനുശോചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss