|    Oct 20 Sat, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊട്ടിയൂര്‍ : എസ്ഡിപിഐ ആര്‍ജി ടീമംഗങ്ങള്‍ക്ക് നിരുപാധിക ജാമ്യം

Published : 21st August 2018 | Posted By: kasim kzm

കണ്ണൂര്‍: ഇരിട്ടിക്കു സമീപം കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കള്ളക്കേസില്‍ എസ്ഡിപിഐ ആര്‍ജി ടീമംഗങ്ങള്‍ക്ക് കോടതി നിരുപാധിക ജാമ്യം നല്‍കി. പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി അഭിഭാഷകരുടെ സാന്നിധ്യം പോലുമില്ലാതെ ഹാജരാക്കപ്പെട്ട മുഴുവന്‍ പേരെയും ഉടനടി ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് സന്നദ്ധ സേവനത്തിനെത്തിയ എസ്ഡിപിഐ ആര്‍ജി റസ്‌ക്യൂ ടീമിലെ 13 പ്രവര്‍ത്തകരെയാണ് കൂത്തുപറമ്പ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്വേറ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് പോലിസ് 353ാം വകുപ്പ് പ്രകാരവും ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്ത് ആര്‍ജി റെസ്‌ക്യൂ ടീം അംഗങ്ങളായ എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ് ഉള്‍പ്പെടെയുള്ള 13 പേരെയാണ് കേളകം എസ്‌ഐ കെ പി അരുണ്‍ദാസ് അറസ്റ്റ് ചെയ്തിരുന്നത്.
പ്രാദേശിക സിപിഎം നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പേരാവൂര്‍ സിഐ പ്രമോദിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ മലയോരത്തെ ദുര്‍ഘടമേഖല ഉള്‍പ്പെടുന്ന കൊട്ടിയൂരില്‍ ദിവസങ്ങളായി എസ്ഡിപിഐ ആര്‍ജി ടീമംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മറ്റുള്ളവരൊന്നും എത്തിപ്പെടാത്ത മേഖലകളില്‍ നിന്നുപോലും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതരായി ക്യാംപുകളില്‍ എത്തിച്ചതാണ് പ്രദേശത്തെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇവര്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ക്യാംപ് ചുമതലയുണ്ടായിരുന്നവരുടെ നിര്‍ദേശപ്രകാരം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. മതില്‍ തകര്‍ന്ന് ഭീഷണിയിലായിരുന്ന കൊട്ടിയൂര്‍ ജുമാമസ്ജിദിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരമെത്തിയ സന്നദ്ധസേവകരെ ഒരുസംഘം സിപിഎമ്മുകാര്‍ തടഞ്ഞ് ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
പുറത്തുനിന്ന് ആരും ഇവിടേക്ക് വരേണ്ടെന്ന് ഏരിയാ സെക്രട്ടറിയുടെ നിര്‍ദേശമുണ്ടെന്നായിരുന്നു വാദം. സംഘര്‍ഷത്തിനിടെ, ഇവരാണ് ഞങ്ങളെ രക്ഷിച്ചതെന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയാത്തതിലുള്ള രോഷമാണ് തടയാന്‍ കാരണമെന്നും ആദിവാസി കുടുംബങ്ങള്‍ വിളിച്ചുപറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘത്തിലെ ചിലര്‍ ആര്‍ജി ടീമംഗങ്ങളോട് മോശമായാണു പെരുമാറിയത്. സേവനത്തിലേര്‍പ്പെട്ടിരുന്ന 40ഓളം പേരെ പോലിസ് വാഹനത്തില്‍ സ്‌റ്റേഷനിലെത്തിച്ച ശേഷം 13 പേരെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരെ വിട്ടയച്ചു. എന്നാല്‍, സിപിഎം-പോലിസ് കള്ളക്കളികള്‍ വ്യക്തമായതോടെ മജിസ്‌ട്രേറ്റ് ഉന്നത ഉദ്യോഗസ്ഥരെയടക്കം രാത്രിതന്നെ വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കി.
ഹാജരായ കേളകം എസ്‌ഐയെ പോലിസ് നടപടിയില്‍ രൂക്ഷമായാണു വിമര്‍ശിച്ചത്. ഇതോടെ, ബലിപെരുന്നാളിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാനുള്ള സിപിഎം നീക്കത്തിനാണ് തിരിച്ചടിയായത്. പോലിസ്-സിപിഎം നടപടിക്കെതിരേ മേഖലയില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss