|    Feb 23 Thu, 2017 11:13 am
FLASH NEWS

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Published : 22nd November 2016 | Posted By: SMR

കൊല്ലം: വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായേക്കാവുന്ന ഡെങ്കപ്പനി, ചുക്കന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ജ്വരം എന്നീ കൊതുകുജന്യരോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ വി വി ഷേര്‍ലി അറിയിച്ചു.ഫഌവി വൈറസുകളാണ് ഡെങ്കിപ്പിനിയുടെ രോഗകാരി. പനി, തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നില്‍ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകള്‍, മൂക്ക്, മോണ എന്നിവിടങ്ങളില്‍ നിന്നും രക്തസ്രാവം, പ്ലേറ്റലറ്റ് കൗണ്ട് കുറയല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.ചിക്കന്‍ ഗുനിയയുടെ രോഗകാരി ടോഗാ വൈറസുകളാണ്. പനി, വിറയല്‍, സന്ധിവേദന, നടുവേദന, തലവേദന, തൊലിപ്പുറത്തുള്ള ചുവന്നപാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.രോഗാണുവാഹകരായ ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകള്‍ ചിരട്ട, കുപ്പി, ടയറുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, കവറുകള്‍, വീടുകളുടെ സണ്‍ഷേയ്ഡ്, മരപ്പൊത്തുകള്‍ എന്നിവിടങ്ങളിലെല്ലാം മുട്ടയിടുന്നു.ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് ലാബിലും ജില്ലാ/താലൂക്ക് ആശുപത്രികളിലും രോഗനിര്‍ണയം നടത്തുന്നതിനുള്ള സൗകര്യമുണ്ട്.പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട പരാദ ജീവികളാണ് മലമ്പനി പരത്തുന്നത്. അനോഫിലസ് പെണ്‍കൊതുകുളാണ് രോഗം പരത്തുന്നത്. ശുദ്ധജലശേഖരങ്ങളില്‍ ഇവ മുട്ടയിട്ടു പെരുകുന്നു.വിറയലോടുകൂടിയ ഇടവിട്ടുള്ള പനി, പനി വിട്ടുമാറുമ്പോഴുള്ള അമിതമായ വിയര്‍ക്കല്‍, തലവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും രോഗനിര്‍ണയത്തിനും ചികില്‍സക്കുള്ള സൗകര്യം ലഭിക്കും.ഫഌവി വിഭാഗത്തിലുള്ള വൈറസുകളാണ് ജപ്പാന്‍ജ്വരത്തിന്റെ രോഗകാരി. കാലിത്തൊഴുത്തുകളിലും പാട ശേഖരങ്ങളിലും ചതുപ്പിലും മുട്ടയിട്ട് പെരുകുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. ദേശാടന പക്ഷികള്‍, പന്നികള്‍, കൊക്കുകള്‍, കാന്നുകാലികള്‍ എന്നിവ ഈ രോഗത്തിന്റെ വൈറസ് സംഭരണികളാണ്.കടുത്ത തലവേദന, കഴുത്തു തിരിക്കാനും വായതുറക്കാനും ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദി, ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, സന്നി, അവയവങ്ങള്‍ക്ക് തളര്‍ച്ച എന്നിവയാണ് രോഗലക്ഷണങ്ങള്‍. സീറോളജിക്കല്‍ ടെസ്റ്റിലൂടെ രോഗനിര്‍ണയം നടത്താം. കൊതുകുകള്‍ മുട്ടയിട്ടുപെരുകതാരിക്കുന്നതിന് ഉറവിടങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ നശിപ്പിക്കുക, ഡ്രൈഡേ ആചരിക്കുക, മഴക്കാലത്ത് വീടുകളിലെ ടെറസിലും സണ്‍ഷേഡിലും, പരിസരത്തും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുക. റബ്ബര്‍ ടാപ്പിങ് ഉള്ള പ്രദേശങ്ങളില്‍ ചിരട്ട ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമഴ്ത്തി വയ്ക്കുക. മരപ്പൊത്ത്, വാഴപ്പോള ഇവ മണ്ണിട്ട് മൂടുക, ഉപയോഗ ശൂന്യമായ ടയര്‍, ചിരട്ട, മുട്ടത്തോട്, ആട്ടുകല്ല്, കരിക്കിന്‍ തൊണ്ട്, പ്ലാസ്റ്റിക് കാര്യബാഗ്, കപ്പുകള്‍, ആക്രി സാധനങ്ങള്‍ എന്നിവ നശിപ്പിക്കുകയോ നനയാതെ സൂക്ഷിക്കുകയോ ചെയ്യണം.പരിസരത്തുള്ള പാഴ്‌ച്ചെടികള്‍, പിസ്റ്റിയാ ചെടികള്‍ എന്നിവ നീക്കം ചെയ്യുക, കക്കൂസിന്റെ വെന്റ് പൈപ്പിന് നെറ്റ് കെട്ടുക, രാവിലെയും വൈകിട്ടും പുകച്ചതിന് ശേഷം കൊതുക് കടക്കാതെ വാതിലുകളും ജനാലകളും അടക്കുക, ഫഌവര്‍വേയ്‌സ്, ചെടിച്ചട്ടി, റഫ്രിജറേറ്ററിലും വാട്ടര്‍ കൂളറിലും വെള്ളം ശേഖരിക്കുന്ന ട്രേ ആഴ്ച്ചയിലൊരിക്കല്‍ കഴുകി വൃത്തിയാക്കുക. കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ വല കൊണ്ട് മൂടുക അല്ലെങ്കില്‍ കൂത്താടി ഭോജി മത്സ്യങ്ങള്‍ വളര്‍ത്തുക, ഉപയോഗ ശൂന്യമായ ഗോബര്‍ ഗ്യാസ് പ്ലാന്റിന്റെ വശങ്ങളില്‍ മണല്‍ നിറയ്ക്കുക. കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. ശരീരം കഴിയുന്നത്ര മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, ജലസ്രോതസുകളുടെയും ഓടകളുടെയും ഒഴുക്കു തടയുന്ന വിധത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കുക, ഊര്‍ജിത കൊതുതു നിയന്ത്രണ പരിപാടിയില്‍ പൊതുജനങ്ങളും പങ്കാളികളാകണമെന്നും ഡിഎംഒ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക