|    Dec 11 Tue, 2018 9:02 pm
FLASH NEWS

കൊട്ടിയൂര്‍ മഹോല്‍സവം: കര്‍ശന സുരക്ഷയൊരുക്കാന്‍ തീരുമാനം

Published : 26th May 2018 | Posted By: kasim kzm

ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവം തുടങ്ങാനിരിക്കെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശപ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോക യോഗത്തിലാണ് തീരുമാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാമിലി ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 27 മുതല്‍ അക്കരെ കൊട്ടിയൂരില്‍ എയ്ഡ്‌പോസ്റ്റ്  സ്ഥാപിക്കും.
28ന് മേഖലയിലെ ഹോട്ടല്‍ കച്ചവടക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്. കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ് . തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്നവരില്‍ ഏറിയ പങ്കും കോഴിക്കോട് മേഖലയില്‍ നിന്നാണെന്നിരിക്കെ ആശങ്ക പരിഹരിക്കാന്‍ കോഴിക്കോട് കലക്ടര്‍, ഡിഎഒ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും എക്‌സൈസ് അധികൃതരോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗുകള്‍, കുപ്പികള്‍ എന്നിവ വില്‍ക്കരുതെന്നും വലിച്ചെറിയരുതെന്നും കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‌വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും 28ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍,  ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര നടത്തും. കടകളില്‍ കര്‍ശന പരിശോധന നടത്താനും ഉല്‍സവനഗരി യാചകനിരോധിത മേഖലയാക്കാനും  തീരുമാനിച്ചു.
മുഴുവന്‍ ഭക്തജനങ്ങള്‍ക്കും തിളപ്പിച്ച വെള്ളം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കും. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഗതാഗത നിയന്ത്രണത്തിനും സഹായമുണ്ടാവുമെന്ന് പോലിസ് അധികാരികള്‍ ഉറപ്പുനല്‍കി. പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്കിങ് റേറ്റ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും.
കച്ചവടക്കാര്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കും പഞ്ചായത്തുകള്‍ ഐഡി കാര്‍ഡുകള്‍ നല്‍കും. ഇന്നുമുതല്‍ ഉല്‍സവം കഴിയുന്നതുവരെ ഭാരം കയറ്റിയ വണ്ടികള്‍ ബോയിസ് ടൗണ്‍ റോഡിലൂടെയും സമാന്തര വഴികളിലൂടെയും പോവുന്നത് നിരോധിച്ചു.
യോഗത്തില്‍ കേളകം എഎസ്‌ഐ മനോജ്കുമാര്‍, ഇ ആര്‍ സുരേഷ്, കൊട്ടിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇന്‍സ്‌പെക്ടര്‍ എസ് പ്രദീപ്, പേരാവൂര്‍ അഗ്‌നിരക്ഷാ നിലയം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ സി ശശി, കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി ആര്‍ ഷാജി, കൊട്ടിയൂര്‍ ദേവസ്വം അക്കൗണ്ടന്റ് കെ പി മോഹന്‍ദാസ്, പേരാവൂര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ ഉമര്‍, പേരാവൂര്‍ ബ്ലോക്ക് ജിഇഒ ശൈലേഷ് ബാബു, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ സിറാജുദ്ദീന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് എച്ച്‌സിവി പവിത്രന്‍, കേളകം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അഖില്‍ ചാക്കോ, റോയി നമ്പുടാകം പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss