കൊട്ടിയം പെണ്‍വാണിഭക്കേസ്; യുവതിക്ക് 16 വര്‍ഷം കഠിനതടവ്
Published : 23rd December 2015 | Posted By: SMR
കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടിയം പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതിയായ യുവതിക്ക് 16 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടിയം നല്ലിവിള വീട്ടില്‍ ശോഭന എന്ന സന്ധ്യയെയാണ് ഐ പിസി 366 എ, 372 പ്രകാരം കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെന്നത്ത് ജോര്‍ജ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴത്തുകയായ അഞ്ചുലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി.
ആകെ 19 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേരെയും തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. 2004 ഏപ്രില്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍ക്കാരിയും നാടകനടിയുമായ ശോഭനയുടെ നേതൃത്വത്തിലുള്ള സെക്സ് റാക്കറ്റ് സംഘം പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പ്രോസിക്യൂഷന് കേസ്.
കേസില്‍ സൈനിക ക്യാംപിലെ പട്ടാളക്കാരടക്കം 30ഓളം പേര് ആരോപണവിധേയരായിരുന്നു. പെണ്‍കുട്ടിയെ ഒന്നാംപ്രതി പ്രലോഭിപ്പിച്ച് മയ്യനാട്, തിരുവനന്തപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ച് പ്രതിഫലം കൈപ്പറ്റുകയായിരുന്നു.
ആദ്യം കൊട്ടിയം പോലിസും പിന്നീട് ക്രൈംബ്രാഞ്ച് സംഘവുമാണ് കേസ് അന്വേഷിച്ചത്. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തെപ്പറ്റി പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രബലരായ ചില പ്രതികളെ ഒഴിവാക്കുകയും ഇതിലുള്‍പ്പെടാത്ത ചിലരെ കേസില്‍ അകപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു.
കേസിന്റെ അന്വേഷണ വേളയില്‍ പരാതിക്കാരിയായ പെണ്‍കുട്ടി സഹോദരനാല്‍ കൊല്ലപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറും മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായിരുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥയും വിദേശത്തായിരുന്നതിനാല്‍ വിസ്താരവേളയില്‍ ഹാജരായിരുന്നില്ല.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഫ്രാന്‍സിസ് ജൂഡ് നെറ്റോ, അഭിഭാഷകരായ അനന്തപദ്മനാഭന്, മായ കോടതിയില്‍ ഹാജരായി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.