|    Apr 26 Thu, 2018 1:28 pm
FLASH NEWS

കൊപ്പലിന്റെ വിയോഗം; കാസര്‍കോടിന് നഷ്ടമായത് മികച്ച സംഘാടകനെ

Published : 24th November 2016 | Posted By: SMR

ശാഫി തെരുവത്ത്

 

കാസര്‍കോട്: കാല്‍നൂറ്റാണ്ടിലേറെക്കാലം നഗരസഭാഗംവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ നഗരത്തിന് നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും പൊതു പ്രവര്‍ത്തകനേയുമാണ്. എംഎസ്എഫിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന കൊപ്പല്‍ മുസ്്‌ലിംലീഗ്, അഖിലേന്ത്യാ ലീഗ്, ഖായിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം, ഐ എന്‍എല്‍ എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. നേരത്തെ ലീഗില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന പേരില്‍ ഇദ്ദേഹത്തേയും എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ളവരേയും പുറത്താക്കിയിരുന്നു. പിന്നീട് ലീഗില്‍ തിരിച്ചെത്തിയില്ല. ഐഎന്‍എല്ലിലെ ഒരു വിഭാഗം ലീഗില്‍ ലയിച്ചപ്പോള്‍ കൊപ്പല്‍ ഐഎന്‍എല്ലില്‍ തന്നെ ഉറച്ചുനിന്നു. ഇതിനിടയില്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ ലീഗിനെതിരെ മല്‍സരിച്ചു വിജയിച്ചു. 1994ല്‍ സുലൈമാന്‍ സേട്ടിനെ മുസ്്‌ലിംലീഗില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഖായിദേ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു. എന്‍ എ നെല്ലിക്കുന്ന്, ടി എ ഖാലിദ്, ഹമീദ് കരിപ്പൊടി, ബി എം അഷ്‌റഫ്, എ കെ തുരുത്തി, പരേതരായ സി എച്ച് അഹമദ് ഹാജി, എന്‍ എ സുലൈമാന്‍, ടി എം കുഞ്ഞി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ കൊപ്പലായിരുന്നു. പിന്നീട് കെ എസ് സുലൈമാന്‍ ഹാജിയും ടി എം കുഞ്ഞിയും ഐഎന്‍എല്ലില്‍ ചേര്‍ന്നപ്പോള്‍ ഏറെ ആഹ്ലാദിച്ചതും കൊപ്പലായിരുന്നു. കാസര്‍കോട് നഗരസഭയില്‍ എന്ത് ആവശ്യത്തിന് സാധാരണക്കാര്‍ എത്തുമ്പോഴും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൊപ്പല്‍ മുന്‍പന്തിയിലായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി എത്തുന്നവരെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇദ്ദേഹം പേടിസ്വപ്‌നമായിരുന്നു. കൗണ്‍സില്‍ യോഗങ്ങളിലും കൊപ്പലിന്റെ വേറിട്ട ശബ്ദമായിരുന്നു.  കാസര്‍കോട്ട് ഏതുപരിപാടി നടക്കുമ്പോഴും ഇതിന്റെ പിആര്‍ഒ എന്ന നിലയില്‍ കൊപ്പല്‍ മുന്‍പന്തിയിലായിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കായി നിരവധി തവണ പരേതനായ എം കെ അബ്ദുല്ലയോടൊപ്പം ചേര്‍ന്ന് ഇദ്ദേഹം തനിമ എന്ന പേരില്‍ ടൗണ്‍ ഹാളില്‍ മാപ്പിള കലാമേളകള്‍ സംഘടിപ്പിച്ചിരുന്നു. ഒരു ജീവിത കാലംമുഴുവനും തന്നെ താനാക്കിയ നാടിനും ജനതക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച കൊപ്പല്‍ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവായിരുന്നു. പദവിയുടെ പടവുകള്‍ കയറുമ്പോഴും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇദ്ദേഹം തയ്യാറായിരുന്നു. മുസ്്‌ലിംലീഗ് നേതാക്കളായ ഇ അഹമദ്, ഇ ടി മുഹമ്മദ് ബഷീര്‍,  ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, ടി ഇ അബ്ദുല്ല, എ അബ്ദുര്‍റഹ്്മാന്‍, പരേതരായ ഐഎന്‍ടിയുസി നേതാവ് എം എസ് റാവുത്തര്‍, സി കെ പി ചെറിയ മമ്മുകേയി, പി എം അബൂബക്കര്‍, ബി എം അബ്ദുര്‍റഹ്്മാന്‍, ടി എ ഇബ്രാഹിം, സക്കരിയ സേട്ട് തുടങ്ങിയ നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. 2001 ല്‍ കാസര്‍കോട് നഗരസഭയില്‍ ഇടത് ഐഎന്‍എല്‍ സഖ്യം അധികാരത്തില്‍ വരാന്‍ കാരണം കൊപ്പലിന്റെ കര്‍മനിരതമായ പ്രവര്‍ത്തനമായിരുന്നു. അടുത്തകാലത്തായി അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുമ്പോഴും കാസര്‍കോട് സഅദിയ കോംപ്ലക്‌സിലുള്ള തന്റെ ഓഫിസിലെത്താന്‍ ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഭൗതിക ശരീരം ഇന്നുച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. കൊപ്പലിന്റെ നിര്യാണത്തില്‍ ജീവിതത്തിന്റെ നാനാതൂറകളിലുള്ളവര്‍ അനുശോചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss