|    Dec 11 Tue, 2018 6:18 am
FLASH NEWS

കൊണ്ടോട്ടി നഗരസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം

Published : 24th May 2018 | Posted By: kasim kzm

കൊണ്ടോട്ടി: അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ വാങ്ങുന്നതിനെച്ചൊല്ലി നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷം അകത്തുനിന്ന് പൂട്ടി. ഭരണപക്ഷം ഓഫിസിലെത്തിയവരേയും മറ്റു ജീവനക്കാരേയും ഇറക്കി വിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12ന് കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് നാടകീയ രംഗങ്ങള്‍ നഗരസഭയില്‍ അരങ്ങേറിയത്.
ക്ഷേമകാര്യ സമിതിയിലെ ഭൂരിപക്ഷ തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നഗരസഭയിലെ ഇടതു അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഭരണപക്ഷം സെക്രട്ടറിയില്ലാത്ത ഓഫിസില്‍ മറ്റു ജീവനക്കാര്‍ വേണ്ടെന്ന നിലപാടില്‍ ഓഫിസില്‍ എത്തിയവരെ ഇറക്കി വിടുകയും ചെയ്തു. അങ്കണവാടിയിലെ കുട്ടികള്‍ക്ക് പോഷകാഹാരത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത് മാവേലി സ്‌റ്റോറില്‍ നിന്നാക്കണമെന്ന് കഴിഞ്ഞ ക്ഷേമസമിതിയിലെ ഭൂരിപക്ഷ അഭിപ്രായം മിനുട്‌സില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഇടതു അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ക്ഷേമസമിതി ചേര്‍ന്ന സമയത്ത് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കാമെന്നു പറഞ്ഞ് ഭൂരിപക്ഷ തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്താന്‍ അനുവദിച്ചില്ലെന്ന് ഇടതു അംഗങ്ങള്‍ ആരോപിച്ചിരുന്നു. തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ നേരത്തെ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.   ഇതിനിടെ 12 മണിയോടെ ചെയര്‍മാന്‍ അടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ കൗണ്‍സില്‍ ചേരാന്‍ ഒരുങ്ങിയപ്പോഴാണ് സെക്രട്ടറി എത്താത്തതായി കണ്ടത്. തുടര്‍ന്ന് സെക്രട്ടറിയുടെ കാബിനിലെത്തി കൗണ്‍സില്‍ യോഗം നടത്തുന്നതിന് ക്ഷണിച്ചു. ഈ സമയത്ത് ഇടതു അംഗങ്ങള്‍ സെക്രട്ടറിയുടെ കാബിനില്‍ നിലയുറപ്പിച്ചത് കണ്ട യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരോടും വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തിയവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ പുറത്തിറങ്ങിയതോടെ രംഗം വഷളായി. പിന്നീട് കൊണ്ടോട്ടി എസ്‌ഐ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പോലിസെത്തി സെക്രട്ടറിയുമായും അംഗങ്ങളുമായും ചര്‍ച്ച നടത്തി. ക്ഷേമസമിതിയിലെ ഭൂരിപക്ഷ തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്താന്‍ സെക്രട്ടറി നടപടിയെടുത്തതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഇന്നലെ നടത്താനിരുന്ന കൗണ്‍സില്‍ യോഗവും ഇതോടെ റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കുടുംബശ്രീ യൂനിറ്റ് പരാതി രഹിതമായും ഗുണമേന്‍മയോടെയും വിലക്കുറവിലും അങ്കണവാടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്തതിനാലാണ് ക്ഷേമസമിതിയില്‍ മവേലി സ്‌റ്റോറിന് നല്‍കാമെന്ന തീരുമാനം അംഗീകരിക്കാതിരുന്നതെന്ന് ചെയര്‍മാന്‍ സി കെ നാടിക്കുട്ടി പറഞ്ഞു. ക്ഷേമസമിതിയോഗത്തില്‍ തര്‍ക്കമുള്ളതിനാല്‍ തീരുമാനം കൗണ്‍സില്‍ യോഗത്തിന് വിടാമെന്ന തന്റെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചതാണെന്നും യോഗം കഴിഞ്ഞതിന് ശേഷം കക്ഷിനേതാക്കള്‍ ഇടപെട്ടാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചെയര്‍മാന്‍ തന്നിഷ്ടം കാണിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ അംഗം അഡ്വ.കെ കെ സമദ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss