|    Jul 23 Mon, 2018 11:18 pm
FLASH NEWS

കൊണ്ടോട്ടി മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം; പോലിസുകാര്‍ക്കും തൊഴിലാളികള്‍ക്കും പരിക്ക്

Published : 15th September 2017 | Posted By: fsq

 

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മല്‍സ്യ മൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പിനിടെ സംഘര്‍ഷം, രണ്ട് പോലിസുകാര്‍ക്കും ഏതാനും തൊഴിലാളികള്‍ക്കും, പുതിയ കരാറുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കൊണ്ടോട്ടി പോലിസ് കേസെടുത്തു. ജൂനിയര്‍ എസ്‌ഐ ജയപ്രസാദ്, സിവില്‍ പോലിസ് ഓഫിസര്‍ മുഹമ്മദ് ബഷീര്‍, തൊഴിലാളികള്‍, കരാറുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹൈക്കോടതി വിധിപ്രകാരം പോലിസ് സംരക്ഷണത്തി ല്‍ പുതിയ കരാറുകാര്‍ കച്ചവടം നടത്താന്‍ എത്തിയതോടെയാണ് സംഘര്‍ഷം നടന്നത്. പുതിയ കരാറുകാര്‍ കച്ചവടം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമായതോടെയാണ് പോലിസ്  ഇടപ്പെട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെയാണ് പോലിസുകാര്‍ക്കും തൊഴിലാളികള്‍ക്കും പുതിയ കരാറുകാര്‍ക്കും പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ പോലിസ് ലാത്തി വീശുകയായിരുന്നു.  മല്‍സ്യമൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പ് ഈ വര്‍ഷം പുതിയ കരാറുകാര്‍ ലേലത്തില്‍ വിളിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പഴയ കരാറുകാരുടെ സ്ഥലത്തെ മലിനജല ശുദ്ധീകരണശാല ഉപയോഗിക്കാന്‍ പുതിയ കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. പുതിയ ശുദ്ധീകരണ ശാല നിര്‍മ്മിക്കാനും കരാറുകാര്‍ക്കായില്ല. ഇതോടെയാണ് നടത്തിപ്പ് പുതിയ സംഘത്തിന് പ്രതിസന്ധിയിലാക്കിയത്. നഗരസഭയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ നിരവധി തവണ സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാനായില്ല. നിയമപ്രകാരം ലേലത്തില്‍ വിളിച്ചെടുത്തിട്ടും കച്ചവടം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചതും പോലിസ് സംരക്ഷണം ആവശ്യപ്പെട്ടതും.   അതിനിടെ മാര്‍ക്കറ്റ് ലേലത്തില്‍ വിളിച്ചവര്‍ ഗുണ്ടകളെ വരുത്തി പോലിസ് സഹായത്തോടെ അക്രമം നടത്തുകയായിരുന്നുവെന്ന് കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റ് തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. എ അബ്ദുറഹിമാന്‍, എ സാദിഖ്, ഉമ്മര്‍ ചുക്കാന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss