|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൊട്ടിയം അപകടം കണ്ണുതുറപ്പിച്ചുകെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കി

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സപ്തംബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ ഡ്രൈവര്‍മാരുടെ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. രാത്രികാലങ്ങളിലെ ദീര്‍ഘദൂര സര്‍വീസ് വിശ്രമമില്ലാതെ തുടര്‍ച്ചയായി ഓടിക്കേണ്ടി വരുന്നതിനാലാണ് ഏറ്റവുമധികം അപകടമുണ്ടാവുന്നതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. 2017 ല്‍ മാത്രം 1,712 കെഎസ്ആര്‍ടിസി ബസ് അപകടങ്ങളിലായി 202 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2018ല്‍ ഏഴുമാസം പിന്നിടുമ്പോള്‍ 749 അപകടങ്ങളിലായി 94 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇനി ഇത് ആവര്‍ത്തിക്കാനാവില്ല. നഷ്ടത്തില്‍ കൂപ്പുകുത്തുന്ന കോര്‍പറേഷന്‍ 2017ല്‍ മാത്രം 86 കോടി രൂപയാണ് അപകട ഇന്‍ഷുറന്‍സായി നല്‍കേണ്ടിവന്നത്. സപ്തംബര്‍ ഒന്നു മുതല്‍ എട്ടു മണിക്കൂര്‍ മാത്രമേ ഡ്രൈവറെ തുടര്‍ച്ചയായി ജോലിചെയ്യാന്‍ അനുവദിക്കൂ. ഇതില്‍ ഏഴു മണിക്കൂര്‍ മാത്രമേ സ്റ്റിയറിങ് കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ഇതിനായി ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന രീതിയില്‍ ഡ്യൂട്ടി ക്രമീകരിക്കും. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ടാവും. 500 ദീര്‍ഘദൂര സര്‍വീസാണ് നിലവിലുള്ളത്. തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി എന്നീ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് മാറ്റം നടപ്പാക്കുന്നത്. ആ ഡിപ്പോകളില്‍ എത്തുമ്പോള്‍ പകരം ജീവനക്കാരെ ബസ്സില്‍ തുടര്‍ സര്‍വീസ് ഏല്‍പ്പിക്കും. മതിയായ വിശ്രമത്തിനു ശേഷം ജീവനക്കാര്‍ ബസ് മടങ്ങിവരുമ്പോള്‍ വീണ്ടും ഡ്യൂട്ടി ഏറ്റെടുക്കും. ഈ ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമത്തിനുള്ള സൗകര്യമൊരുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ഡിടിഒ, എടിഒ എന്നിവര്‍ക്കായിരിക്കും. ജീവനക്കാരില്‍ 35 ശതമാനം വനിതകളാണ്.
അവര്‍ക്ക് വസ്ത്രങ്ങള്‍ മാറാനും മതിയായ വിശ്രമത്തിനും സൗകര്യമുണ്ടാവണം.യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കും. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് ഡ്രൈവര്‍ക്ക് കണ്ടക്ടര്‍ ഡ്യൂട്ടിക്ക് ആവശ്യമായ പരിശീലനം നല്‍കും. ഇപ്പോള്‍ തന്നെ 720 പേര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ബാഡ്ജ് നല്‍കുന്നതിന് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ജീവനക്കാരുടെ പുനര്‍വിന്യാസവും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss