|    Mar 23 Fri, 2018 1:06 am

കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും പ്രതിപക്ഷ ഇറങ്ങിപ്പോക്കും

Published : 8th August 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് എതിരെയുള്ള പ്രമേയത്തിന്റെയും ആസ്തി രജിസ്റ്ററില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉള്‍പ്പെടുത്തുന്നതിനെയും ചൊല്ലി കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. യോഗം ബഹിഷ്‌കരിച്ച് മുസ്്‌ലിംലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം യോഗം നിര്‍ത്തിവച്ചു. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. ചെയര്‍മാനെ ഡയസിന് മുന്നില്‍ വന്ന് പ്രതിപക്ഷം അധിക്ഷേപിച്ചെന്ന് ഭരണപക്ഷം ആരോപിച്ചു. മുസ്്‌ലിംലീഗ് കൗണ്‍സിലര്‍ യു കെ മമ്മദീശ മദ്യനയത്തിനെതിരെയുള്ള പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്.  സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നായിരുന്നു പ്രമേയം. എന്നാല്‍, പ്രമേയ അവതരണത്തിന് ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അനുമതി നല്‍കിയില്ല. വിഷയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. കെ കെ സമദ് പറഞ്ഞു. എന്നാല്‍, അടുത്ത യോഗത്തില്‍ പ്രമേയം പരിഗണിക്കാമെന്ന് ചെയര്‍മാന്‍ കത്ത് നല്‍കിയിരുന്നതായി പ്രതിപക്ഷം ഉന്നയിച്ചു. ഇതോടെയാണ് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമായി. പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ഡയസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഒരു മണിക്കൂറിലേറെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പ്രമേയം പരിഗണിക്കാനാവില്ലെന്ന് സെക്രട്ടറി വിശദീകരണം നല്‍കിയതോടെയാണു രംഗം ശാന്തമായത്. വെണ്ണേങ്കാട് പള്ളിയാളി-ആനങ്ങാടി ഭാഗത്തേക്ക് റോഡ് നിര്‍മിക്കുന്നതിനായി സ്ഥല ഉടമകള്‍ വിട്ടുതന്ന സ്ഥലം ആശുപത്രിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയായിരുന്നു പിന്നീട് ബഹളമുണ്ടായത്. നാല് വ്യക്തികളാണ് നഗരസഭയ്ക്ക് സ്ഥലം വിട്ടുനല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍, ഈ റോഡുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസില്‍ കോടതി നിര്‍ദേശം വന്നതാണെന്നും നഗരസഭ സ്ഥലം വിട്ടുനല്‍കുന്നതിനും റോഡ് നിര്‍മാണത്തിനും മാത്രമാണ് സര്‍ക്കാറിന്റെ സ്‌റ്റേ നിലനില്‍ക്കുന്നതെന്നും ഭരണപക്ഷം മറുപടി നല്‍കി. സൗജന്യമായി നല്‍കിയ ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് ചെയര്‍മാനും നിലപാട് എടുത്തു. വിഷയത്തില്‍ വേട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. 21 പേര്‍ അനുകൂലമായും 18 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വൈകി വന്ന കൗണ്‍സിലര്‍ രജിസ്റ്ററില്‍ ഒപ്പിട്ടെന്നും ചെയര്‍മാന്‍ വോട്ട് ചെയ്‌തെന്നും ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. വാര്‍ധക്യക്കാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ അപേക്ഷകള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ജനറല്‍ വീട് റിപ്പയര്‍ പദ്ധതിയിലെ പുതിയ ഗുണഭോക്തൃ പട്ടികയും ആയിരം വീട് പദ്ധതിയുടെ പുനക്രമീകരിച്ച ഗുണഭോക്തൃ പട്ടികയും യോഗം അംഗീകരിച്ചു. ചുക്കാന്‍ ബിച്ചു, മുഹമ്മദ്‌റാഫി, പി അബ്ദുറഹ്മാന്‍, മൂസ, ഇ എം റഷീദ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss