|    Apr 25 Wed, 2018 8:13 pm
FLASH NEWS

കൊതുകു നിവാരണത്തിനായി ശാസ്ത്രീയ പഠനം നടത്തും: മേയര്‍

Published : 6th February 2016 | Posted By: SMR

കൊച്ചി: കൊതുകു നിവാരണത്തിനായി ശാസ്ത്രീയ പഠനം നടത്തുമെന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ കൊതുക് വളരെ കൂടുതലാണ്.
ഫോഗിങ്ങും ഹാന്‍ഡ് സ്‌പ്രേയുമാണ് കൊതുക് നിവാരണത്തിനായി നിലവില്‍ ഉപയോഗിക്കുന്നത്. കൊതുകു നിവാരണത്തിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും സ്വകാര്യ സ്ഥാപനങ്ങളുമായിവരെ ഇതിനായി ചര്‍ച്ചകള്‍ നടത്തിയെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. നിരവധി പഠന റിപോര്‍ട്ടുകള്‍ ഉണ്ട്. ഒരു ശാസ്ത്രജ്ഞന്റെ സഹായത്തോടെ ശാസ്ത്രീയ പഠനം നടത്തുമെന്നും മേയര്‍ വ്യക്തമാക്കി. നഗരത്തിലെ കൊതുകു നശീകരണം കാര്യക്ഷമമല്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ മിനിമോള്‍ പറഞ്ഞു. കൊതുക് ഓരോ ദിവസവും വര്‍ധിക്കുകയാണ്. കക്കൂസ് മാലിന്യം കാനകളിലേക്ക് നേരിട്ട് തള്ളുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും മിനിമോള്‍ പറഞ്ഞു.
സികാ വൈറസുകള്‍ ലോകത്ത് പരക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി കൗണ്‍സില്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആവശ്യപ്പെട്ടു. തെരുവ് നായ്ക്കളെയും മൃഗങ്ങളെയും കൊതുക് കടിക്കുകയും അതിലൂടെ വൈറസ് പകരുകയും ചെയ്യും. വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയാണ് നഗരത്തില്‍ മാംസം വില്‍പ്പന നടത്തുന്നത്. ഇത് അപകടകരമായ സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സിക രോഗം പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കൊച്ചി നഗരത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു അടുത്ത പ്ലാന്‍ ഫണ്ടിന് കൂടുതല്‍ ഫോഗിങ്ങ് മെഷീനുകള്‍ വാങ്ങും.
സൈക്കിളില്‍ നടത്തിയ സ്‌പ്രേയിങ് ഫലപ്രദമല്ലെന്നും ഹാന്‍ഡ് സ്‌പ്രേ രീതിയാണ് ഫലപ്രദമെന്നും മേയര്‍ പറഞ്ഞു. വീടുകളിലെ സെപ്റ്റിക് ടാങ്കുകളുടെ ബെന്റ് പൈപ്പുകളില്‍ വല കെട്ടുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി സൂപ്രണ്ടിങ് എന്‍ജിനീയറുടെ സാനിധ്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും.
നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേകളുടെ എണ്ണത്തെക്കുറിച്ച് റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെതിരേ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. പുറമെ നിന്നുള്ളവരെ കൂടി പങ്കെടുപ്പിച്ച് മാലിന്യ നിര്‍മ്മാജനം കാര്യക്ഷമമാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് പറഞ്ഞു. രണ്ടു ലക്ഷം രൂപ മുടക്കി എല്ലാ സീസണിലും കാനയിലെ മാലിന്യം നീക്കാറുണ്ടെങ്കിലും അത് ഫലപ്രദമല്ല എന്ന് തെളിഞ്ഞു കഴിഞ്ഞതായി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ ബി സാബു പറഞ്ഞു. കൊതുകു നിവാരണം നഗരത്തില്‍ പ്രായോഗികമാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊതുകു നിവാരണത്തിനുതകുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പെടുത്തണമെന്നും കൗണ്‍സിലര്‍ വി പി ചന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ലൈസന്‍സുകളുടെ കോപ്പിയും വീട്ടില്‍ താമസിക്കുന്ന അംഗങ്ങളുടെ ഫോട്ടോയും വിവരങ്ങളും നല്‍കിയാലെ നഗരസഭ ഹോം സ്‌റ്റേ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയുള്ളൂവെന്ന് അഡ്വ. വി കെ മിനിമോള്‍ കൂട്ടിചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss