|    Nov 25 Sat, 2017 7:36 am
FLASH NEWS

കൊട്ടിയം ജങ്ഷനിലെ ഗതാഗത കുരുക്ക്: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Published : 6th August 2017 | Posted By: fsq

 

കൊട്ടിയം: കൊട്ടിയം ജങ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്കായി എം നൗഷാദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം കൊട്ടിയം ജങ്ഷനിലെത്തി അടിയന്തരമായി ജങ്ഷനില്‍ നടപ്പിലാക്കേണ്ട പ്രവൃത്തികളെക്കുറിച്ച് വിശകലനം നടത്തി. ദേശീയപാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവുമാണ് ഇന്നലെ ഉച്ചയ്ക്ക് കൊട്ടിയം ജങ്ഷനിലെത്തിയത്.  ജങ്ഷനില്‍ റോഡിന്റെ ഇരുവശവും വീതികൂട്ടി ടാര്‍ ചെയ്യുകയും നടപ്പാതകള്‍ സ്ഥാപിക്കുകയും ജങ്ഷനില്‍ പുതിയ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുകയും ചെയ്താല്‍ കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പോലിസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീതി കൂട്ടി ടാര്‍ ചെയ്യേണ്ട സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു നിലവിലെ സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് റോഡിന് വീതി കൂട്ടി നടപ്പാത നിര്‍മിക്കുന്നതിനാവശ്യമായ തുകയുടെ എസ്റ്റിമേറ്റ് എടുത്തു നല്‍കുവാന്‍ എംഎല്‍എ ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കൊട്ടിയം ജങ്ഷന്‍ ചാത്തന്നൂര്‍, ഇരവിപുരം എന്നീ രണ്ട് മണ്ഡലങ്ങളിലായതിനാല്‍ ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി എസ് ജയലാല്‍ എംഎല്‍എയുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം നൗഷാദ് എംഎല്‍എ പറഞ്ഞു.  ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കൊട്ടിയം സി ഐ അജയ് നാഥ്,എസ് ഐ രതീഷ്, ദേശീയപാതാ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകല, അസി.എന്‍ജിനീയര്‍ ജിഷ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കബീര്‍,പളനി,മൂലക്കടകമറുദ്ദീന്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തമ്പി രവീന്ദ്രന്‍ എന്നിവര്‍ എംഎല്‍എയൊടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക