|    Nov 21 Tue, 2017 2:29 am
FLASH NEWS

കൊട്ടിക്കലാശത്തിനിടെ ചെര്‍പ്പുളശ്ശേരിയിലും പുതുശ്ശേരിയിലും പട്ടാമ്പിയിലും സംഘര്‍ഷം

Published : 15th May 2016 | Posted By: SMR

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ ജില്ലയില്‍ പലയിടത്തും അക്രമം. പട്ടാമ്പിയിലും ചെര്‍പ്പുളശ്ശേരിയിലും പുതുശ്ശേരിയിലും സംഘര്‍ഷമുണ്ടായി. പുതുശ്ശേരിയില്‍ സിപിഎം ഓഫിസിന് നേരെയുണ്ടായ അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കുന്നേക്കാട് പ്രദീപിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ തലയ്ക്കാണ് പ്രദീപിന് പരിക്ക്. എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റ് വാഹനത്തിലെ മൈക്ക് ഓപ്പറേറ്ററായ മോഹനനും— പരിക്കേറ്റു.
മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിന്റെ മറവിലാണ് പുതുശ്ശേരി സെന്ററില്‍ ബിജെപി അക്രമം നടത്തിയത്. പാര്‍ട്ടി ഓഫിസിന് നേരെ കല്ലെറിഞ്ഞുകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത എല്‍ഡിഎഫ് പുതുശ്ശേരി ലോക്കല്‍ പ്രചാരണ സമാപനം നടക്കുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചുകയറി അക്രമം നടത്തിയത്.
മുക്കാല്‍ മണിക്കൂറോളം പോലിസ് നോക്കിനില്‍ക്കെ അക്രമികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതല്‍ ബിജെപി പ്രദേശത്ത് സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
വി എസ് അച്യുതാനന്ദന്റെ നൂറോളം പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചു. പനങ്ങാട്, മുക്രോണി ഭാഗങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണവാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ വന്ന ദിവസം കഞ്ചിക്കോട്ടെ എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസ് തകര്‍ത്തു. ഈസംഭവത്തിലെല്ലാം പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് എല്‍ഡിഎഫ് പറയുന്നു. അതേസമയം, കൊട്ടികാലാശത്തിന് പുതുശ്ശേരിയിലെത്തിയ മലമ്പുഴ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ വാഹനത്തിനു സിപിഎം ഓഫിസ് പരിസരത്തുനിന്ന് കല്ലെറിയുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തുറന്ന വാഹനത്തിലെ ലൈറ്റുകളും ഗ്ലാസും തകര്‍ന്നു.
മുതുവക്കോട് സ്വദേശി സന്തോഷ്, പുതുശ്ശേരി കാളാണ്ടിത്തറയിലെ സൂര്യപ്രകാശ്, സുജിത്ത്, കടുക്കാംകുന്നം സ്വദേശി രാജേഷ്, കഞ്ചിക്കോട്ടെ ഷണ്‍മുഖന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെര്‍പ്പുളശ്ശേരി: കൊട്ടിക്കലാശത്തിനിടെ ചെര്‍പ്പുളശ്ശേരിയില്‍ എല്‍ഡിഎഫ്-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കല്ലേറില്‍ ചെര്‍പ്പുളശ്ശേരി സി ഐ വര്‍ഗീസ് അലക്‌സാണ്ടര്‍ക്കും ലാത്തിച്ചാര്‍ജില്‍ 29 ഓളം പേര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5ഓടെയാണ് സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായത്.
കൊട്ടിക്കലാശത്തിനായി ബസ്സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയ ഇരുപാര്‍ട്ടികളും കൊടികള്‍ വീശുന്നതിനിടയില്‍ കൂട്ടിമുട്ടിയതിനെതുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം ഒഴിവാക്കാനായി സ്ഥലത്തുണ്ടായിരുന്ന കേന്ദ്രസേനയും പോലിസും ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിനിടെ നടന്ന കല്ലേറിലാണ് സി ഐക്ക് പരിക്കേറ്റത്.
ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള രണ്ട് കടകളുടെ ചില്ലുകളും സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തുവരുന്നതായും കേസെടുക്കുമെന്നും എസ് ഐ ചാക്കോ പറഞ്ഞു. സംഭവ സ്ഥലത്ത് കേന്ദ്രസേനയും പോലിസും ക്യാംപ് ചെയ്യുന്നുണ്ട്.
പട്ടാമ്പി: പോലിസ് അധികാരികളും തിരഞ്ഞെടുപ്പ് കമ്മീഷനും ഓരോ പാര്‍ട്ടിക്കും നിശ്ചയിച്ച സ്ഥലങ്ങള്‍ അവഗണിച്ച് കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ച സ്ഥലത്തേക്ക് ഇരച്ചു കയറിയാണ് പട്ടാമ്പിയില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. യുഡിഎഫിന് കലാശകൊട്ടിനു നിര്‍ണയിക്കപ്പെട്ടിരുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരമായിരുന്നു.
എന്നാല്‍, എസ്ഡിപിഐ ക്ക് നിശ്ചയിച്ചിരുന്ന പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് യു ഡിഎഫ് പ്രകടനവുമായി വന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതാണ് സംഘര്‍ഷം ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ച സമയപരിധി കഴിഞ്ഞും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ചട്ടലംഘനം നടത്തിയതിനുള്ള ക്ലിപ്പിങ് സഹിതം പരാതി കൊടുക്കാനും ആലോചിക്കുന്നതായി എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക